ക്ഷേത്രത്തിനോട് ചേർന്ന് ജീവിച്ചവർക്കുള്ള വീട്, ഒരു മന സ്‌റ്റൈലിൽ നിർമ്മിച്ച വീട്, ഒരു യുവ ആർക്കിടെക്റ്റിന്റെ ആദ്യ പ്രൊജക്ട്. ഇത്രയുമായിരുന്നു തൃശ്ശൂരിലെ ഈ വീട് തേടിയുള്ള യാത്രയിൽ ആകെ മനസിലുണ്ടായിരുന്നത്. ഫോണിലൂടെ ആർക്കിടെക്റ്റ് ഹരികൃഷ്ണ വിശദമായി വീടിനെക്കുറിച്ച് വിവരിച്ചെങ്കിലും ഈ മൂന്ന് കാര്യങ്ങൾമാത്രം എന്തുകൊണ്ടോ മനസിൽ തെളിഞ്ഞുനിന്നു. സൂര്യൻ വീടിന് മുകളിൽ ഉദിച്ചുയർന്നു വന്ന നേരത്താണ് ഞങ്ങൾ എത്തിയത്. രാവിലെ അമ്പലത്തിൽ നിന്ന് ദേവസ്തുതി ഉയരുന്നത് കേൾക്കാമായിരുന്നു. മുറ്റത്ത് തുളസിത്തറ. പച്ചക്കാടുകൾക്ക് നടുവിൽ ചെങ്കൽ ചുവപ്പിൽ ഒരു വീട്. അതും നല്ല ലക്ഷണമൊത്ത മന. കാലപ്പഴക്കം ഇല്ലാതെ വെട്ടിത്തിളങ്ങി നിൽക്കുന്നതുകൊണ്ട് ന്യൂജൻ മനയെന്ന് വിളിക്കാനാണ് തോന്നിയത്. ട്രഡീഷണൽ സ്‌റ്റൈലിൽ നിർമ്മിച്ചപ്പോഴും ആധുനിക സൗകര്യങ്ങൾ വേണ്ട വിധം ചേർത്താണ് ഈ വീടിന്റെ നിർമ്മാണം.
തൃശ്ശൂർ സ്വദേശി സാജൻ പി. സിയുടെതാണ് വീട്. അമ്മയും അനുജനും കുടുംബവും അടങ്ങുന്ന തറവാട്ടുവീട്ടിലാണ് സാജനും കുടുംബവും താമസിക്കുന്നത്. മക്കൾ മാറി താമസിക്കുന്നത് അമ്മയ്ക്ക് അത്ര ഇഷ്ടമുണ്ടായിരുന്നില്ല. എന്നാൽ അവിചാരിതമായി കുടുംബ ക്ഷേത്രത്തിനടുത്ത് ഇഷ്ടപ്പെട്ട സ്ഥലം കിട്ടിയതോടെ വീട് വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കൂട്ടുകുടുംബത്തിന് ഒത്തുചേരാൻ കഴിയുന്നതാകണം വീട് എന്നായിരുന്നു സാജന്റെ പ്രധാന ആവശ്യം എന്നാൽ ഭാര്യ ശ്രുതിക്ക് റീലുകളിൽ കണ്ട് കണ്ട് നാലുകെട്ട് മാതൃകയിലുള്ളൊരു വീട് വേണമെന്നായിരുന്നു ആഗ്രഹം. സാജൻ ആ ആഗ്രഹത്തിന് കൂടെ നിന്നതോടെ മന സ്‌റ്റൈലിൽ വീട് നിർമ്മിക്കാമെന്ന തീരുമാനത്തിലെത്തി. ഇതിനായി കുടുംബം നേരിട്ട് മനകൾ സന്ദർശിച്ചു.
ആർക്കിടെക്റ്റ് ഹരികൃഷ്ണ വരച്ച പ്ലാൻ വാസ്തുപ്രകാരം ഒത്തുവന്നതോടെയാണ് സ്വപ്‌ന വീട് യാഥാർത്ഥ്യത്തിലേക്ക്.
