'വീട് എന്തിനാണ്?'

To advertise here,

ചോദ്യം വളരെ ലളിതമെന്ന് തോന്നാം.

'താമസിക്കാൻ.'

'താമസിക്കാൻ മാത്രമാണോ?'

ശരിക്കും, 'വീട് എന്തിനാണ്?' എന്ന ചോദ്യത്തിനുള്ള ഓരോ ഉത്തരവും ഓരോ വീടുകളെയാണ് സൃഷ്ടിക്കുന്നത്.

ഒരാൾക്ക് വീട് വിശ്രമിക്കാനുള്ള ഇടമാണ്.

മറ്റൊരാൾക്ക് അത് അതിഥികളെ സ്വീകരിക്കാനുള്ള ഒരിടം.

ചിലർക്കത് കുട്ടികൾ വളരുന്ന ലോകമാണ്.

മറ്റുചിലർക്കോ ജോലിയും ജീവിതവും ഒന്നിക്കുന്ന ഒരിടം.

ഒരേ ചോദ്യത്തിന് ഇത്രയും വ്യത്യസ്തമായ ഉത്തരങ്ങളാണെങ്കിൽ, എല്ലാവർക്കും ഒരേ പ്ലാൻ മതിയാകുമോ?

തീർച്ചയായും അല്ല.

അതുകൊണ്ടാണ് ഒരു ആർക്കിടെക്ട് പ്ലാൻ വരയ്ക്കുന്നതിന് മുമ്പ് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ക്ലയന്റിനെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം തന്റെ ആവശ്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു.സ്ഥലം ഏകദേശം 4.5 സെന്റ് മാത്രമായിരുന്നു. പരിമിതമായ സ്ഥലത്ത് ആവശ്യമായ ഇടങ്ങളെല്ലാം ഉൾപ്പെടുത്തുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി.

'മൂന്ന് ബെഡ്‌റൂം വേണം. പിന്നെ പുറത്തുനിന്ന് കയറാൻ കഴിയുന്ന ഒരു ഓഫീസ് മുറിയും.'

ആവശ്യങ്ങളും സ്ഥലപരിമിതിയും കണക്കിലെടുക്കുമ്പോൾ, ഓഫീസ് മുകളിലായി കൊടുക്കുക എന്നത് സ്വാഭാവികമായ ഒരു തീരുമാനമായിരുന്നു. അതുകേട്ടാൽ അപ്പോൾത്തന്നെ പ്ലാൻ വരയ്ക്കാൻ തുടങ്ങാം. പക്ഷേ ഒരു പ്ലാൻ വരയ്ക്കുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ടായിരുന്നു.

'വീട്ടിൽ ഇപ്പോൾ എത്ര പേരാണ് താമസിക്കുന്നത്?'

'അച്ഛനും അമ്മയും നിങ്ങളോടൊപ്പമുണ്ടോ?'

'ഓഫീസിലേക്ക് ആളുകൾ കൂടുതലായും എപ്പോഴാണ് വരുന്നത്?'

'നിങ്ങൾ എപ്പോഴും വീട്ടിൽ നിന്നാണോ ജോലി ചെയ്യുന്നത്?'

'ഒരു അഞ്ച് വർഷത്തിന് ശേഷം ഓഫീസ് ടൗണിലേക്ക് മാറ്റാൻ സാധ്യതയുണ്ടോ?'

ഓരോ ഉത്തരവും അടുത്ത ചോദ്യത്തിലേക്ക് വഴിതുറന്നു. സംഭാഷണം മുന്നോട്ടുപോകുമ്പോൾ ആ കുടുംബത്തിന്റെ ജീവിതം പതിയെ മനസ്സിൽ തെളിഞ്ഞുതുടങ്ങി. ഓഫീസിലേക്ക് ആളുകൾ വരുന്നത് വൈകുന്നേരങ്ങളിൽ രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം. പക്ഷേ പ്രായമായ അമ്മയുടെ ദിവസത്തിന്റെ ഭൂരിഭാഗവും ഈ വീട്ടിലായിരിക്കും. വീട്ടിലുള്ളവർ ഓരോരുത്തരും അവരുടെ ജോലിക്കായി പുറത്തേക്കിറങ്ങിയാലും, ഈ വീടിനൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് അമ്മയായിരിക്കും. അപ്പോൾ മറ്റൊരു ചോദ്യം മുന്നിലെത്തി:

'ആരാണ് ഈ വീടിനൊപ്പം ഏറ്റവും കൂടുതൽ സമയം ജീവിക്കാൻ പോകുന്നത്?'

ആ ചോദ്യത്തിന്റെ ഉത്തരം പ്ലാനിനെ തന്നെ മാറ്റി. ആദ്യം പറഞ്ഞ ആവശ്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയിരുന്നെങ്കിൽ, ഓഫീസ് ഒന്നാം നിലയിൽ, പുറത്തുനിന്നുള്ള പ്രത്യേക ഗോവണിയോടെയായിരുന്നു. പക്ഷേ കൂടുതൽ മനസ്സിലാക്കിയപ്പോൾ, ഏറ്റവും കൂടുതൽ സമയം ഈ വീട്ടിനൊപ്പം ജീവിക്കാൻ പോകുന്ന അമ്മയുടെ സൗകര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് മനസ്സിലായി. അങ്ങനെ അവസാനം രൂപപ്പെട്ട ഡിസൈനിൽ താഴത്തെ നിലയിൽ അമ്മയ്ക്കായി നല്ല സൗകര്യമുള്ള ഒരു ബെഡ്‌റൂം നൽകി.

ഓഫീസ് മുറിയെ ആവശ്യമെങ്കിൽ ബെഡ്‌റൂമായി മാറ്റാൻ കഴിയുന്ന ഒരു ഫ്‌ലെക്‌സിബിൾ സ്‌പേസാക്കി. പ്ലാനിൽ മാറിയത് മുറികളുടെ സ്ഥാനം മാത്രമല്ല. ആ കുടുംബത്തിന്റെ ഇന്നത്തെ ആവശ്യങ്ങൾക്കൊപ്പം, നാളെയുടെ ചില സാധ്യതകൾക്കും അതിൽ ഇടമുണ്ടായി. പിന്നീട് പല കുടുംബങ്ങളുമായി സംസാരിച്ചപ്പോഴും ഇതേ കാര്യം വീണ്ടും വീണ്ടും അനുഭവപ്പെട്ടു. ആദ്യ മീറ്റിംഗിൽ ക്ലയന്റ് പറയുന്ന ആവശ്യങ്ങൾ പലപ്പോഴും ഒരു വീടിന്റെ മുഴുവൻ കഥയല്ല. അത് ആദ്യത്തെ അധ്യായം മാത്രമാണ്. ബാക്കി അധ്യായങ്ങൾ പിന്നീടുള്ള സംഭാഷണങ്ങളിലൂടെ പതിയെ തുറന്നു വരും. അതുകൊണ്ടാണ് ഒരു ആർക്കിടെക്ടിന്റെ ചോദ്യങ്ങൾ ബെഡ്‌റൂമുകളുടെ എണ്ണത്തിൽ അവസാനിക്കാത്തത്.

രാവിലെ ആദ്യം എഴുന്നേൽക്കുന്നത് ആരാണ്?

വീട്ടിലേക്ക് അതിഥികൾ എങ്ങനെയാണ് വരാറുള്ളത്?

പത്ത് വർഷത്തിന് ശേഷം ഈ വീട്ടിൽ ആരൊക്കെയായിരിക്കും ഉണ്ടാവുക?

കുട്ടിക്കാലത്ത് മറക്കാൻ കഴിയാത്ത ഒരു വീടോ ഇടമോ ഇന്നും ഓർമ്മയിലുണ്ടോ?

ഇത്തരം ചോദ്യങ്ങൾക്ക് വീടിന്റെ പ്ലാനുമായി നേരിട്ട് ബന്ധമില്ലെന്ന് തോന്നാം. പക്ഷേ അവയുടെ ഉത്തരങ്ങൾ പിന്നീട് പല ഡിസൈൻ തീരുമാനങ്ങളെയും സ്വാധീനിച്ചേക്കാം.

ആരാണ് രാവിലെ ആദ്യം എഴുന്നേൽക്കുന്നത് എന്നത് ഒരു മുറിയുടെ സ്ഥാനം പോലും മാറ്റിയേക്കാം.

വീട്ടിലേക്ക് അതിഥികൾ എങ്ങനെയാണ് വരുന്നത് എന്നത് പ്രവേശനത്തിന്റെ സ്വഭാവം മാറ്റിയേക്കാം.

പത്ത് വർഷത്തിന് ശേഷം വീട്ടിൽ ആരൊക്കെയുണ്ടാകും എന്ന ചോദ്യത്തിന്റെ ഉത്തരം ഇന്ന് തന്നെ ചില ഭാഗങ്ങൾ പ്ലാൻ ചെയ്യുന്നതിനെ സ്വാധീനിക്കാം. അങ്ങനെ നോക്കുമ്പോൾ ഒരു ചോദ്യം തന്നെ ചിലപ്പോൾ ഒരു ചുമരിന്റെ സ്ഥാനം തീരുമാനിക്കും.

ഒരു കുടുംബം ആദ്യമായി ഒരു ആർക്കിടെക്ടിനെ കാണുമ്പോൾ അവർ പലപ്പോഴും പറയുന്നത് അവരുടെ ആഗ്രഹങ്ങളാണ്. സംഭാഷണം മുന്നോട്ടുപോകുമ്പോൾ പതിയെ പുറത്തുവരുന്നത് അവരുടെ ജീവിതമാണ്. അപ്പോഴേക്കും മാറുന്നത് പ്ലാൻ മാത്രമല്ല. വീടിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും കൂടിയാണ്.

ഒരു വീട് നിശ്ചലമായ ഒന്നല്ല. ജീവിതം മാറുന്നതിനനുസരിച്ച് വീടിനുള്ളിലെ അർഥങ്ങളും മാറിക്കൊണ്ടിരിക്കും. കുട്ടികൾ വളരും. പ്രായമായവർക്ക് കൂടുതൽ കരുതൽ ആവശ്യമായി വരും. ജോലിയുടെ രീതികൾ മാറും.വീട്ടിലേക്ക് വരുന്ന ആളുകൾ മാറും. ഇന്നൊരു ആവശ്യം നിറവേറ്റുന്ന ഇടം നാളെ മറ്റൊരു ആവശ്യത്തിനായി മാറിയേക്കാം. അങ്ങനെ അവിടെ നടക്കുന്ന ഓരോ ദിവസവും അതിന് പുതിയ അർഥങ്ങൾ നൽകിക്കൊണ്ടിരിക്കും. ആദ്യത്തെ ചർച്ചകളിൽ വീടെന്നാൽ അവർക്ക് ഒരു അർഥമായിരിക്കും. പ്ലാൻ പൂർത്തിയാകുമ്പോഴേക്കും അത് മറ്റൊന്നായി മാറും. ആ വീട്ടിൽ ജീവിതം തുടങ്ങുമ്പോൾ വീണ്ടും അത് മാറും.

''വീട് എന്തിനാണ്?'' എന്ന ചോദ്യത്തിനുള്ള ഉത്തരം പോലും കാലത്തിനൊപ്പം മാറിക്കൊണ്ടിരിക്കും.

അതുകൊണ്ടാണ് ഒരു വീട് ഡിസൈൻ ചെയ്യുമ്പോൾ''എത്ര ബെഡ്‌റൂം വേണം?'' എന്ന ചോദ്യത്തിൽ മാത്രം ഒതുങ്ങാത്തത്.

ചിലപ്പോൾ അത് ഒരു വളരെ ലളിതമായ ചോദ്യത്തിൽ നിന്നായിരിക്കും തുടങ്ങുന്നത്:

''നിങ്ങൾ എങ്ങനെയാണ് ജീവിക്കുന്നത്?''

ആ ചോദ്യത്തിനുള്ള ഉത്തരങ്ങൾ കേൾക്കുമ്പോഴാണ് ഒരു വീടിന്റെ യഥാർത്ഥ രൂപം പതിയെ പുറത്തുവരുന്നത്.

ഒടുവിൽ വരയ്ക്കുന്നത് ഒരു പ്ലാൻ മാത്രമല്ല...

ആ കുടുംബം ജീവിക്കാൻ പോകുന്ന അടുത്ത അധ്യായം കൂടിയാണ്.