ലിവിങ് ഏരിയയിൽ ആദ്യം എത്തിയാൽ കണ്ണിലുടക്കുക്കുക മുകളിൽ നിന്നെത്തുന്ന നാച്വറൽ ലൈറ്റും അതിലൂടെ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടിയുമാണ്.

കൊച്ചി നഗരത്തിന്റെ ഹൃദയ ഭാഗമായ കടവന്ത്രയിൽ ഒരു വീട് ആരുടെയും സ്വപ്‌നമായിരിക്കും. എന്നാൽ അവിടെ ലഭിച്ച ഭൂമി വെറും മൂന്ന് സെന്റ് ആണെങ്കിലോ.?. പലരും ഇത്തരം സാഹചര്യത്തിൽ വീടെന്ന സ്വപ്നത്തെ പാതി വഴിയിൽ ഉപേക്ഷിക്കാറാണ് പതിവ്. പക്ഷേ പ്രവാസികളായ രേഷ്മയും സുബിനും തങ്ങളുടെ സ്വപ്‌നവുമായി മുന്നോട്ടുപോയി. ആ സ്വപ്നത്തെ അവർ ആർക്കിടെക്ചറൽ ഡിസൈനർ ഷിന്റോ വർഗീസിനെ (Founder and principal designer- Concepts Design Studio) ഏൽപ്പിച്ചു. അങ്ങനെ അബ്രഹാം ഗാർഡൻസ് പിറന്നു. മൂന്ന് സെന്റിൽ 1750 സ്‌ക്വയർഫീറ്റിൽ ഒരു വിശാലമായവീട്.
ഒരു ഇടുങ്ങിയ വീട് മനസിൽ പ്രതീക്ഷിച്ചാണ് കടവന്ത്രയിലെ എബ്രഹാംസ് ഗാർഡനിലേക്ക് ചെന്നത്. കൂണുപോലെ വീടുകളുള്ള കെ.പി വള്ളോൻ റോഡിൽ ഈ വീടങ്ങനെ കണ്ടുപിടിക്കും എന്നതായിരുന്നു ആശങ്ക. പക്ഷേ ആദ്യം കണ്ണിലുടക്കിയത് എബ്രഹാംസ് ഗാർഡനാണ്. പച്ചയും ഓറഞ്ചും നിറങ്ങളിൽ വീടിനെക്കുറിച്ചുള്ള എല്ലാ വർണ സങ്കൽപ്പങ്ങളെയും കാറ്റിൽ പറത്തി അബ്രഹാംസ് ഗാർഡൻ കൺമുന്നിൽ നിറഞ്ഞുനിന്നു. മൂന്ന് സെന്റ് പ്ലോട്ടിൽ വണ്ടി നിർത്താൻ സ്ഥലം ഉണ്ടാകില്ലെന്ന് കരുതി. വഴിയരികിൽ കാറ് ഇട്ട് നടന്നാണ് ചെന്നത്. അത് വെറുതെയായി. വീതി കുറഞ്ഞ വഴിയെ ഒട്ടും ബാധിക്കാതെ വീടിന്റെ സൈഡിലേക്ക് സ്ലെഡ് ചെയ്യുന്ന ഗേറ്റും. കാറും ടുവിലറും പാർക്ക് ചെയ്യാൻ കഴിയുന്ന വിശാലമായ മുറ്റവും. അങ്ങനെ വീട്ടിലേക്ക് കയറുന്നതിന് മുമ്പ് തന്നെ അബ്രഹാംസ് ഗാർഡൻ ഞെട്ടിച്ചു.
ഇന്റീരിയറിലെ ഗ്ലാഡിങ്ങും ടക്‌സ്റ്റർ പെയിന്റും
പച്ചയും ഓറഞ്ചും നിറങ്ങളാണ് ഇന്റീരിയറിൽ നൽകിയിരിക്കുന്നത്. ഈ നിറങ്ങൾ എടുത്ത് നിൽക്കാതിരിക്കാൻ ടെക്സ്റ്റർ പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത്. ആർ ആർ ക്ലാഡിങ് ഉപയോഗിച്ചും വീടിന്റെ ഇന്റീരിയർ മനോഹരമാക്കിയിട്ടുണ്ട്.
മൂന്ന് സെന്റിലെ വിശാലത
കാറ്റും വെളിച്ചവും കയറുന്ന മൂന്ന് ബെഡ്‌റൂമുള്ള വീട്. ഇതായിരുന്നു സുബിന്റെയും രേഷ്മയുടെയും ഏക ഡിമാന്റ്. ബാക്കിയെല്ലാം അവർ ഷിന്റോയുടെ തീരുമാനത്തിന് വിടുകയായിരുന്നു. ആ വിശ്വാസത്തിന്റെ ഉത്തരമാണ് മനോഹരമായ ഈ വീട്.
ചെറിയ സിറ്റൗട്ടും കടന്ന് നേരെ മുന്നിൽ കാണുന്ന ഫൊയർ സ്‌പേസും കഴിഞ്ഞ് അകത്തേക്ക് കയറുമ്പോൾ ഇത് മൂന്ന് സെന്റിലെ വീടാണെന്ന് പറഞ്ഞാൽ ആരും വിശ്വസിച്ചുവെന്ന് വരില്ല. അത്രയും വിശാലതയുണ്ട് ഈ വീടിന്റെ അകത്തളങ്ങൾക്ക് വീടിന്റെ രണ്ട് വശങ്ങളിൽ നിന്നായി കാറ്റും വെളിച്ചവും ധാരളമെത്തുന്നുണ്ട്. പകൽ ഒറ്റ ലൈറ്റുപോലും ഇടേണ്ട ആവശ്യമില്ല.
സൺ ലൈറ്റും കർട്ടൺ ക്രീപ്പറും
ലിവിങ് ഏരിയയിൽ ആദ്യം എത്തിയാൽ കണ്ണിലുടക്കുക്കുക മുകളിൽ നിന്നെത്തുന്ന നാച്വറൽ ലൈറ്റും അതിലൂടെ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടിയുമാണ്. കർട്ടൺ ക്രീപ്പറാണ് ചെടി. ലിവിങ് ഏരിയ ഡബിൾ ഹൈറ്റിൽ ചെയ്ത് സൺ ലൈറ്റ് നൽകി. അതിലൂടെ കർട്ടൺ ക്രീപ്പർ താഴേക്ക് വളർത്തി. ഈ ഡബിൾ ഹൈറ്റ് വാളിന്റെ ചുവരിലെ ഇലകളുടെ ആർട്ട് വർക്ക് ഇന്റീരിയറിന് നൽകുന്നത് എലഗന്റ് ലുക്കാണ്.
ലിവിങ് ഏരിയയെയും ഡൈനിങ് ഏരിയയെയും ചുവരുകൾ നൽകി വേർതിരിച്ചിട്ടില്ല. അതും വീടിനകം വിശാലമായി തോന്നിക്കാൻ കാരണമായി. ഡൈനിങ് ഏരിയയിലെ ഒരു ചുമര് ഗ്ലാസ് സൈഡിങ് ഡോറാണ്. ഇത് തുറന്നാൽ പുറത്തേക്ക് ഇറങ്ങാം. ഡൈനിങ് സ്‌പേസിൽ നിന്ന് സ്റ്റെപ്പുകൾ ഇറങ്ങിയാൽ വാഷ് ഏരിയ ആണ്. സ്റ്റെയർകേസിന്റെ അടിഭാഗത്താണ് വാഷ് ഏരിയ ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ താഴത്തെ നിലയിൽ ഒരു ചെറിയ ബെഡ്‌റൂം നൽകിയിട്ടുണ്ട്. ഓപ്പൺ കിച്ചണിന് പുറമെ ചെറിയ ഒരു വർക്ക് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്. ഡൈനിങ് സ്‌പെയ്‌സിന്റെ നേരെ എതിർ ഭാഗത്തായാണ് സ്‌റ്റെയർ ഏരിയ ഉള്ളത്. ജിഐ ട്യൂബിലുള്ള ഫാബ്രികേറ്റഡ് സ്റ്റെയർ കേസാണ് നൽകിയിട്ടുള്ളത്. വീടിനുള്ളിൽ വെളിച്ചം എത്തിക്കുന്നതിൽ ഈ സ്റ്റെയർ ഏരിയയ്ക്ക് വലിയ പങ്കുണ്ട്.
സ്യൂട്ട് റൂം ലുക്കിൽ മാസ്റ്റർ ബെഡ്‌റൂം
സ്റ്റെയർകേസു വഴി മുകളിലേക്ക് എത്തുമ്പോൾ ആദ്യം കണ്ണിൽ ഉടക്കുന്നത് കർട്ടൺ ക്രീപ്പറിന്റെ പച്ചപ്പാണ്. സ്റ്റെയർകേസിന്റെ ലാന്റിങ് ഏരിയ മുകൾ നിലയിലെ ലിവിങ് സ്‌പേസ് ആയി ക്രമീകരിച്ചിട്ടുണ്ട്. മുകൾ നിലയിൽ രണ്ട് ബെഡ്‌റൂമാണ് ഉള്ളത്. ഇതിൽ മാസ്റ്റർ ബെഡ്‌റൂം കണ്ടാൽ ഏതൊ ഹോട്ടലിലെ സ്യൂട്ട് റൂമാണെന്നേ തോന്നു. പുസ്തകം വായിച്ചിരിക്കാൻ പറ്റുന്ന ചെറിയൊരു സ്‌പേസും ഈ ഏരിയയിൽ ക്രമീകരിച്ചിട്ടുണ്ട്. ചെറിയൊരു സ്ലൈഡിങ് ഡോർ നൽകി പുറത്തേക്ക് ബാൽക്കണിയും ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരം ഇരുന്ന് സൺസെറ്റ് ആസ്വദിക്കാൻ ഏറ്റവും ബെസ്റ്റാണ് ഈ കുഞ്ഞൻ ബാൽക്കണി.സ്റ്റെയർകേസ് മുകളിലേക്ക് നീട്ടിയാണ് ടെറസ് സ്‌പേസ് നൽകിയിരിക്കുന്നത്.
വെറൈറ്റി കളർപാലറ്റ്
സാധാരണ കണ്ടുവരുന്ന കളർപാലറ്റ് അല്ല ഈ വീട്ടിലേത്. ഓറഞ്ചും പച്ചയും ക്രീമും ആണ് വീട്ടിൽ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. ഒലീവ് ഗ്രീൻ നിറത്തിലുള്ള ടൈലാണ് ലിവിങ് ഏരിയയിലെ ഹൈലറ്റ്. ഓറഞ്ച് നിറത്തിലുള്ള സോഫയാണ് ഇവിടെ നൽകിയത്.വീടിന്റെ വലുപ്പത്തിനനുസരിച്ച് ഫർണിച്ചറുകളെല്ലാം കസ്റ്റമൈസ് ചെയ്യുകയായിരുന്നു.
ഇരുട്ടിലും എബ്രഹാംസ് ഗാർഡൻ വേറിട്ടുതന്നെ നിൽക്കും. ആ കാഴ്ചകാണാൻ സൂര്യൻ മറയുന്നതുവരെ കാത്തുനിൽക്കേണ്ടി വന്നു.
ക്ലയന്റ് തനിക്ക് തന്നെ സ്വാതന്ത്ര്യമാണ് എബ്രഹാംസ് ഗാർഡൻ ഇത്ര മനോഹരമായി ചെയ്യാൻ സാധിച്ചതെന്ന് ഷിന്റോ പറയുന്നു. ആ വിശ്വാസം വെറും ഒരു വീടിനും അപ്പുറം ഏറ്റവും പ്രിയപ്പെട്ട ഒന്നായി രേഷ്മയ്ക്കും സുബിനും തിരിച്ചുകിട്ടി.
തിരിച്ചിറങ്ങാൻ തോന്നാത്തവിധം പോസിറ്റീവ് എനർജിയാണ് ഈ വീട് നൽകുന്നത്. മൂന്ന് സെന്റിൽ ഇങ്ങനെയൊരു വീട് എങ്ങനെ എന്ന ബ്രില്യന്റ് പ്ലാനിനും അപ്പുറം വീട് നിർമാണ് ഒരു കലയാണെന്ന് കൂടി ഈ വീട് സാക്ഷ്യം പറയും.
Content Highlights: Built on a compact 3-cent plot with a spacious 1750 sq.ft. layout, Features 3 bedrooms including a suite-like master bedroom, Designed by Shinto Varghese of Concepts Design Studio, Innovative use of double-height living areas and natural lighting, Includes parking for car and two-wheeler despite small plot size
Published: 29 Sept 2026, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented