
നല്ല തണുപ്പുള്ള ഒരു വെളുപ്പാൻ കാലത്താണ് മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള വീട് ലക്ഷ്യമാക്കി യാത്ര തിരിച്ചത്. ജാതിമരങ്ങൾ നിറഞ്ഞ തോട്ടമാണ് ഞങ്ങളെ വരവേറ്റത്. ഒപ്പം ചീവീടുകളുടെ ശബ്ദവും മൂവാറ്റുപുഴയാറിന്റെ ഓളങ്ങളും. ആ വൈബ് പിടിച്ച് ജാതിമരങ്ങൾക്കിടയിലൂടെ അൽപ്പ ദൂരം നടന്നാൽ മാത്രമേ സോളിറ്റ്യൂഡ് (Solitude) എന്ന ഈ വീടിന് മുന്നിലെത്തൂ
ഒരു വീടിനെക്കുറിച്ചുള്ള എല്ലാ സങ്കൽപ്പങ്ങളും മാറ്റിമറിക്കുന്നതായിരുന്നു സോളിറ്റ്യൂഡിന്റെ ആദ്യ കാഴ്ച. വീടിന്റെ മുന്നിൽ ഒരു ഓപ്പൺ എയർ സ്റ്റേജ്. ഒന്ന് ചുറ്റി നടന്നാൽ മറ്റൊരു പൂമുഖം. മുറ്റം നിറയെ ശിൽപ്പങ്ങളും പേര് സൂചിപ്പിക്കും പോലെ ഏകാന്തമായൊരു വീട്. ഇതെന്താ ഇങ്ങനെയൊരു വീട് എന്ന് ആരുമൊന്ന് ചിന്തിച്ചുപോകും. അത്തരം സംശയങ്ങൾ മാറണമെങ്കിൽ മനോജ് മൂവാറ്റുപുഴ എന്ന മനുഷ്യനെക്കുറിച്ച് ആദ്യം അറിയണം. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നയാൾ, ശിൽപ്പകലയും സാഹിത്യവും സിനിമയും എല്ലാം ജീവാശ്വാസം പോലെ കൊണ്ടുനടന്നിരുന്നയാൾ. തനിക്ക് താമസിക്കാൻ എന്നതിലുപരി കലാപ്രവർത്തനങ്ങൾ നടത്താൻ അയാൾക്ക് ഒരു വീട് വേണമായിരുന്നു. അങ്ങനെയാണ് മൂവാറ്റുപുഴയാറിന്റെ തീരത്ത് ഒന്നരയേക്കറോളം വരുന്ന സ്ഥലത്ത് സോളിറ്റ്യൂഡ് പണിയുന്നത്.
മനോജ് മുവാറ്റുപുഴ തന്റെ സ്വപ്‌നവീട് നിർമ്മിക്കാൻ വിശ്വസിച്ച് ഏൽപ്പിച്ചത് ഉറ്റ സുഹൃത്തുകൂടിയായ ആർക്കിടെക്റ്റ് ജേക്കബ് ചെറിയാനെയായിരുന്നു. ( Founder Architect Place Design Kochi)മനോജിന്റെ കലാപ്രവർത്തനങ്ങൾക്ക് അരങ്ങാകാൻ, ഉണർന്നെഴുന്നേൽക്കുമ്പോൾ മുവാറ്റുപുഴയാറിനെക്കാണാൻ, ഏത് കോണിലിരുന്നാലും ജാതി മരങ്ങളെക്കാണാൻ, ആ ഗന്ധം നുകരാൻ പാകത്തിൽ സോളിറ്റിയൂഡ് പണിതുയർത്തി.
ശിൽപങ്ങളുടെ വീട്
സോളിറ്റ്യൂഡിന് ചുറ്റും നിറയെ ശിൽപങ്ങളാണ്. കേരളത്തിലെ എണ്ണം പറഞ്ഞ ശിൽപികൾ നേരിട്ടെത്തിയാണ് ശിൽപങ്ങൾ കൊത്തിയെടുത്തത്. മനോജിന്റെ തന്നെ മറ്റൊരു സൈറ്റിലെ കരിങ്കല്ല് എത്തിച്ച് സോളിറ്റ്യൂഡിന്റെ മുറ്റത്തുതന്നെയിട്ട് ശിൽപ്പങ്ങൾ കൊത്തിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു വീടിനുവേണ്ടി ശിൽപങ്ങൾ ഒരുങ്ങുന്നത് അപൂർവ്വതയായിരിക്കുമെന്ന് ആർക്കിടെക്റ്റ് ജേക്കബ് ചെറിയാൻ പറയുന്നു. പറമ്പിലെ ജാതിക്കയും ഇലയും തുടങ്ങി സൈറ്റിൽ നിന്നുള്ള വസ്തുക്കളെ മാതൃകയാക്കിയാണ് ശിൽപ്പങ്ങൾ കൊത്തിയെടുത്തത്.
മരമാണ് സോൾ
സോളിറ്റ്യൂഡിന്റെ സോൾ പുഴയ്ക്കും സൈറ്റിനും അതിർ വരമ്പിടുന്ന മരമാണ്. മരം ഈ വീടിന്റെ ഡിസൈനിലെ പ്രധാന ഭാഗമായിരുന്നു. പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും വീടിനെ മറച്ചുപിടിക്കുന്നത് ഈ മരമാണ്. മരത്തിനോട് ചേർന്നു നിൽക്കുന്ന ഡക്കിൽ നിന്നാൽ പുഴയെ കാണാം.
നമ്പൂതിരി വരകളുടെ വീട്
ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുടെ ആരാധകനായിരുന്നു മനോജ്. നമ്പൂതിരിയെക്കുറിച്ച് ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഡോക്യൂമെന്ററിക്ക് പിന്നിലും മനോജ് മുവാറ്റുപുഴയായിരുന്നു. സോളിറ്റിയൂഡിന്റെ ഇന്റീരിയറിനെ മനോഹരമാക്കുന്നത് നമ്പൂതിരി ചിത്രങ്ങളും ശിൽപ്പങ്ങളുമാണ്. ചിത്രകലയ്ക്കും ഈ വീട്ടിലൊരു ഇടമുണ്ട്.
വെള്ളം കയറാത്ത പുഴക്കരയിലെ വീട്
പുഴക്കരയിലാണെങ്കിലും ഈ വീട്ടിൽ വെള്ളം കയറില്ല. പ്രധാന റോഡിൽ നിന്നുള്ള ലെവൽ എടുത്തശേഷം അതിന് അനുസരിച്ച് ഉയർത്തിയാണ് വീടിന്റെ നിർമ്മാണം. അതുകൊണ്ട് തന്നെ 2018 ലെ വെള്ളപ്പൊക്കത്തിൽ സമീപ പ്രദേശങ്ങൾ വെള്ളത്തിനടിയിലായപ്പോഴും ഈ വീട് സുരക്ഷിതമായി തന്നെ നിലകൊണ്ടു. ഈ സമയത്ത് അയൽ വാസികൾ തങ്ങളുടെ പശുവിനെ കെട്ടിയത് ഈ വീട്ടിലായിരുന്നു. അങ്ങനെ പശുക്കൾ ഈ വീട്ടിലെ ആദ്യ അതിഥികൾ ആയി മാറി.
എൻട്രൻസ് പോർച്ചിനോട് ചേർന്ന് വൃത്താകൃതിയിൽ ഗാർഡൻ നൽകിയിട്ടുണ്ട്. ഇതിനു ചുറ്റുമുള്ള നടപ്പാതയിലൂടെ നടന്നാൽ ഈ വീട്ടിലേക്കെത്താം. ഗാർഡന് ഒത്ത നടുവിൽ മനോഹരമായൊരു ശിൽപ്പവും കാണാം. ലിവിങ് റൂം, രണ്ട് ബെഡ്‌റൂമുകൾ ഒരു സ്റ്റഡി റൂം, അടുക്കള, ഇവയാണ് വീടിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ. ബെഡ്‌റൂമിൽ നിന്നും പുഴയെക്കാണും വിധമാണ് ഡിസൈൻ. സ്വകാര്യതയ്ക്കായി ബെഡ്‌റൂമിന്റെ ഗ്ലാസ് ജാലകൾക്ക് പുറത്തായി ഈറ്റകൊണ്ടുള്ള സ്‌ക്രീനും നൽകി.
സ്വിമ്മിങ് പൂൾ
സോളിറ്റ്യൂഡിലെ ഏറ്റവും പ്രധാന ഭാഗങ്ങളിലൊന്ന് ഈ സ്വിമ്മിങ് പൂളാണ്. ഒരു നടുമുറ്റം പോലെയാണ് സ്വിമ്മിങ് പൂള് ഡിസൈൻ ചെയ്തിരിക്കുന്നത്. ആകാശം കാണാം, പുഴയെ കാണാം രാത്രിയിലാണ് ഈ സ്വിമ്മിങ്ങ് പൂളിന് ഏറ്റവും ഭംഗി തോന്നുക.
നാച്വറൽ സ്‌റ്റോൺ ബാംഗ്ലൂരിൽ നിന്ന് എത്തിച്ച് കോൺക്രീറ്റ് ഉപയോഗിക്കാതെ നേരിട്ട് മണ്ണിൽ പതിപ്പിച്ചാണ് ഫ്‌ളോർ ചെയ്തിരിക്കുന്നത്. പുറത്ത് തണുപ്പുള്ളപ്പോൾ ഈ ഫ്‌ളോറിൽ ചവിട്ടുമ്പോൾ നേരിയ ചൂട് അനുഭവപ്പെടും. ഗേബിൾ റൂഫിങ്ങാണ് വീടിന്റെ മറ്റൊരു പ്രത്യേകത. പുറത്തെ പ്രകൃതിയെ വീട്ടിലെത്തിക്കാനാണ് ഗേബിൾ റൂഫിങ് തിരഞ്ഞെടുത്തത്. 2000 സ്‌ക്വയർഫീറ്റാണ് വീടിന്റെ വിസ്തീർണം.
ജെഫ്രി ബാവയും സോളിറ്റിയൂടും
പ്രശസ്ത ശ്രീലങ്കൻ ആർക്കിടെക്റ്റ് ജെഫ്രി ബാവയും ഈ വീടിന്റെ ഡിസൈനിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആർക്കിടെക്റ്റ് ജേക്കബ് ചെറിയാന്റെ ഇഷ്ടപ്പെട്ട മേഖലയായിരുന്നു ജെഫ്രി ബാവ സ്റ്റൈൽ. പ്രകൃതി കൂടി ഡിസൈന്റെ ഭാഗമാകുന്നു. പുഴയും ജാതിമരങ്ങളും ചുറ്റുമുള്ള പ്രകൃതിയും വീടിന്റെ തന്നെ ഭാഗമായുള്ള ഡിസൈൻ. അതുകൊണ്ടു തന്നെ ഈ വീടിന്റെ ഏത് ഭാഗത്തുനിന്ന് നോക്കിയാലും പ്രകൃതിയെ കാണാം. പ്രകൃതിയുടെ ഇത്രയും വിശാലമായ ഭാവങ്ങളുള്ള പ്ലോട്ടിൽ മാത്രമേ ഇങ്ങനെയൊരു വീട് സാധ്യമാകൂ എന്ന് ജേക്കബ് ചെറിയാൻ പറയുന്നു.
ജേക്കബ് ചെറിയാന് ഈ വീട് ഇഷ്ടപ്പെട്ട ആശയം പ്രാവർത്തികമാക്കാനുള്ള ഇടം മാത്രമായിരുന്നില്ല. തന്റെ സുഹൃത്തിന് നൽകുന്ന ഏറ്റവും പ്രിയപ്പെട്ട സമ്മാനം കൂടിയായിരുന്നു ഈ വീട്.
മനോജ് മുവാറ്റുപുഴ ഇന്നില്ല. പക്ഷേ ശിൽപകലയെ ഒരുപാട് ഇഷ്ടപ്പെട്ട ഒരാളുടെ ഏറ്റവും പ്രിയപ്പെട്ട ശിൽപം പോലെ സോളിറ്റിയൂഡ് നിൽപ്പുണ്ട്. തിരികെ പോരുമ്പോഴും വീണ്ടും തിരികെ ചെല്ലാനുള്ള എന്തോ ഒന്ന് ഈ വീട് ബാക്കി വയ്ക്കുന്നുണ്ട്.
Content Highlights: Located on the scenic banks of the Muvattupuzha river., Designed by architect Jacob Cherian for art lover Manoj Muvattupuzha., Features custom sculptures, Artist Namboothiri's art, and a unique natural stone courtyard., Built with eco-friendly concepts inspired by Geoffrey Bawa's architectural style.
Published: 12 Oct 2026, 03:52 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented