ലോകത്തെ സകലമാന കമ്യൂണിസ്റ്റ് നേതാക്കളും ചില ബുദ്ധിജീവികളും പറഞ്ഞത് പലതവണ കേട്ട് ചെറുപ്പത്തിലേ എന്റെ നെഞ്ചിൽ പതിഞ്ഞുപോയ സ്വപ്ന ദേശമായിരുന്നു, 'മധുര മനോഹര മനോജ്ഞ ചൈന'. ഇവിടെ എന്ത് മോശം സംഭവമുണ്ടായാലും 'ചൈനയിലിങ്ങനെയൊന്നുമല്ല. അവിടെ തേനും പാലും ഒഴുകുകയാണെന്ന്' പറഞ്ഞുനടന്നിരുന്ന ഒരുപാട് ക്യൂബാ മുകുന്ദന്മാർ എന്റെ നാട്ടിലുമുണ്ടായിരുന്നു. അന്നേ മനസ്സിലുറപ്പിച്ചതാണ് ചൈനയിൽ പോകണം, ആ നാട് കാണണം.

To advertise here,

പിന്നീട് അതിനുള്ള പാങ്ങായപ്പോൾ അവിടെപ്പോയി, ഒരു തവണയല്ല, രണ്ടുതവണ. അതുകൊണ്ടൊരു ഗുണമുണ്ടായി, ഇപ്പോഴത്തെ ക്യൂബാ മുകുന്ദന്മാർ മധുര മനോഹര മനോജ്ഞ ചൈനയെക്കുറിച്ച് പറയുമ്പോൾ ഞാൻ ചിരിക്കും; ചിരിച്ചുചിരിച്ച് കണ്ണിൽനിന്ന് വെള്ളംവരും. കാരണം രണ്ടുതവണയും ഞാൻ കണ്ടത് മനോജ്ഞ ചൈനയല്ല; മറിച്ച്, മഹാകവി വയലാർ പറഞ്ഞതുപോലത്തെ കുടില കുതന്ത്ര ഭയങ്കര ചൈനയാണ്.

ബെയ്ജിങ്ങിൽ ഞാൻ ആദ്യമായി ചെന്നിറങ്ങിയപ്പോൾ വലിയ കൊടുങ്കാറ്റും മഴയുമായിരുന്നു അവിടെ. എന്ത് പേമാരിയായാലും ടിയാനൻമെൻ സ്‌ക്വയർ സന്ദർശിക്കണമെന്ന് തീരുമാനിച്ചു. കാരണം ജനാധിപത്യത്തിനുവേണ്ടിയുള്ള ഏറ്റവും വലിയ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മണ്ണാണത്. ചൈനക്കാർ വലുപ്പത്തിൽ വിശ്വസിക്കുന്നവരാണെന്ന് തോന്നുന്നു. ഫോർബിഡൻ സിറ്റിയും ടിയാനൻമെൻ സ്‌ക്വയറും വൻമതിലുമെല്ലാം വലുപ്പംകൊണ്ടാണ് ഖ്യാതി നേടിയത്. പൊതുവേ ഉയരം കുറഞ്ഞവരായതു കൊണ്ടാവും ഇതെന്നുതോന്നുന്നു. ടിയാനൻമെൻ ഗേറ്റ് എന്നാൽ 'സ്വർഗീയ സമാധാനത്തിന്റെ കവാടം' എന്നാണത്രേ ചൈനീസ് ഭാഷയിൽ അർഥം. 1949-ൽ ചെയർമാൻ മാവോ ഇവിടെ വെച്ചാണ് ചൈനയെ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമായി പ്രഖ്യാപിക്കുന്നത്. 1989-ൽ ജനാധിപത്യത്തിന്റെ ആദ്യത്തെ മുറവിളി ഉയർന്നതും ഇതേയിടത്തുവെച്ചാണ്. ജൂൺ മൂന്നിനായിരുന്നു അത്. അന്ന് രാവിലെ പത്ത് മണിക്ക് നൂറുകണക്കിന് വിദ്യാർഥികൾ സൈക്കിളിൽ കൂട്ടമായി എത്തി. ഒരു ചെറുപ്പക്കാരൻ രക്തസാക്ഷി മണ്ഡപത്തിനുമുകളിൽ കയറി സംസാരിച്ചു. ചൈനയിൽ ജനാധിപത്യം പുലരുംവരെ സമരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. വിദ്യാർഥികൾ പിരിഞ്ഞുപോവാൻ മടിച്ചപ്പോൾ പട്ടാളടാങ്കുകളിൽനിന്ന് വെടിയുതിർത്തു. ജനക്കൂട്ടത്തിനുനേരെ ടാങ്കുകൾ ഓടിച്ചുകയറ്റി. മനുഷ്യർ ചതഞ്ഞരഞ്ഞു. ചൈനീസ് ദേശീയതയുടെ പ്രതീകമായ ഗേറ്റിന് മുന്നിൽ നിന്നപ്പോൾ എന്റെ കാതുകളിൽ ഈ ബൃഹത്തായ ചത്വരത്തിൽ പിടഞ്ഞുവീണ വിദ്യാർഥികളുടെയും ജനാധിപത്യവാദികളുടെയും നിലവിളികൾ പ്രതിധ്വനിച്ചു.

