ഒരു ആർക്കിടെക്റ്റ് എന്ന നിലയിൽ, വായിക്കുന്നതും കാണുന്നതും അനുഭവിക്കുന്നതുമെല്ലാം നമ്മുടെ ചിന്തകളെയും ജീവിതത്തെയും ഡിസൈൻ സമീപനത്തെയും സ്വാധീനിച്ചുകൊണ്ടിരിക്കും. ഇത് തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്. അടുത്തിടെ ഉണ്ടായ ഒരു അനുഭവം ചില പഴയ ഓർമകളിലേക്ക് എന്നെ തിരികെ കൊണ്ടുപോയി. 36 വർഷത്തെ പ്രാക്ടീസിനുശേഷം, എന്റെ വഴിയൊന്ന് തിരുത്തേണ്ട സമയമായെന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ അനുഭവം.

To advertise here,

അഭിഭാഷകനായിരുന്നു എന്റെ പിതാവ്. നഗരത്തിൽ അദ്ദേഹം പണികഴിപ്പിച്ച ഹോം ഓഫീസിലുമാണ് ഞാൻ വളർന്നത്. അടുത്തു തന്നെയുള്ള ഒരു ഗ്രാമത്തിലായിരുന്നു എന്റെ പിതാവിന്റെ വേരുകൾ. അതുകൊണ്ടുതന്നെ തന്റെ ചെറുപ്പകാലത്ത് അനുഭവിച്ച പച്ചപ്പും കൃഷിയുമെല്ലാം എന്നും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ മിക്ക വാരാന്ത്യങ്ങളിലും അദ്ദേഹം ഞങ്ങളെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. അവിടെ പാടവരമ്പത്തുകൂടെ നടന്നും പ്രകൃതിയുമായി ഇടപഴകിയും ഗ്രാമഭംഗിയും പുറംലോകത്തിന്റെ വിശാലതയും ആസ്വദിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. നഗരത്തിലെ ഞങ്ങളുടെ വീട് വെറും നാല് സെന്റ് പ്ലോട്ടിൽ പൂർണമായും കെട്ടിടം നിറഞ്ഞു നിൽക്കുന്ന ഒന്നായിരുന്നു.

വേനലവധിക്കാലങ്ങൾ മിക്കവാറും കുടുംബ വസ്തുവിലെ പ്രകൃതിയിലായിരുന്നു ചെലവഴിച്ചിരുന്നത്. അന്ന് വായിച്ചിരുന്ന തകഴി, എം.ടി., എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരുടെ പുസ്തകങ്ങളിൽ വളരെ മനോഹരമായി വിവരിച്ചിരുന്ന ഗ്രാമീണ ഭൂപ്രകൃതിയുമായി നേരിട്ട് ബന്ധപ്പെടാൻ ആ അവധിക്കാലങ്ങൾ എന്നെ സഹായിച്ചു. കാലം കടന്നു. ഞാൻ വളർന്നു, ആർക്കിടെക്ചർ പഠിച്ചു. പിതാവിന്റെ ഓഫീസിനോടൊപ്പം തന്നെ സ്വന്തം പ്രാക്ടീസും ആരംഭിച്ചു. പിന്നീട് ഇതേ നഗരത്തിൽ പത്ത് സെന്റ് സ്ഥലത്ത് സ്വന്തമായി ഒരു വീട്-ഓഫീസ് പണിതു. വീടിനുള്ളിലേക്ക് ആകാശത്തെ കൊണ്ടുവരണമെന്ന ആഗ്രഹത്തോടെ, തുറന്ന നടുമുറ്റത്തിന് മുൻഗണന നൽകി. അതിനു ചുറ്റുമായി മുറികൾ ക്രമീകരിച്ചു. എന്റെ ആർക്കിടെക്ചറൽ യാത്രയിലെ പല അനുഭവങ്ങളും അതിന്റെ ഡിസൈനിൽ പലവിധത്തിൽ പ്രതിഫലിക്കുകയും ചെയ്തു.

എന്റെ പരേതനായ പിതാവിന് ഏറെ പ്രിയപ്പെട്ടിരുന്ന പൂർവികഭൂമിയും വീടും കൃഷിരീതികളും ഞാൻ അതേപടി നിലനിർത്തി. കുടുംബത്തോടൊപ്പം മാസത്തിലൊരിക്കൽ എന്ന തോതിൽ ഗ്രാമത്തിലേക്ക് പോകുന്നതും പതിവാക്കി. അവിടെ വരാന്തയിലിരുന്ന് ഒരു കപ്പ് കാപ്പി കുടിച്ചുകൊണ്ട്, ശാന്തമായ പ്രഭാതങ്ങളിൽ ചുറ്റുമുള്ള പച്ചപ്പിലേക്ക് നോക്കി പലപ്പോഴും ഞാൻ ചിന്തിക്കുമായിരുന്നു. എന്തുകൊണ്ടാണ് ഞാൻ ഇപ്പോഴും രണ്ട് തരത്തിൽ രണ്ടു ചുറ്റുപാടിലുള്ള ജീവിതം നയിക്കുന്നത്?

നഗരത്തിൽ എപ്പോഴും എന്റെ ചുറ്റുപാടുകൾ കെട്ടിടങ്ങളുടെ ചുവരുകളും അടച്ച ഇടങ്ങളുമാണ്. എന്നാൽ വിശ്രമിക്കാനും മനസ്സ് നിറയ്ക്കാനും എനിക്ക് വേണ്ടത് വിശാലമായ ആകാശവും പച്ചപ്പുമാണ്. എന്റെ ഗ്രാമത്തിലെ അതേ പ്രകൃതി.

എന്തുകൊണ്ടാണ് എന്റെ ദൈനംദിന ജീവിതത്തിലേക്ക് കൂടുതൽ പച്ചപ്പ് കൊണ്ടുവരുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ഗൗരവമായി ചിന്തിക്കാതിരുന്നത് എന്ന് ചിലപ്പോഴൊക്കെ ഞാൻ സ്വയം ചോദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച, യുവ ആർക്കിടെക്റ്റായ ഷഹീർ രൂപകൽപ്പന ചെയ്ത 'കാട്' എന്ന വീട് സന്ദർശിക്കാൻ പോയി. അവിടെ കണ്ട കാഴ്ച എന്നെ ശരിക്കും വിസ്മയിപ്പിച്ചു.

വെറും മൂന്നര സെന്റ് സ്ഥലത്ത് അദ്ദേഹം തന്റെ കുടുംബത്തിനും ഭാര്യയുടെ കുടുംബത്തിനുമായി പ്രത്യേകം വീടുകളും, ഒരു Air B'n B യൂണിറ്റും, വ്യത്യസ്ത വസ്തുക്കൾ ഉപയോഗിച്ച് തൂണുകളിൽ ഉയർത്തിയ പൂർണമായും തുറന്ന താഴത്തെ നിലയും ഒരുക്കിയിരിക്കുന്നു. അതിനൊപ്പം, വീടിന്റെ അകത്തളങ്ങളിലും ടെറസുകളിലും ബാൽക്കണിയിലും മേൽക്കൂരയിലുമെല്ലാം സമൃദ്ധമായ പച്ചപ്പ് സൃഷ്ടിച്ചിരിക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, തന്റെ ജന്മനാട്ടിലെ ഗ്രാമീണ ഭൂപ്രകൃതിയുടെ ഒരു പരിച്ഛേദം അദ്ദേഹം നഗരത്തിലേക്ക് തന്നെ കൊണ്ടുവന്നിരിക്കുന്നു. കുടുംബത്തിനും അയൽപക്കത്തിനും മാത്രമല്ല, കടന്നുപോകുന്ന അനേകം പക്ഷികൾക്കും തേനീച്ചകൾക്കും ചെറുജീവികൾക്കുംവരെ ഒരു പച്ചത്തുരുത്തായി മാറിയിരിക്കുകയാണ് ഈ വീട്.

മണ്ണും വൈക്കോലുകളും ചേർത്ത് നിർമ്മിച്ച കോബ് ഭിത്തികളും എക്‌സ്‌പോസ്ഡ് കോൺക്രീറ്റ് സ്ലാബുകളും. അകത്തളങ്ങളെ വിശാലമായ ഒരൊറ്റ ഇടമാക്കി മാറ്റുന്ന സ്ലൈഡിംഗ്-ഫോൾഡിംഗ് വാതിലുകൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത ഫർണിച്ചറുകൾ, കൗതുകകരമായ രീതിയിൽ ക്രമീകരിച്ചിരിക്കുന്ന അകത്തെ ഗോവണിപ്പടികൾ. 

ജനാലകളിൽ ഗ്ലാസുകൾ പരമാവധി ഒഴിവാക്കി, പകരം ആവശ്യാനുസരണം ക്രമീകരിക്കാവുന്ന മരച്ചട്ടകൾ ഉപയോഗിച്ചിരിക്കുന്നു. ഷഹീർ തന്റെ യാത്രകളിൽ നിന്ന് ശേഖരിച്ച കലാവസ്തുക്കളും മറ്റും വീടിന്റെ പല ഭാഗങ്ങളിലുമുണ്ട്. അതിനൊപ്പം അതിശയിപ്പിക്കുന്നത്ര സമൃദ്ധമായ സസ്യജാലവും ജീവജാലങ്ങളും. ഘടനാപരമായ ഫ്രെയിം ഒഴികെ, വീടിന്റെ നിർമ്മാണത്തിന്റെ വലിയൊരു ഭാഗവും സുഹൃത്തുക്കളും വിദ്യാർഥികളും പങ്കെടുത്ത കൈത്തൊഴിൽ ശിൽപ്പശാലകളിലൂടെയാണ് പൂർത്തിയാക്കിയത്. തന്റെ സ്വപ്നത്തെ പിന്തുടർന്ന ഒരു യുവ ആർക്കിടെക്റ്റിന്റെ സ്‌നേഹപൂർവമായ അധ്വാനത്തിന്റെ ഫലമാണ് ഈ വീട്.

വലിപ്പം എന്ന പരിമിതിയെ മറികടന്ന്, നമ്മുടെ കാലത്തിന് അനുയോജ്യമായി വീടുകൾ എങ്ങനെ രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും വേണമെന്നതിന്റെ ശക്തമായ ഒരു ഉദാഹരണമായി 'കാട്' നിലകൊള്ളുന്നു. ഇത്രയും കാലം എന്താണ് നഷ്ടപ്പെടുത്തിയതെന്ന് എനിക്ക് ബോധ്യമായി. ഷഹീറിന്റെ മാതൃക പിന്തുടർന്ന്, എന്റെ കുടുംബത്തിനും ഓഫീസിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ഒപ്പം മറ്റ് ജീവജാലങ്ങൾക്കും കൂടി ആസ്വദിക്കാനാവുന്ന വിധത്തിൽ ചുറ്റും പച്ചപ്പ് ഒരുക്കിക്കൊണ്ട് ആ കുറവ് പരിഹരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഫോട്ടോ: Ar.ജേക്കബ് ചെറിയാൻ Ar. ഷഹീർ