ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ അറസ്റ്റില്‍ കഴിയുന്ന ടീസ്ത സെതല്‍വാദ് നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. 

To advertise here,

ടീസ്റ്റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ രണ്ട് ദിവസംകൂടി വേണമെന്ന് ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ചു. ടീസ്ത സെതല്‍വാദ് ഇപ്പോള്‍ ജയിലിലാണെന്നും അവര്‍ ജയിലില്‍ തുടരണമോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ടെന്നും നിയുക്ത ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 

വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ടീസ്ത  ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗുജറാത്ത് ഹൈക്കോടതി ഹര്‍ജിയില്‍ നോട്ടീസ് അയച്ചെങ്കിലും സെപ്റ്റംബര്‍ 19-ന് കേള്‍ക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ തനിക്ക് ഇടക്കാലജാമ്യം അനുവദിക്കണമെന്നാണ് ടീസ്ത സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.