
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരേ സി.ജെ.പി. ശനിയാഴ്ച (നാളെ) നടത്താനിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇടപെട്ട് സുപ്രീംകോടതി. ഡൽഹിയിൽ മെട്രോ ട്രെയിൻ ഗതാഗതം പൂർണമായി തടയരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കി മെട്രോ, മറ്റ് ട്രെയിൻ സർവീസുകൾ എന്നിവ ഘടനാപരമായ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അധികൃതരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു.
സാധാരണ ജനങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്ന രീതിയിലും 'അനുപാതികതയുടെ തത്വംസ ( Principle of Proportionality)' പാലിച്ചുമായിരിക്കണം നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതെന്ന് സൊളിസിറ്റർ ജനറലും സമ്മതിച്ചിട്ടുണ്ട്. ഗതാഗത തടസ്സങ്ങളും വഴിതിരിച്ചുവിടലുകളും ജനങ്ങൾ കൃത്യമായി മനസ്സിലാക്കാൻ, പുതുക്കിയ നിയന്ത്രണങ്ങളും നിർദേശങ്ങളും പത്രങ്ങൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, മറ്റു മാധ്യമങ്ങൾ എന്നിവവഴി പരസ്യപ്പെടുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
പ്രതിഷേധക്കാരെക്കുറിച്ചോ ഏതെങ്കിലും പ്രത്യേക വ്യക്തികളെക്കുറിച്ചോ അല്ല തങ്ങളുടെ ആശങ്ക. സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യത്തെയും പൊതുഗതാഗത ഉപയോഗത്തെയും ബാധിക്കുന്ന വിഷയങ്ങളിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശത്തെയും പ്രക്ഷോഭകർക്ക് ഏർപ്പെടുത്തിയ വിലക്കുകളെയും സംബന്ധിച്ച് പ്രതിഷേധ സംഘാടകർക്ക് വേണമെങ്കിൽ പുതിയൊരു അടിയന്തര ഹർജി സമർപ്പിക്കാമെന്നും കൂട്ടിച്ചേർത്തു.
അതേസമയം നിയമപാലകർക്ക് ക്രമസമാധാന പരിപാലനത്തിനായി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അവകാശമുണ്ടെന്നും കോടതി അംഗീകരിച്ചു. എന്നാൽ അത് പരിധി വിടരുത്. എല്ലാവർക്കും സ്വന്തമായി കാറുകളോ സ്വകാര്യ വാഹനങ്ങളോ ഇല്ല. ഭൂരിഭാഗം ആളുകളും പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. ക്രമസമാധാനപ്രശ്‌നങ്ങൾ തടയാൻ ആവശ്യമായ മുൻകരുതലുകൾ മാത്രം സ്വീകരിക്കണം. ഈച്ചയെ കൊല്ലാൻ ചുറ്റിക ഉപയോഗിക്കുന്ന രീതിയിലുള്ള അമിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും അതോറിറ്റികളോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
Published: 09 Oct 2026, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented