ചേര്‍ത്തല: കടക്കരപ്പള്ളി ചക്കനാട്ട് കെ. ഗീതാമണിക്ക് വയസ് 63. കൊച്ചുമകന്റെ കളരിപഠനത്തിനായി ഒരിക്കല്‍ കൂട്ടുപോയതാണ്. ആഴ്ചയില്‍ രണ്ടുദിവസം രണ്ടുമണിക്കൂര്‍ വീതം. ഒരിക്കല്‍ ഗുരുക്കള്‍ പറഞ്ഞു. 'വെറുതേ സമയം കളയേണ്ടാ. കുട്ടികള്‍ക്കൊപ്പം ചുവടുവെക്കാം. വ്യായാമവുമാകും'- മടുപ്പ് ഒഴിവാക്കാനായി നിര്‍ദേശം അനുസരിച്ചു. 'ഇരുന്നമര്‍ന്നും ഒഴിഞ്ഞുമാറിയും' രണ്ടരവര്‍ഷം കൊണ്ട് ഗീതാമണി അങ്കത്തട്ട് കീഴടക്കി. അതോടെ സംഗതി ഒരു വനിതാ വീരഗാഥയായി.

To advertise here,

ഗീതാമണി സ്‌കൂള്‍ പഠനകാലത്തുപോലും കായികമേഖലയില്‍ കാല്‍ കുത്തിയിട്ടില്ല. 2019-ല്‍ വില്‍പ്പന നികുതി വകുപ്പില്‍നിന്നു വിരമിച്ച ശേഷമാണ് കളം മാറുന്നത്. മകള്‍ ദീപ്തിയുടെ മകന്‍ യുവല്‍മിത്രയെ കളരിപഠനത്തിനു കൊണ്ടുപോയതു വഴിത്തിരിവായി.

കൊച്ചുമകന്‍ കളരിപഠനം വിട്ടെങ്കിലും അമ്മൂമ്മ തുടരുകയാണ്. ചുവടും കാലെടുപ്പും വീശുമുറയും ഒറ്റച്ചുവടും കടന്നിപ്പോള്‍ വടി പ്രയോഗത്തിലാണു പരിശീലനം. മുച്ചാണിലുള്ള അഭ്യാസപഠനം കടന്ന് കുറുവടിയിലേക്കു കടക്കുന്നു. അതിനുശേഷം ആയുധപരിശീലനം.

കളരിയില്‍ മെയ്വഴക്കം വളരെ പ്രധാനം. കുഞ്ഞുപ്രായത്തിലേ ശരീരത്തെ വഴക്കണം. ആ പരിമിതി മനസ്സിലാക്കിയാണ് പരിശീലനമെന്ന് ഗീതാമണി പറഞ്ഞു. അമിത രക്തസമ്മര്‍ദവും കൊളസ്‌ട്രോളും തൈറോയ്ഡും ശല്യക്കാരായി ഉണ്ടായിരുന്നു. അടവുകളിലൂടെ അവയെ പമ്പ കടത്തുകയാണ്.

വിവിധ രാജ്യങ്ങളില്‍ പരിശീലനം നല്‍കുന്ന ഹരികൃഷ്ണന്‍ ഗുരുക്കളുടെ പുന്നപ്ര കേന്ദ്രമായുള്ള ഏകവീര കളരി സംഘത്തിന്റെ കുറുപ്പംകുളങ്ങര ശാഖയിലാണു പരിശീലനം.

പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളാണിവിടെ കൂടുതലും. അവര്‍ക്കിടയിലാണ് പ്രായത്തെ തോല്‍പ്പിച്ച് ഗീതാമണി കച്ചമുറുക്കുന്നത്. മക്കളായ ദീപ്തി ശശിയും നിഥിന്‍ ശശിയും മരുമകന്‍ സുധീര്‍കുമാര്‍ മിശ്രയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.