തിരുവനന്തപുരം: അകക്കണ്ണിന്റെ വെളിച്ചത്തിൽ പ്രണയത്തിലായ അനീഷും മേരി അൽഫോൺസയും അന്താരാഷ്ട്ര കാഴ്ചപരിമിതിദിനാചരണത്തിന്റെ ഭാഗമായി ഒന്നിക്കുന്നു. നാലുവർഷത്തെ സൗഹൃദത്തിനും രണ്ടുവർഷത്തെ പ്രണയത്തിനുംശേഷം പരസ്പരം വെളിച്ചമാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത പൂന്തുറ സെയ്ന്റ് തോമസ് പള്ളിയിൽ ശനിയാഴ്ച സംഘടിപ്പിക്കുന്ന കാഴ്ചപരിമിതരുടെ സംഗമത്തിലാണ് ഇവരുടെ വിവാഹം ആശീർവദിക്കപ്പെടുന്നത്.

To advertise here,

10.30-ന് ഇരുവരും വിവാഹിതരാകും. കാഴ്ചപരിമിതിയുള്ള പെരിങ്ങമ്മല സ്വദേശി അനീഷും ആലപ്പുഴ സ്വദേശി മേരിയും 2019-ലാണ് കണ്ടുമുട്ടുന്നത്. പ്ലസ്ടു യോഗ്യതയുള്ള ഇരുവരും അമ്പലംമുക്കിൽ സ്ഥിതിചെയ്യുന്ന ജ്യോതിർഗമയ ഫൗണ്ടേഷന്റെ കംപ്യൂട്ടർ പരിശീലനകേന്ദ്രത്തിൽ പഠിക്കാനായെത്തിയതാണ് വഴിത്തിരിവായത്. മൂന്നു മാസങ്ങൾക്കുശേഷം ഇരുവഴികളിലേക്ക് പിരിഞ്ഞെങ്കിലും ഫോണിലൂടെ സൗഹൃദം തുടർന്നു. ഇതിനിടയിൽ എറണാകുളത്ത് ഇരുവരും കുറച്ചുനാൾ ജോലി ചെയ്തത് പ്രണയത്തിലേക്ക് നയിച്ചു. ഇരുവരുടെയും ചിന്താഗതികളും കാഴ്ചപ്പാടുകളും ഒരേ തരത്തിലാണെന്ന് മനസ്സിലായതോടെ ബന്ധം കൂടുതൽ ആഴത്തിലായി. ‘‘നമുക്ക് ഒരുമിച്ച് ജീവിച്ചാലോ’’യെന്ന് അനീഷ് ഒരു ദിവസം അപ്രതീക്ഷിതമായി ചോദിച്ചപ്പോൾ മേരിയും അതിന് സമ്മതം മൂളി. തുടർന്ന് പള്ളിവികാരി ഇടപെട്ട് സംസാരിക്കുകയും കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് ബന്ധം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

രണ്ടുപേരും കാഴ്ചപരിമിതിയുള്ളവരായതിനാൽ ഭാവിജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന കാര്യത്തിൽ മേരിയുടെ വീട്ടുകാർക്ക് ആദ്യഘട്ടത്തിൽ ആശങ്കയും എതിർപ്പും ഉണ്ടായിരുന്നു. എന്നാൽ, മേരിയുടെ കുടുംബത്തെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തതോടെ വീട്ടുകാർ പൂർണപിന്തുണ നൽകി. കാഴ്ചയുള്ള ഒരാളെ വിവാഹം കഴിക്കുന്നതിനേക്കാൾ, ഒരേ സാഹചര്യമുള്ള രണ്ടുപേർ ഒന്നിക്കുമ്പോൾ പരസ്പരം കൂടുതൽ മനസ്സിലാക്കാനും സ്വീകരിക്കാനും സാധിക്കുമെന്ന ചിന്തയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അനീഷ് പറയുന്നു. തങ്ങളുടെ ആഗ്രഹം സഫലമാകുന്നതിലും ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്നതിലും വലിയ സന്തോഷമുണ്ടെന്ന് മേരിയും കൂട്ടിച്ചേർക്കുന്നു. നിലവിൽ തൊഴിൽരഹിതരായ ഇരുവരും മത്സരപ്പരീക്ഷകൾക്കായി തയ്യാറെടുക്കുകയാണ്.