ചെങ്കൽ വീട്
വീട് ചെങ്കല്ലിൽ നിർമ്മിക്കണമെന്ന ആഗ്രഹം സാജന് ആദ്യമെ തന്നെ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കണ്ണൂരിൽ നേരിട്ട് എത്തി ചെങ്കല്ല് സെലക്ട് ചെയ്താണ് തൃശ്ശൂരിൽ എത്തിച്ചത്. പടവിനായി ചെങ്കല്ലിൽ വൈദഗ്ദ്ധ്യമുള്ളവരും കണ്ണൂരിൽ നിന്നെത്തി. ചുറ്റുമതിൽ ഉൾപ്പെടെ ചെങ്കല്ലിൽ ആണ് നിർമ്മിച്ചത്.
കാരൈക്കുടി തൂണുകൾ
ട്രഡീഷണൽ വീടുകളുടെ പ്രധാനപ്പെട്ട ഭാഗമാണല്ലോ തൂണുകൾ. മരത്തിന്റെ തൂണുകൾ വേണമെന്നായിരുന്നു ആദ്യ ആഗ്രഹം. തൂണുകൾ തിരഞ്ഞ് തമിഴ്‌നാട്ടിലെ കാരൈക്കുടി വരെയെത്തി. വില ഒക്കാതെ വന്നതോടെ കരിങ്കൽ തൂൺ തിരഞ്ഞെടുത്തു. പ്രത്യേകം ഡിസൈൻ കൊടുത്ത് കൊത്തിയെടുത്ത കരിങ്കൽത്തൂൺ കാരൈക്കുടിയിൽ നിന്ന് തൃശ്ശൂരിലെത്തി. ഒപ്പം തൊഴിലാളികളും ഡിസൈൻ പ്രകാരം പൂമുഖത്തും നടുമുറ്റത്തും തൂണുകൾ ഉറപ്പിച്ച ശേഷമാണ് അവർ മടങ്ങിയത്.
ആത്തങ്കുടി ടൈൽ
ആത്തങ്കുടിടൈൽ വേണമെന്നായിരുന്നു ശ്രുതിയുടെ മറ്റൊരു ആഗ്രഹം. പിന്നീട് അതേ മാതൃകയിലുള്ള ടൈലുകൾ കിട്ടാനായി കേരളത്തിന്റെ പല ഭാഗത്തും സഞ്ചരിച്ചു. ഒടുവിൽ ആലപ്പുഴയിൽ നിന്നാണ് ടൈലുകൾ സംഘടിപ്പിച്ചത്. ശ്രുതി ആഗ്രഹിച്ചപോലെ ചുവപ്പിൽ വെള്ള നിറത്തിലുള്ള ഡിസൈനുകൾ ഉള്ള ടൈൽ.
3000 സ്‌ക്വയർഫീറ്റിലുള്ള വീട്ടിൽ മൂന്ന് ബെഡ്‌റൂമുകളാണ് ഉള്ളത്. താഴെ രണ്ട് റൂമും മുകൾ നിലയിൽ ഒന്നും. ബാക്കിയുള്ള ഏരിയ കുടുംബാംഗങ്ങൾക്ക് ഒത്തുചേരാനായി ഡിസൈൻ ചെയ്തതാണ്. നടുമുറ്റത്തിന് ചുറ്റുമായി ലിവിങ് ഏരിയ ഉണ്ട്. എന്നാൽ പ്രൈവസി ലഭിക്കുന്ന വിധത്തിൽ അടുക്കളയിൽ നിന്ന് ആക്‌സസ് ചെയ്യാവുന്ന വിധത്തിലാണ്. ഇവിടെയുള്ള ഡോർ തുറന്നാൽ നേരെ അമ്പലം കാണാം. ഓപ്പൺ കിച്ചൻ ആണ് വീടിന്റെ മറ്റൊരു പ്രത്യേകത. എല്ലാ ബെഡ്‌റൂമുകൾക്കും ബേ വിൻഡോ നൽകിയിട്ടുണ്ട്. മുകൾ നിലയിൽ ബെഡ്‌റൂം ഒഴികെയുള്ള ഭാഗം പാർട്ടി ഏരിയയാണ്. മുകൾ നിലയിലെ നീളൻ വരാന്തയാണ് മറ്റൊരു ആകർഷണം.
കൃഷ്ണയും രാധയും നിറഞ്ഞ ചുമർ ചിത്രങ്ങൾ
വീട്ടിൽ നിറയെ ചുമർ ചിത്രങ്ങൾ കാണാം. കൃഷ്ണനും രാധയും ആണ് പ്രധാനമായും ചിത്രങ്ങളിൽ ഉള്ളത്. സുഹൃത്തുക്കളായ കലാകാരന്മാരാണ് ഈ ചിത്രങ്ങൾക്ക് പിന്നിൽ. വീടിന്റെ ഇന്റീരിയറിനെ മനോഹരമാക്കുന്ന പ്രധാന അലങ്കാരങ്ങളിൽ ഒന്ന് ഈ ചിത്രങ്ങൾ തന്നെയാണ്.
കൂട്ടുകുടുംബത്തിന് ഒത്തുചേരാനുള്ള വീട്
ഈ വീട്ടിൽ ബെഡ്‌റൂം ഒഴികെയുള്ള ഭാഗങ്ങളെല്ലാം എല്ലാവർക്കും ഒത്തുചേരാനുള്ള ഇടങ്ങളാണ്. അതുകൊണ്ടാണ് 3000 സ്‌ക്വയർഫീറ്റ് വീട്ടിൽ വെറും മൂന്ന് ബെഡ്‌റൂമുകൾ മാത്രമായത്. ഹരിയുടെ കുടുംബത്തിന് പുറമെ അനിയന്റെ കുടുംബം അച്ഛനും അമ്മയും ഉറ്റ ബന്ധുക്കൾ എല്ലാവരും അടുത്തടുത്തായാണ് താമസം. എല്ലാവർക്കും ഒത്തുചേരാനുള്ള ഒരിടം. ഒന്നിച്ച് കഥ പറഞ്ഞിരിക്കാനുള്ള ഇടം. അതാണ് ഈ വീട്.
ഈ വീട്ടിലെ മഴ വേറൊരു വൈബാണ്. നടുമുറ്റത്ത് മഴ പെയ്യുന്നതും ഓടിലൂടെ വെള്ളം മുറ്റത്തേക്ക് എത്തുന്നതും ഈ വീടിന്റെ ഭംഗി കൂട്ടുന്നുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളും സമ്മാനിക്കുന്ന ഈ വീട് നമ്മളെ ഏതോ പഴയൊരു കാലത്തേക്ക് കൂട്ടിക്കൊണ്ടുപോകും. വെളുപ്പാൻ കാലത്ത്, മഴയത്ത്, മൂവന്തിക്ക് ഈ വീടിന് ഒരോ ഭാവങ്ങളാണ്. ഒരു ആർക്കിടെക്റ്റിന്റെ ആദ്യ വീടാണെന്ന് കണ്ടാൽ പറയില്ല. അത്രയും പെർഫക്ഷനുണ്ട് ഈ മനയ്ക്ക്.
സൂര്യൻ മറഞ്ഞു തുടങ്ങിയപ്പോഴാണ് മനയിൽ നിന്ന് മടങ്ങിയത്. അപ്പോൾ മനയ്ക്ക് വേറൊരു ഭംഗിയായിരുന്നു വേറൊരു ഭാവമായിരുന്നു. അപ്പോഴും അമ്പലത്തിൽ നിന്നുള്ള പാട്ട് കേൾക്കാമായിരുന്നു
Designed By Ar.Harikrishna (Hrk architect's)
hrkarchitecture@gmail.com
Constructed by Nanthavanth developers
Content Highlights: 3000 square feet traditional Mana-style home built with laterite stone., Combines classic aesthetics like Athangudi tiles and carved granite pillars with modern amenities., Features a central courtyard (Nadumuttam), open kitchen, and temple-facing view., Designed by young architect Harikrishnan for a joint family in Thrissur.
Published: 21 Oct 2026, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented