ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ഥിയായ 17-കാരി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച വൈകീട്ടോടെ കരൂരിലെ വീട്ടിനുള്ളിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലൈംഗിക അതിക്രമത്തിന് ഇരയായെന്ന ആത്മഹത്യാ കുറിപ്പ് കുട്ടിയുടെ മുറിയില്‍ നിന്നു ലഭിച്ചതായി പോലീസ് പറഞ്ഞു. 

വെള്ളിയാഴ്ച വൈകീട്ട് പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സംഭവം. മുറിയില്‍ കയറി കതകടച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവസമയം കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ല. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ പുറത്തേക്ക് കാണാത്തതിനാല്‍ അയല്‍വാസിയായ യുവതി വീട്ടിലെത്തി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ കുട്ടിയുടെ അമ്മയെയും പോലീസിനേയും ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. 

തന്നെ പീഡിപ്പിച്ചത് ആരാണെന്ന് പറയാന്‍ പേടിയാണെന്ന് കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. കരൂര്‍ ജില്ലയില്‍ ലൈംഗിക അതിക്രമത്തിന് ഇരയായി ആത്മഹത്യ ചെയ്യുന്ന അവസാന പെണ്‍കുട്ടി താനാകണം. ഏറെക്കാലം ജീവിക്കണമെന്നും മറ്റുള്ളവരെ സഹായിക്കണമെന്നും ആഗ്രഹിച്ചിരുന്നു. എന്നാല്‍ എനിക്ക് പോകാന്‍ സമയമായി. കുടുംബത്തെ ഏറെ സ്‌നേഹിക്കുന്നതായും ആത്മഹത്യ ചെയ്യാനുള്ള കടുത്ത തീരുമാനമെടുത്തതില്‍ ക്ഷമ ചോദിക്കുന്നതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. 

കുട്ടിയുടെ പിതാവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിനുപിന്നാലെ മുത്തശ്ശിയും അടുത്ത ബന്ധുവും അടുത്തിടെ മരണപ്പെട്ടിരുന്നു. ഇതിനുശേഷം അമ്മയും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 

content highlights: 17-year-old girl hangs self in Tamil Nadu's Karur alleging sexual harassment