ജെഫ്രി ബാവ എന്ന പേര്  (Geoffrey Bawa) ആർക്കിടെക്റ്റുമാർ ഒഴികെയുള്ള മലയാളികൾക്ക് അത്ര പരിചിതമായിരിക്കില്ല. എന്നാൽ കേരളത്തിലെ വാസ്തുവിദ്യയിൽ വളരെ അധികം സ്വാധീനമുള്ളയാളാണ് ജെഫ്രി ബാവ. നടുമുറ്റങ്ങളിലേക്ക് വലിയ മരങ്ങൾ കൊണ്ടുനടുമ്പോൾ ബെഡ്‌റൂമിൽ നിന്ന് പൂന്തോട്ടത്തിലേക്ക് തുറക്കുന്ന എൻട്രൻസ് വെയ്ക്കുമ്പോൾ അവിടെ നിങ്ങൾക്ക് മണ്ണിനെ തൊട്ട് നടക്കാനാകുമ്പോൾ ട്രോപ്പിക്കൽ വീടുകൾ വേണമെന്ന് ആർക്കിടെക്റ്റിന് മുന്നിൽ ഡിമാന്റ് വയ്ക്കുമ്പോൾ അതിനെല്ലാം പിന്നിൽ ജെഫ്രി ബാവ എന്ന ആർക്കിടെക്റ്റാണ്.

To advertise here,

ശ്രീലങ്കൻ സ്വദേശിയായ ജെഫ്രി ബാവ ട്രോപ്പിക്കൽ മോഡേണിസം എന്ന ശൈലിയുടെ ഉപജ്ഞാതാവാണ്. പ്രകൃതിയെയും കെട്ടിട നിർമ്മാണത്തെയും സമന്വയിപ്പിക്കുകയാണ് ജെഫ്രി ബാവ ചെയ്തത്. ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് യോജിച്ച രീതിയിൽ നിർമാണ പ്രവർത്തനങ്ങളെ പുനർ നിർണയിച്ചു. ജെഫ്രി ബാവയുടെ ഡിസൈനുകളിൽ കെട്ടിടം നിർമ്മിക്കാനുദ്ദേശിക്കുന്ന പ്രദേശത്തെ പ്രകൃതിയും പ്രധാനപ്പെട്ട ഭാഗമായി. കേരളത്തിൽ ചൂട് കൂടി വരുമ്പോൾ കാലാവസ്ഥ അടിയ്ക്കടി മാറി വരുമ്പോൾ ജെഫ്രി ബാവയുടെ ആർക്കിടെക്ചർ ശൈലിക്ക് വളരെ അധികം പ്രാധാന്യമുണ്ട്.

നിയമ മേഖലയിലാണ് ജെഫ്രി ബാവ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ലണ്ടനിൽ നിന്ന് ആർക്കിടെക്ചറൽ പഠനം പൂർത്തിയാക്കി. ഒരുപാട് യാത്ര ചെയ്യുന്ന ആളായിരുന്നു ജെഫ്രി ബാവ. കൊളംബിയയിൽ ഒരു റബ്ബർ തോട്ടം വാങ്ങിയ ജെഫ്രി ബാവ ആ റബ്ബർ തോട്ടത്തെ ഗാർഡനാക്കി മാറ്റാൻ ആഗ്രഹിച്ചു. എന്നാൽ ശ്രീലങ്കയിൽ ആർക്കും ബാവയുടെ സ്വപ്‌നങ്ങളിലെ പൂന്തോട്ടം ഒരുക്കാൻ കഴിഞ്ഞില്ല. യാത്രകളിൽ കണ്ട അനുഭവങ്ങളിൽ നിന്ന് ഡിസൈൻ ചെയ്ത ഗാർഡനായിരുന്നു ബാവയുടെ സ്വപ്‌നങ്ങളിലേത്. ഇതിനെ തുടർന്നാണ് അദ്ദേഹം ആർക്കിടെക്ചർ പഠിക്കാൻ തീരുമാനിച്ചത്. പഠനശേഷം അദ്ദേഹം ശ്രീലങ്കയിൽ മടങ്ങിയെത്തി. ആർക്കിടെക്റ്റുമാരെയും കലാകാരന്മാരെയും സമന്വയിപ്പിച്ചുകൊണ്ട് ശ്രീലങ്കൻ വാസ്തുവിദ്യയ്ക്ക് പുതിയ രൂപം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പരിസ്ഥിതിക്ക് ഒപ്പം പ്രാദേശിക വാസ്തുവിദ്യയും കലയുമെല്ലാം ഡിസൈനിന്റെ ഭാഗമായി. പ്രകൃതിയെയും കലയെയും പാരമ്പര്യങ്ങളെയും മോഡേൺ ആർകിടെക്ചറുമായി സമന്വയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതുകൊണ്ടുതന്നെ നിർമ്മാണ സൈറ്റിൽ നിന്നുതന്നെയുള്ള തടിയും കല്ലും ടെറകോട്ട ഉൾപ്പെടെയുള്ള വസ്തുക്കളും അദ്ദേഹം വ്യാപകമായി ഉപയോഗിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ നിർമ്മിതികൾ അത് സ്ഥിതി ചെയ്യുന്ന പരിസരങ്ങളോട് നന്നായി ഇഴുകിച്ചേർന്നു.

പ്രദേശത്തിന്റെ തനതുകാലാവസ്ഥയെക്കൂടി ഉൾക്കൊണ്ടായിരുന്നു ജെഫ്രി ബാവയുടെ നിർമ്മിതികളെല്ലാം രൂപകൽപ്പന ചെയ്തത്. അദ്ദേഹത്തിന്റെ ഡിസൈനുകളിൽ വീടിനുള്ളിൽ നിറയെ ഓപ്പൺ സ്‌പെയ്‌സുകൾ കാണാം. കാറ്റും വെളിച്ചവും വീടിനുള്ളിൽ കയറി ഇറങ്ങിപ്പോകുന്നതുകാണം. ലാൻഡ്‌സ്‌കേപിൽ നിന്ന് അകത്തളങ്ങളിലേക്ക് നീളുന്ന നടപ്പാതകളും കാണാം. വലിയ മേൽക്കൂരകളും വരാന്തകളും നടുമുറ്റങ്ങളുമെല്ലാം ഉഷ്ണമേഖല കാലാവസ്ഥയെ ചെറുക്കാൻ ബാവ തന്റെ ഡിസൈനിൽ ഉൾപ്പെടുത്തി. വലിയ മരങ്ങളും ഉയരത്തിൽ വളരുന്ന ചെടികളും വീടിനുള്ളിൽ സ്ഥാനം പിടിച്ചു. വീടിനകത്തേക്ക് എത്തുന്ന ഈ സ്വാഭാവികത ചൂടിനെ ചെറുക്കാനുള്ള വലിയൊരു പോംവഴി കൂടിയാണിന്ന്. ചെമ്പകം, (Temple tree) ജെഫ്രി ബാവയുടെ ആർക്കിടെക്ചറിന്റെ പതിവായിരുന്നു.

ഒരു വീടിനെ അത് നിർമ്മിക്കാനുദ്ദേശിക്കുന്ന പ്രദേശത്തിന്റെ ഭാഗമാക്കുകയല്ല മറിച്ച് വീടിനെ ആ സ്ഥലത്തിനോട് ഇഴുകിച്ചേരുന്ന രീതിയിൽ അവതരിപ്പിക്കുകയാണ് ജെഫ്രി ബാവ ചെയ്തത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിർമ്മിതികളൊന്നും ഞാനെന്ന ഭാവത്തിൽ തല ഉയർത്തി നിൽക്കില്ല. ഭൂപ്രകൃതിയോട് ഇണങ്ങി നിശബ്ദമായി നിൽക്കും

ജെഫ്രി ബാവയും കേരളവും

1919 മുതൽ 2003 വരെയാണ് ബാവയുടെ ജീവിത കാലഘട്ടം. ജെഫ്രി ബാവ ശൈലിക്ക് ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ചാണ് അദ്ദേഹം വിടപറഞ്ഞത്. സ്വാഭാവികമായും കേരളത്തിലെ ആർക്കിടെക്റ്റുമാരിൽ നിരവധി പേർ ബാവയുടെ ആരാധകരായി മാറി. ശ്രീലങ്കൻ ജീവിതത്തിന് അനുസൃതമായാണ് ജെഫ്രി ബാവയുടെ ഡിസൈനുകളെങ്കിൽ പോലും കേരളത്തിൽ സമാന കാലാവസ്ഥയും ഭൂപ്രകൃതിയും ആയതുകൊണ്ട് കേരള ആർക്കിടെക്ചറിലും ട്രോപ്പിക്കൽ മോഡേണിസം വ്യാപകമായി സ്വീകരിക്കപ്പെട്ടു. അടിക്കടി ചൂടുകൂടുന്ന കേരളത്തിലെ കാലാവസ്ഥയും പ്രകൃതിദത്ത നിർമ്മാണ രീതികളെ സ്വീകരിക്കാനുള്ള മലയാളികളുടെ മനസ്സും ജെഫ്രി ബാവയുടെ ആശയങ്ങൾക്ക് ആരാധകരെ സൃഷ്ടിച്ചു. ജെഫ്രി ബാവയുടെ ആശയങ്ങൾ എന്ന പേരിൽ തന്നെ ആർക്കിടെക്റ്റുമാരും ഉപജ്ഞാതാവ് ആരെന്ന് അറിയാതെ മലയാളികളും ട്രോപ്പിക്കൽ മോഡേണിസത്തെ സ്വീകരിച്ചു.