സത്യം പറഞ്ഞാൽ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചുവിശ്വസിക്കുന്ന ആളുകൾ ചൈനയിലിന്ന് തുലോം കുറവാണ് എന്നാണ് രണ്ട് സന്ദർശനങ്ങളിൽനിന്നും എനിക്ക് മനസ്സിലായത്. ലോകത്ത് ഏറ്റവും അധികം ജനങ്ങൾ വസിക്കുന്ന രാജ്യത്തെ ചെറിയൊരു വിഭാഗത്തിനേ പാർട്ടി അംഗത്വമുള്ളൂ. പാർട്ടിയെന്നത് ജനങ്ങൾക്ക് അപ്രാപ്യമായ ഒരു സങ്കല്പമാണെന്നാണ് അവരുമായി ഇടപഴകിയപ്പോൾ തോന്നിയത്. എന്റെ ധാരണ ചൈനയിലുള്ളവരെല്ലാം കമ്യൂണിസ്റ്റുകാരാണെന്നായിരുന്നു. അതുകൊണ്ട് അവിടെ കണ്ട പലരോടും ഞാൻ ചോദിച്ചു: ''ആർ യു എ കമ്യൂണിസറ്റ് ?'' എന്റെ ഗൈഡ് ലീഹോ ഉൾപ്പെടെ പലരും പറഞ്ഞത്: ''നോ, ഐ ആം എ ബുദ്ധിസ്റ്റ്'' എന്നായിരുന്നു. കമ്യൂണിസത്തിൽ വിശ്വസിക്കാത്ത ആളുകൾ ചൈനയിൽ ധാരാളമുണ്ട്.

ഞാൻ ചൈനയിൽ പോവുന്നതറിഞ്ഞ് നാട്ടിൽ നിന്നൊരു സുഹൃത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു കൊടി കൊണ്ടുവരണമെന്ന് പറഞ്ഞിരുന്നു. ഞാനവിടെ പല സ്ഥലത്തും തിരഞ്ഞിട്ടും ഒരു കൊടിപോലും എവിടെയും കണ്ടില്ല. എനിക്കുതോന്നുന്നു, കമ്യൂണിസ്റ്റ് പാർട്ടി തന്നെയാണല്ലോ ദശകങ്ങളായി ഭരിക്കുന്നത്. അവർക്ക് വേറെയാരോടും മത്സരിക്കേണ്ട ആവശ്യമില്ലാത്തതിനാൽ കൊടിവെച്ചുള്ള പ്രചാരണം വേണ്ടെന്നുവെച്ചതാവും എന്നാണ്. രണ്ടാംതവണ ചെന്നപ്പോഴും ഞാനതിനായി ശ്രമം നടത്തി. അന്വേഷിച്ചപ്പോൾ അത് കിട്ടാൻ പ്രയാസമാണെന്ന് പറഞ്ഞു. പക്ഷേ, ടിയാനൻമെൻ സ്‌ക്വയറിന് സമീപമുള്ള കടയിൽ ചൈനയുടെ ഒരു ദേശീയ പതാക കണ്ടു. അതു വാങ്ങി. കമ്യൂണിസ്റ്റ് പാർട്ടിയുടെ പതാകയ്ക്കുപകരം ചൈനീസ് നാഷണൽ ഫ്‌ളാഗ് അയാൾക്ക് കൊടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.

പിന്നെ തൊഴിലാളിവർഗ സർവാധിപത്യം- അതിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. ജോലിചെയ്യാൻ നിർബന്ധിക്കപ്പെടുന്നു എന്നതുകൊണ്ട് ഓരോ വർഷവും ലക്ഷക്കണക്കിനു പേർ മരിക്കുന്നു എന്ന് അവിടത്തെതന്നെ മനുഷ്യാവകാശപ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. തൊഴിലാളികൾക്ക് സ്വാതന്ത്ര്യമില്ല. സർവരാജ്യ തൊഴിലാളികളേ സംഘടിക്കുവിൻ എന്ന ആശയത്തിനുമേൽ കെട്ടിപ്പടുത്ത രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത് ഉചിതമാണോയെന്ന് എനിക്കറിയില്ല.

മുതലാളിതന്നെ പാർട്ടി സെക്രട്ടറി!

പാർട്ടിയംഗങ്ങളിൽ വലിയൊരു വിഭാഗം വൻപണക്കാരാണ് എന്ന് പലരും പറഞ്ഞു. ഒരാൾ കോടീശ്വരനായിക്കഴിഞ്ഞാൽ ഉടൻതന്നെ പാർട്ടിയഗംത്വത്തിന് അപേക്ഷിക്കും. ഇല്ലെങ്കിൽ പാർട്ടി തന്റെ സമ്പത്ത് തട്ടിക്കൊണ്ടുപോവുമോയെന്ന ഭയംതന്നെ കാരണം. എന്റെ സന്ദർശനത്തിനിടെ ഒരു ഫാക്ടറി സമുച്ചയത്തിനകത്ത് കയറി. അതിനുള്ളിൽ ഒരുപാട് കെട്ടിടങ്ങളൊക്കെയുണ്ട്. ഒരു കെട്ടിടത്തിൽ 'കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന' എന്നൊരു ബോർഡ് കണ്ടു. അന്വേഷിച്ചപ്പോൾ മനസ്സിലായി ഫാക്ടറിയുടെ ഉടമസ്ഥനാണ് അവിടത്തെ പാർട്ടി സെക്രട്ടറി! തന്റെ തൊഴിലാളികളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്താനുള്ള സൗകര്യത്തിന് അയാൾതന്നെ സെക്രട്ടറിയായതാണ്. ഏതെങ്കിലും തൊഴിലാളി എന്തെങ്കിലും കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചാൽ പിന്നെ അവനെ തീർത്തു കളയും.

ഈ പണക്കാർ തന്നെയാണ് ഇപ്പോൾ രാജ്യത്തിന്റെ നയങ്ങൾ രൂപവത്കരിക്കുന്നത്, ഭരണം നിയന്ത്രിക്കുന്നത്. അവർ ഭരണകർത്താക്കളെ തിരഞ്ഞെടുക്കും. അവിടെയുണ്ടായിരുന്ന എന്റെ സുഹൃത്ത് രാജേഷിന്റെ കമ്പനിയിൽ ജോലിചെയ്തിരുന്ന പെൺകുട്ടി എലനെ പരിചയപ്പെട്ടു. രാജേഷ് പറഞ്ഞു എലൻ പാർട്ടി അംഗമാണെന്ന്. ആദ്യമായായിരുന്നു ചൈനയിൽ വെച്ച്‌ ഒരു പാർട്ടി മെമ്പറെ പരിചയപ്പെടുന്നത്. എനിക്ക് താത്പര്യമായി. അന്വേഷിച്ചപ്പോൾ പറഞ്ഞു: ''ഡിഗ്രിക്ക് പൊളിറ്റിക്‌സ് എടുത്ത് പാസായി. അതുകാരണം മെമ്പർഷിപ്പ് കിട്ടി. 'ബിരുദത്തിനുവേണ്ടി കാറൽ മാർക്‌സിനെയും ലെനിനെയും ദാസ് ക്യാപിറ്റലിനെയും കുറിച്ചെല്ലാം പഠിച്ചുകാണുമല്ലേ?'' എന്നു ഞാൻ ചോദിച്ചു. അപ്പോൾ അവൾ രാജേഷിനെയും എന്നെയും മാറിമാറി നോക്കുന്നു. പിന്നെ മേലോട്ട് നോക്കുന്നു. അതിനെക്കുറിച്ചൊന്നും അവൾ കേട്ടിട്ടേയില്ല. പക്ഷേ, മാവോ, ചൗഎൻ ലായ് എന്നിവരെക്കുറിച്ചെല്ലാം അറിയാം.

സാധാരണജനങ്ങൾക്ക് പരിമിതമായ അവകാശങ്ങളും സ്വാതന്ത്ര്യവുമേയുള്ളൂ. അവർക്ക് ഗ്രാമസഭകളിലേ വോട്ടവകാശമുള്ളൂ. പ്രസിഡന്റിനെയോ പ്രധാനമന്ത്രിയോ തിരഞ്ഞെടുക്കുന്നതിൽ അവർക്ക് ഒരു പങ്കുമില്ല. അവിടെയുള്ള പലരോടും സംസാരിച്ചപ്പോൾ അവർ പറഞ്ഞത്, കമ്യൂണിസമൊന്നും ഇവിടെയില്ല. ഇതൊരു ക്യാപിറ്റലിസ്റ്റ് രാജ്യമാണ് എന്നാണ്. 1979-ൽ വൺ ചൈൽഡ് പോളിസി കൊണ്ടുവന്നു. ബെയ്ജിങ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിന് ചുക്കാൻ പിടിച്ച സിനിമാ സംവിധായകൻ ചിയാങ് ഈമോ ഈ നിയമത്തിന്റെ തിക്തഫലമനുഭവിച്ച വ്യക്തിയാണ്. അദ്ദേഹത്തിന് ഔദ്യോഗികമായി ഒരു കുഞ്ഞുമാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അദ്ദേഹത്തിന് മറ്റൊരു കാമുകിയിൽ വേറെയും രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്നു. അത് സർക്കാർ രേഖകളിൽ ഇല്ലായിരുന്നു. ഇത് കണ്ടുപിടിക്കപ്പെട്ടു വലിയ പ്രശ്‌നമായി. ആ കേസ് കോടതിയിലെത്തി. അദ്ദേഹം ശിക്ഷിക്കപ്പെട്ടു. നമ്മുടെ എട്ടുകോടി രൂപയ്ക്ക് തുല്യമായ തുകയായിരുന്നു പിഴ. ഈയടുത്ത കാലത്ത് രണ്ട് കുട്ടികളാവാമെന്ന് നിയമം വന്നിട്ടുണ്ട്. അങ്ങനെയൊരു മാറ്റത്തിന് കാരണമായത്, സ്ത്രീകളുടെ എണ്ണം വല്ലാതെ കുറഞ്ഞതാണ്. ജനിക്കുന്ന പെൺകുട്ടികളെ കൊന്നുകളയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ആക്ഷേപമുണ്ട്. ഇനി പറയൂ, ഇങ്ങനെയൊക്കെയുള്ള ചൈനയെ ലോകരാജ്യങ്ങൾ എങ്ങനെ അസൂയയോടെ നോക്കിക്കാണാതിരിക്കും?