വീടിനുള്ളിലെ ഇടങ്ങൾ മാത്രമല്ല, വീടിനു പുറത്തുള്ള ചുറ്റുപാടുകളും കുട്ടികളുടെ ലോകത്തിന്റെ ഭാഗമാണ്

'ചോണനുറുമ്പിനു വഴിയിൽ കാണും
കല്ലൊരു പർവതമാകുന്നു
വലിയൊരു തുമ്പപ്പൂച്ചെടി മാനം
മുട്ടണ മാമരമാകുന്നു...'
പി. മധുസൂദനന്റെ ഈ കവിതാശകലം പണ്ട് ചെറിയ ക്ലാസ്സിൽ പഠിച്ചതാണ്. ഇപ്പോൾ ഓർമ്മ വന്നതിന് ഒരു കാരണമുണ്ട്. നമ്മുടെ വീടുകളിലും ചോണനുറുമ്പിന്റെ ഈ ലോകം തീർക്കുന്ന മറ്റൊരു കൂട്ടരുണ്ട്. നമ്മുടെ കുട്ടികൾ. ഒരു രസത്തിന് നമുക്ക് നമ്മുടെ കുട്ടികളുടെ കണ്ണിലൂടെ വീടിനെ ഒന്ന് നോക്കിയാലോ?
നമ്മൾ ദിവസവും കാണുന്ന അതേ വീടുതന്നെയാണത്. അതേ മേശ, കസേര, കോണിപ്പടികൾ, മുറ്റം, ജനൽ. പക്ഷേ, അവിടെ എന്തൊക്കെയോ മാറിയിരിക്കുന്നു.
ഡൈനിങ് ടേബിളിനടിയിൽ ഒരു ചെറിയ വീടുണ്ട്. കോണിപ്പടികൾ കയറിക്കയറിപ്പോകാവുന്ന മലനിരകളാണ്. ജനലിലൂടെ കാണുന്ന മഴ മറ്റൊരു ലോകത്തേക്കുള്ള കാഴ്ചയാണ്. മുറ്റത്തെ ചെറിയ വെള്ളക്കെട്ട് ഒരു വലിയ കുളവും. നമ്മൾ കാണുന്ന വീടല്ല കുട്ടി കാണുന്നത്. ഒരുപക്ഷേ, നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു വീട് കുട്ടി അവിടെ കണ്ടെത്തുന്നുണ്ട്. നമ്മൾ ഓരോ ഇടത്തിനും ഓരോ ഉപയോഗം നിശ്ചയിക്കുമ്പോൾ, കുട്ടികൾ പലപ്പോഴും അതിനപ്പുറമുള്ള സാധ്യതകളാണ് കണ്ടെത്തുന്നത്. ഡൈനിങ് ടേബിൾ ഭക്ഷണം കഴിക്കാനുള്ള ഇടം മാത്രമല്ല അവർക്ക്. അതിനടിയിൽ ഒളിച്ചിരിക്കാം, കൂട്ടുകാരോടൊപ്പം ഒരു ചെറിയ ലോകം തീർക്കാം. വീടിനുള്ളിലെ ഓരോ ഇടത്തിനും വസ്തുക്കൾക്കും കളിക്കുന്ന സന്ദർഭത്തിനനുസരിച്ച് അവർ പുതിയ അർത്ഥങ്ങൾ നൽകുന്നു.
ഒരു മുറിയുടെ ഉപയോഗം പോലും കുട്ടികളുടെ കളിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. സ്വീകരണമുറി ഒരു റെസ്റ്റോറന്റാകാം, അടുക്കള ആശുപത്രിയാകാം, കിടപ്പുമുറി സ്പായാകാം, ഡൈനിങ് മുറി സ്കൂളാകാം. കൈയിലുള്ള റിമോട്ട് ഒരു ബോംബായും കീചെയിൻ കത്തിയായും മാറാം. അതിന് ആ വസ്തുക്കളുടെ യഥാർത്ഥ രൂപമോ ഉപയോഗമോ തടസ്സമാകുന്നില്ല. കളിയുടെ ലോകത്ത് എന്തായിരിക്കണം എന്നത് കുട്ടികളാണ് തീരുമാനിക്കുന്നത്.
ഇതിൽ വീടിന്റെ തറയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. കളിപ്പാട്ടങ്ങൾ മുഴുവൻ തറയിൽ നിരത്തിയിട്ട് അവയ്ക്കിടയിൽ ഇരുന്ന് കളിക്കുന്ന കുട്ടികളെ കണ്ടിട്ടില്ലേ? മുതിർന്നവർക്ക് അത് അലങ്കോലമായി തോന്നിയേക്കാം. എന്നാൽ കുട്ടിക്ക് അതൊരു വലിയ കളിസ്ഥലമാണ്. ഒരേസമയം പല വസ്തുക്കളും മുന്നിൽ കാണാം. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം, ഒന്നിനോടൊന്ന് ചേർക്കാം, കളിയുടെ സ്വഭാവം മാറുന്നതിനനുസരിച്ച് എല്ലാം മാറ്റിവെക്കാം. ഒരു ചെറിയ മേശയിലോ നിശ്ചയിച്ചുവെച്ച കളിസ്ഥലത്തോ ലഭിക്കാത്ത സ്വാതന്ത്ര്യം തറയിൽ ലഭിക്കുന്നുണ്ട്.
ചുമരുകളും കുട്ടികൾക്ക് മറ്റൊരു സാധ്യത തുറന്നുകൊടുക്കുന്നു. വരച്ചും കുത്തിവരച്ചും സ്വന്തം ഭാവനയിലെ രൂപങ്ങൾ പകർത്തിയും മാറ്റാവുന്ന ഒരു വലിയ ക്യാൻവാസായി അവർക്ക് ചുമരുകളെ കാണാം. എന്നാൽ കോണിപ്പടികളോ? മുതിർന്നവർക്ക് അത് ഒരു നിലയിൽനിന്ന് മറ്റൊരു നിലയിലേക്കുള്ള വഴിയാണെങ്കിൽ കുട്ടികൾക്ക് ഓരോ പടിയും കയറുമ്പോൾ കാഴ്ച മാറുന്ന ഒരു യാത്രയാണ്. ഒരേ മുറിയും ജനലും ഫർണിച്ചറുകളും മറ്റൊരു ഉയരത്തിൽനിന്ന് കാണുമ്പോൾ അവയ്ക്ക് പുതിയ ഭാവം ലഭിക്കുന്നു. അതേസമയം, ചെറിയ കുട്ടികളുടെ ഈ കൗതുകം സുരക്ഷിതമായ മേൽനോട്ടത്തോടെയായിരിക്കണം.
ജനലുകളും വാതിലുകളും അങ്ങനെതന്നെ. മുതിർന്നവർ ജനലിനെ വെളിച്ചവും വായുവും പുറത്തേക്കുള്ള കാഴ്ചയും ലഭിക്കുന്ന ഇടമായി കാണുമ്പോൾ, കുട്ടികൾക്ക് അതിന് വേറെയും ചില ഉപയോഗങ്ങളുണ്ട്. പുറത്തുകൂടി പോകുന്ന വാഹനങ്ങളെയും മനുഷ്യരെയും നോക്കിയിരിക്കാം. ജനൽക്കമ്പികളിൽ തട്ടിനോക്കി ശബ്ദമുണ്ടാക്കാം. കളിപ്പാട്ടങ്ങൾ തൂക്കിയിടാം. വാതിൽപ്പടികളിൽ ഇരുന്ന് കളിക്കുന്ന കുട്ടികളെയും കാണാം. മുതിർന്നവർക്ക് അത് അകത്തേക്കും പുറത്തേക്കുമുള്ള വഴിയാണെങ്കിൽ, കുട്ടികൾക്ക് കുറച്ചുനേരം ഇരിക്കാനും കളിക്കാനും പറ്റുന്ന ഒരിടമായിരിക്കാം.
ഇന്നത്തെ കുട്ടികൾക്ക് ഓരോ കാര്യത്തിനും പ്രത്യേകം കളിപ്പാട്ടങ്ങളുണ്ട്. അടുക്കള സെറ്റുകൾ, ഡൈനിങ് സെറ്റുകൾ, വാഹനങ്ങൾ, വീടുകൾ തുടങ്ങി യഥാർത്ഥ വസ്തുക്കളുടെ ചെറിയ പതിപ്പുകൾ. അവയുപയോഗിച്ച് മുതിർന്നവരുടെ പ്രവർത്തനങ്ങൾ അനുകരിച്ച് കളിക്കാം. ഇത്തരം കളിപ്പാട്ടങ്ങൾ കുട്ടികളുടെ ഭാവനയെ തടയുന്നു എന്നല്ല. എന്നാൽ അവയിൽ പലതും ഒരു രൂപവും ഉപയോഗവും നേരത്തേ നിശ്ചയിച്ചുവെക്കുന്നുണ്ട്.
പഴയകാലത്തെ കുട്ടികളുടെ കളികൾ ഒന്ന് ഓർത്തുനോക്കൂ. കുറച്ച് ഇലകളും കല്ലുകളും ചില്ലകളും മണ്ണുമൊക്കെ ചേർത്താൽ അവർക്ക് ഒരു അടുക്കളയായി. പക്ഷേ ആ അടുക്കളയ്ക്ക് ഒരു നിശ്ചിത രൂപമുണ്ടായിരുന്നില്ല. ഓരോ കുട്ടിയും അവരുടേതായ രീതിയിൽ അതുണ്ടാക്കി. ഒരാളുടെ അടുക്കള മറ്റൊരാളുടേതിൽ നിന്ന് രൂപത്തിലും വലുപ്പത്തിലും നിറത്തിലും ഉപയോഗത്തിലും വ്യത്യസ്തമായിരുന്നു. എന്താണ് പാകം ചെയ്യുന്നത്, ഏത് ഇലയാണ് പാത്രം, ഏതാണ് അടുപ്പ് എന്നൊക്കെ അവർ തന്നെയാണ് തീരുമാനിച്ചത്.
അവിടെ കളിപ്പാട്ടം മാത്രമല്ല, കളിയുടെ ലോകം തന്നെ കുട്ടികൾ സൃഷ്ടിക്കുകയായിരുന്നു. ചുറ്റുമുള്ള വസ്തുക്കൾക്ക് പുതിയ അർത്ഥം നൽകാനും ഇല്ലാത്ത ഒന്നിനെ സങ്കൽപ്പിച്ച് ഉണ്ടാക്കാനും അവർക്ക് അവസരം ലഭിച്ചു. ഒരു കളിപ്പാട്ടം കളിയുടെ തുടക്കമാകുമ്പോൾ, ചുറ്റുപാടുകളിൽ നിന്ന് കണ്ടെത്തുന്ന വസ്തുക്കൾ ചിലപ്പോൾ കളിയുടെ ഭാഗം മാത്രമല്ല, കളിയുടെ സൃഷ്ടിതന്നെയാകുന്നു.
ഇവിടെയാണ് ഒരു വീടിന്റെ രൂപകൽപ്പനയെക്കുറിച്ചും ചിന്തിക്കേണ്ടത്. ഒരു ഇടം രൂപകൽപ്പന ചെയ്യുമ്പോൾ അതിന്റെ ഉപയോഗം നമ്മൾ മുൻകൂട്ടി തീരുമാനിക്കാറുണ്ട്. ഇരിക്കാൻ ഒരു മുറി, ഭക്ഷണം കഴിക്കാൻ മറ്റൊന്ന്, ഉറങ്ങാൻ കിടപ്പുമുറി. ഓരോ ഇടത്തിനും അതിന്റേതായ ധർമ്മം. എന്നാൽ കുട്ടികൾ ഈ വിഭജനങ്ങൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നില്ല. അവർക്ക് ഒരു ഇടം മറ്റെന്തെങ്കിലുമാകാം. അതുകൊണ്ടുതന്നെ ഒരു വീടിന്റെ രൂപകൽപ്പനയിൽ ഓരോ ആവശ്യത്തിനും ഓരോ ഇടം ഒരുക്കുന്നതിനൊപ്പം, മുൻകൂട്ടി നിർവചിക്കാത്ത ചില സാധ്യതകൾക്കുകൂടി ഇടം നൽകേണ്ടതുണ്ട്.
ഇത്തരം ചിന്തകൾ ഓർമ്മിപ്പിക്കുന്ന ഒരു വായനാനുഭവം കൂടിയുണ്ട്. ബി. വി. ദോഷിയുടെ ആത്മകഥയായ Paths Uncharted വായിച്ചപ്പോൾ അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ ചില ഓർമ്മകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. വീടും അതിലെ ഇടങ്ങളും ഒരേപടി നിലനിൽക്കേണ്ടവയല്ലെന്നും, മനുഷ്യരുടെ ആവശ്യങ്ങൾക്കും ജീവിതത്തിനുമനുസരിച്ച് അവ മാറിക്കൊണ്ടിരിക്കാമെന്നും ഓർമ്മിപ്പിക്കുന്ന അനുഭവങ്ങളായിരുന്നു അവ.
വീടിനുള്ളിലെ ഇടങ്ങൾ മാത്രമല്ല, വീടിനു പുറത്തുള്ള ചുറ്റുപാടുകളും കുട്ടികളുടെ ലോകത്തിന്റെ ഭാഗമാണ്. മണ്ണും വെള്ളവും ചെടികളും ചെറിയ ജീവികളുമൊക്കെ അവരിൽ പലതരം കൗതുകങ്ങൾ സൃഷ്ടിക്കുന്നു. ചിലപ്പോൾ വഴിയിൽ കുടുങ്ങിയ ചിത്രശലഭത്തെ രക്ഷിക്കാൻ ശ്രമിക്കും. മറ്റുചിലപ്പോൾ അതിനെ ഉപദ്രവിച്ചേക്കാം. പുഴുക്കളെ കൗതുകത്തോടെ നിരീക്ഷിക്കും; ചിലന്തിയെ കാണുമ്പോൾ പേടിച്ച് മാറിനിൽക്കും. പെറുക്കിയെടുത്ത ഇലകളും പൂക്കളും കല്ലുകളും സൂക്ഷിച്ചുവെക്കും. മഴവെള്ളം ഒഴുകിപ്പോകുന്ന വഴിയിലൂടെ നടക്കും. വെള്ളക്കെട്ടുകളിൽ ചാടിക്കളിക്കും. മണ്ണുകൊണ്ട് വീടുകളുണ്ടാക്കും. ചിലപ്പോൾ തവളകൾക്കും ഞണ്ടുകൾക്കും ഉറുമ്പുകൾക്കുമൊക്കെ വീടുണ്ടാക്കിക്കൊടുക്കും.
ഇതൊന്നും വെറുമൊരു കളി മാത്രമല്ല. ചുറ്റുമുള്ള ലോകത്തെ തൊട്ടറിയാനും നിരീക്ഷിക്കാനും അതുമായി ഇടപെടാനുമുള്ള അവസരങ്ങളാണ്. ഒരു ഇല അവർക്ക് ഭക്ഷണമാകാം, പാത്രമാകാം, വീടിന്റെ മേൽക്കൂരയാകാം. ഒരു കല്ല് കളിയുടെ ഭാഗമാകാം, ഒരു ചെറിയ നിധിയാകാം. മഴ പെയ്യുമ്പോൾ മുറ്റത്തിന്റെ രൂപം മാറുന്നു. വെള്ളം കെട്ടിനിൽക്കുമ്പോൾ അതൊരു പുതിയ കളിസ്ഥലമാകുന്നു. ചുറ്റുപാടുകൾ ഓരോ ദിവസവും പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്നു.
എന്നാൽ ഇത്തരം അനുഭവങ്ങൾ എല്ലാ കുട്ടികൾക്കും ഒരുപോലെ ലഭിക്കണമെന്നില്ല. സ്വന്തമായി കുറച്ച് തുറസ്സായ സ്ഥലമുള്ള വീടുകളിൽ മണ്ണും വെള്ളവും ചെടികളും ചെറിയ ജീവികളുമൊക്കെയായുള്ള ഇടപെടലുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാം. നഗരങ്ങളിലെ ഫ്ലാറ്റുകളിലും ചെറിയ പ്ലോട്ടുകളിലുമുള്ള കുട്ടികൾക്ക് ഇത്തരം അവസരങ്ങൾ പലപ്പോഴും പരിമിതമായിരിക്കാം. അവിടെ കമ്മ്യൂണിറ്റി പാർക്കുകളും കളിസ്ഥലങ്ങളും മറ്റു പൊതുഇടങ്ങളുമാണ് കുട്ടികളുടെ പുറംലോകം. ഓരോ സാഹചര്യത്തിനും അതിന്റേതായ സാധ്യതകളുണ്ട്. എന്നാൽ കുട്ടികൾക്ക് സ്വാഭാവികമായി ചുറ്റുപാടുകളെ നിരീക്ഷിക്കാനും തൊട്ടറിയാനും പരീക്ഷിക്കാനും കഴിയുന്ന അവസരങ്ങൾ എത്രത്തോളമുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ഒരിക്കൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ കണ്ട ഒരു കാഴ്ചയുണ്ട്. ഒരു വീടിന്റെ വശത്തെ മുറ്റത്ത് ഒരു അമ്മയും കുഞ്ഞും ഇരിക്കുന്നു. കുഞ്ഞിന് എട്ടുമാസമോ ഒരു വയസ്സോ പ്രായം കാണും. അവർ ഇരിക്കുന്നിടത്ത് കുറച്ച് പച്ചപ്പുല്ലുണ്ട്. എന്നാൽ ചുറ്റുപാടും വെറുതെ വന്നിരുന്ന് സമയം ചെലവഴിക്കാൻ പറ്റിയ ഒരിടമായി തോന്നിയില്ല. ഒരിടത്ത് തുണി ഉണക്കാനിട്ടിരിക്കുന്നു. അടുത്ത് ഒരു അലക്കുകല്ലുണ്ട്. മറ്റൊരിടത്ത് വിറക് കൂട്ടിയിട്ടിരിക്കുന്നു.
എനിക്ക് ആകാംക്ഷയായി. ഒന്ന് കൂടി എത്തിവലിഞ്ഞു നോക്കിയപ്പോഴാണ് കാര്യം മനസ്സിലായത്. അടുത്തുള്ള പട്ടിക്കൂട് കുഞ്ഞിന് കാണിച്ചുകൊടുത്തുകൊണ്ടാണ് അമ്മ ഭക്ഷണം കൊടുക്കുന്നത്. കുഞ്ഞും പട്ടിയും പരസ്പരം ശബ്ദമുണ്ടാക്കി ആശയവിനിമയം നടത്തുന്നതുപോലെ തോന്നി. ആ കാഴ്ച എനിക്ക് വളരെ രസകരമായി തോന്നി.
എന്തുകൊണ്ടായിരിക്കും മുൻവശത്തെ മനോഹരമായ മുറ്റവും ഇരിപ്പിടങ്ങളും ഒഴിവാക്കി അവർ ഈ ഇടം തിരഞ്ഞെടുത്തത്? ഒരുപക്ഷേ, പട്ടിയെ കാണിച്ചുകൊടുത്താൽ കുഞ്ഞ് സന്തോഷത്തോടെ ഭക്ഷണം കഴിക്കുമെന്നത് അമ്മ കണ്ടെത്തിയതാകാം. അങ്ങനെ ആ ഇടം അവരുടെ പതിവിന്റെ ഭാഗമായി മാറിയതുമാകാം. ഒരു സാധാരണ വീട്ടുപരിസരത്തിലെ ഈ ചെറിയ ഇടം ആ കുഞ്ഞിന് കൗതുകം നിറഞ്ഞ ഒരിടമായി മാറിയിരിക്കുന്നു. ഒരു ഇടത്തിന്റെ പ്രാധാന്യം അതിന്റെ ഭംഗിയിലോ ഒരുക്കങ്ങളിലോ മാത്രമല്ല, അവിടെ നടക്കുന്ന ചെറിയ അനുഭവങ്ങളിലുമാണെന്ന് ഈ കാഴ്ച ഓർമ്മിപ്പിച്ചു.
കുട്ടികൾക്ക് അവരുടേതായ കളിയിടങ്ങൾ ആവശ്യമാണെന്നതുപോലെ തന്നെ, കുടുംബത്തിലെ മറ്റുള്ളവർക്കൊപ്പം സമയം ചെലവഴിക്കാനുള്ള ഇടങ്ങളും പ്രധാനമാണ്. അടുക്കളയിൽ അമ്മ പാചകം ചെയ്യുമ്പോൾ അടുത്തുനിന്ന് കളിക്കുന്ന കുട്ടികൾ, മുതിർന്നവർ സംസാരിക്കുന്ന സ്വീകരണമുറിയിൽ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന കുട്ടികൾ - പലപ്പോഴും അവർക്ക് വേണ്ടത് സ്വന്തമായി ഒരു മുറിയല്ല, മറ്റുള്ളവരുടെ ജീവിതത്തിന്റെ ഭാഗമാകാനുള്ള അവസരമാണ്. അങ്ങനെ, വീടിന്റെ ഇടങ്ങൾ ഓരോരുത്തർക്കായി വേർതിരിക്കപ്പെട്ടവയായി മാത്രം നിലനിൽക്കാതെ, കുടുംബാംഗങ്ങൾ ഒരുമിച്ച് പങ്കിടുന്ന ഇടങ്ങളായി മാറുന്നു.
ഇതിന്റെ മനോഹാരിത മനസ്സിലാക്കിയ മറ്റൊരു അനുഭവം ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നാണ്. ഒരു കയറ്റം കയറി വേണം ആ വീട്ടിലെത്താൻ. കയറി ചെല്ലുമ്പോൾ കണ്ട കാഴ്ച രസകരമായിരുന്നു. കുട്ടികളും മുതിർന്നവരുമെല്ലാം കൂടി ബേബി മെറ്റൽ വിരിച്ച മുറ്റത്ത് പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നു. ആകെക്കൂടി ഒരു ഉത്സവപ്രതീതി!
സംഭവം മനസ്സിലായപ്പോൾ ചിരിച്ചു വശം കെട്ടു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ വിളിച്ചപ്പോൾ കൂട്ടത്തിലൊരാൾക്ക് പിക്നിക്കിന് പോകണമെന്ന് ആഗ്രഹം. മറ്റുള്ള കുട്ടികളും അത് ഏറ്റുപിടിച്ചു. അങ്ങനെ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനായി വീടിന്റെ മുൻവശത്തെ മുറ്റം ഒരു പിക്നിക് ഗ്രൗണ്ടായി മാറി. അമ്മമാരിൽ ഒരാൾ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ തുടങ്ങിയപ്പോൾ അമ്മായിയും മുത്തശ്ശിയുമൊക്കെ സംസാരിക്കാൻ അടുത്തുകൂടി. അങ്ങനെ കുട്ടികൾക്കൊപ്പം മുതിർന്നവരും ആ പിക്നിക്കിന്റെ ഭാഗമായി. ഭക്ഷണം കഴിപ്പിക്കാനുള്ള ഒരു പ്രായോഗിക തീരുമാനം എല്ലാവരും ഒരുമിച്ചാസ്വദിച്ച ഒരു കുടുംബനിമിഷമായി മാറി.
ഇവിടെ ശ്രദ്ധിക്കേണ്ടത് മുറ്റത്തിന്റെ ഭംഗിയോ അവിടെ ഒരുക്കിയ സൗകര്യങ്ങളോ അല്ല. കുട്ടികളുടെ ഒരു ചെറിയ ആഗ്രഹത്തിന് ഇടം നൽകിയപ്പോൾ ആ ഇടം എങ്ങനെ എല്ലാവരുടെയും സന്തോഷത്തിനുള്ള ഇടമായി മാറി എന്നതാണ്. കുട്ടികളുടെ ഭാവനയ്ക്ക് ഇടം നൽകുമ്പോൾ ചിലപ്പോൾ മുതിർന്നവർക്കും അതിന്റെ ഭാഗമാകാം. അങ്ങനെ ഒരു സാധാരണ മുറ്റം എല്ലാവരും ഓർത്തുവെക്കുന്ന ഒരു കുടുംബനിമിഷത്തിന് വേദിയായി മാറുന്നു.
കുട്ടിക്കാലത്തെ ഇത്തരം ചെറിയ അനുഭവങ്ങൾ എത്രത്തോളം കാലം നമ്മളോടൊപ്പം ഉണ്ടാകുമെന്ന് ആലോചിക്കുമ്പോൾ അഞ്ജലി മേനോന്റെ മഞ്ഞാടിക്കുരു എന്ന സിനിമ ഓർമ്മ വരുന്നു. കുട്ടിക്കാലത്തെ ഓർമ്മകളും ബന്ധങ്ങളും ചെറിയ സാഹസികതകളും എത്ര മനോഹരമായാണ് ആ സിനിമ അവതരിപ്പിക്കുന്നത്. എന്റെ സ്വന്തം കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കുമ്പോഴും അങ്ങനെയുള്ള ചില കാഴ്ചകളാണ് ആദ്യം മനസ്സിലെത്തുന്നത്. മഴക്കാലത്ത് ടെറസിൽ വെള്ളം കെട്ടിനിർത്തി നീന്തിക്കളിച്ചിരുന്ന ദിവസങ്ങൾ. ചത്തുപോയ മീനുകൾക്ക് തീപ്പെട്ടിക്കൂടുകൊണ്ട് ശവപ്പെട്ടിയുണ്ടാക്കി കുഴിച്ചുമൂടിയതും, അവയുടെ ആത്മാവിനെ പൂട്ടാനെന്നപോലെ മരങ്ങളിൽ ആണിയടിച്ചതും. തെങ്ങോലകളും ചാക്കുകളും ഉപയോഗിച്ച് ഉണ്ടാക്കിയിരുന്ന കുഞ്ഞുവീടുകൾ. അമ്മയുടെ സാരിയും ബെഡ്ഷീറ്റും ഉപയോഗിച്ച് മുറിക്കുള്ളിൽ കെട്ടിയുണ്ടാക്കിയ ടെന്റുകൾ. പെറുക്കിവെച്ച ഉണങ്ങിയ ഇലകളും പൂക്കളും കൊണ്ട് ഉണ്ടാക്കിയ ആശംസാകാർഡുകളും സമ്മാനങ്ങളും.
അന്നതെല്ലാം ഞങ്ങൾക്ക് വലിയ കാര്യങ്ങളായിരുന്നു. ചുറ്റുമുണ്ടായിരുന്ന വസ്തുക്കൾക്ക് പുതിയ രൂപവും ഉപയോഗവും നൽകി, ഞങ്ങളുടെ ഭാവനയ്ക്കനുസരിച്ച് ഞങ്ങൾ തന്നെ സൃഷ്ടിച്ചെടുത്ത ചെറിയ ലോകങ്ങൾ. ഇന്ന് ആ ദിവസങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ, ആ കളികൾ നടന്ന ഇടങ്ങളും മനസ്സിൽ തെളിയുന്നു. മഴവെള്ളം നിറഞ്ഞ ടെറസും, ചാക്കുകൊണ്ട് കെട്ടിയ വീടും, സാരികൊണ്ട് മറച്ച ടെന്റും, അവിടെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവരും, ഒരുമിച്ച് ചിരിച്ചും കളിച്ചും ചെലവഴിച്ച സമയവുമെല്ലാം ആ ഓർമ്മകളുടെ ഭാഗമാണ്.
ഒരുപക്ഷേ, ഒരു വീടിന്റെ ഓർമ്മകൾ രൂപപ്പെടുന്നത് അതിന്റെ ചുമരുകളുടെയും മുറികളുടെയും രൂപത്തിലല്ല, അവിടെ നമ്മൾ സൃഷ്ടിച്ച ചെറിയ ലോകങ്ങളിലും, ഒരുമിച്ച് പങ്കിട്ട അനുഭവങ്ങളിലുമാണ്. കുട്ടികൾ വളരുമ്പോൾ അവരുടെ കളികളും മാറും. കാലം കഴിയുമ്പോൾ ആ കളികളും കുസൃതികളുമൊക്കെ അവസാനിച്ചേക്കാം. പക്ഷേ, അവയിലൂടെ സൃഷ്ടിച്ച ചെറിയ ലോകങ്ങൾ ഓർമ്മകളിൽ ബാക്കിയുണ്ടാകും.
നമ്മൾ രൂപകൽപ്പന ചെയ്യുന്ന വീടുകളിൽ എല്ലാ കാര്യങ്ങൾക്കും കൃത്യമായ ഒരിടം ഉണ്ടായിരിക്കാം. എന്നാൽ കുട്ടികൾക്ക് അവരുടെ ലോകം സ്വയം സൃഷ്ടിക്കാനുള്ള ഇടം കൂടിയുണ്ടോ? ചോണനുറുമ്പിന് വഴിയിലെ ഒരു കല്ല് പർവതമാകുന്നതുപോലെ, കുട്ടികൾക്ക് നമ്മുടെ വീടുകളിലെ സാധാരണ ഇടങ്ങൾ എത്രയോ വലിയ ലോകങ്ങളാണ്. ആ ലോകങ്ങൾ നമുക്ക് മുൻകൂട്ടി ഒരുക്കിക്കൊടുക്കാൻ കഴിയില്ല. പക്ഷേ, അവ കണ്ടെത്താനും സൃഷ്ടിക്കാനും മാറ്റിമറിക്കാനും അവർക്ക് കുറച്ച് സ്വാതന്ത്ര്യം നൽകാം.
ഒരു വീട് താമസിക്കാനുള്ള ഇടം മാത്രമല്ല. ഒരിക്കൽ തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ കുട്ടിക്കാലം മുഴുവൻ ഒളിഞ്ഞിരിക്കുന്ന ഒരിടം കൂടിയാണ്.
Content Highlights: Children perceive every day home objects and spaces differently through imagination., Traditional fixed home designs often limit flexible play areas for kids., Nature, outdoor exploration, and unstructured play foster children's creativity., Shared family moments and imaginative spaces create lasting childhood memories.
Published: 13 Nov 2026, 01:15 pm IST
ABOUT THE AUTHOR

Ar.Amrutha Raveendran
ar.amrutharaveendran@gmail.comകുറ്റിപ്പുറം MES സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് B. Arch പഠനം പൂര്‍ത്തിയാക്കി. വിവിധ ആര്‍ക്കിടെക്ചര്‍ സ്ഥാപനങ്ങളിലായി 10 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയം. നിലവില്‍ വയനാട് കേന്ദ്രീകരിച്ച് സ്വതന്ത്ര ആര്‍ക്കിടെക്ട് ആയും IBBI Registered Valuer (Land & Building) ആയും പ്രവര്‍ത്തിക്കുന്നു.
.Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented