ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവലിനെ അടിസ്ഥാനമാക്കി സൃഷ്ടിച്ച വെബ് സീരീസ് അതിന്റെ സർവതലസ്പർശിയായ സൂക്ഷ്മതകൊണ്ട് അഭിനന്ദനമർഹിക്കുന്നു എന്നുപറയുന്നു ലേഖകൻ. എഴുത്തിന്റെ ലാവണ്യംകൊണ്ട് മോഹിപ്പിച്ച് വായിപ്പിക്കുന്ന ഈ കൃതിയെ അതിന്റെ രസനീയത ഒട്ടും ചോരാതെയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്. അത്തരം പരിചരണത്തിലൂടെ ഖസാക്കിന്റെ ഇതിഹാസവും പ്രതിഭാശാലിയായ ഒരു സംവിധായകന് ദൃശ്യവത്കരിക്കാം എന്നും പറഞ്ഞുവെക്കുന്നു ലേഖകൻ

കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കേസ് തന്റെ നോവലിലെ കഥകളെ തമ്മിൽ ബന്ധിപ്പിക്കാൻ ‘അനേക വർഷങ്ങൾ കഴിഞ്ഞ്...’ എന്നെഴുതുമ്പോൾ വർത്തമാനകാലത്തിൽനിന്ന് ഭൂതകാലത്തിലേക്കുപോകുകയും വീണ്ടും തിരിച്ചുവരുകയും ചെയ്യുന്നു. ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങൾപോലും ഭൂത-വർത്തമാന കാലങ്ങളിൽ ഉള്ളടക്കം ചെയ്യുന്നതായും കാണാം. ‘അനേക വർഷങ്ങൾ കഴിഞ്ഞ് കേണൽ അറീലിയാനൊ ബ്വെൻഡിയ ഫയറിങ് സ്ക്വാഡിനെ നേരിടാനൊരുങ്ങുമ്പോൾ’ എന്നാണല്ലോ നോവൽ തുടങ്ങുന്നതുതന്നെ. 1967-ൽ രചിക്കപ്പെട്ടതാണ് ഏകാന്തതയുടെ നൂറു വർഷങ്ങൾ. നോവലിനെ അടിസ്ഥാനമാക്കിയുള്ള വെബ് പരമ്പരയുടെ ആദ്യസീസൺ 2024 ഡിസംബറിൽ പുറത്തുവന്നു. രണ്ടാം സീസൺ ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് നെറ്റ്ഫ്ളിക്സ് പ്രദർശിപ്പിച്ചുതുടങ്ങിയത്. അതിന്റെ ആഘോഷപൂർവമായ സമാപനം, ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ് 26-നും നടന്നു. രണ്ടു സീസണുകളിലായി ആകെ എട്ടു വീതം 16 എപ്പിസോഡുകൾ.
ആദ്യ സീസണിൽ കണ്ട മക്കോണ്ടോയുടെയും മനുഷ്യരുടെയും പ്രകൃതിയുടെയും ദൃശ്യഭാവങ്ങളും മനുഷ്യചേതനയുടെ അപ്രവചനീയമായ സഞ്ചാരങ്ങളും രണ്ടാംസീസണിലും താളവും രൂപവും പിഴയ്ക്കാതെ സംവിധായകരായ ലോറ മോറയും കാർലോസ് മൊറീനോയും പ്രശംസനീയമാംവിധം നിലനിർത്തിയിരിക്കുന്നു. ഗ്രാൻഡ് ഫിനാലെ ഉൾപ്പെടെ അഞ്ച് എപ്പിസോഡുകളുടെ സൃഷ്ടി ലോറ മോറ നിറവേറ്റിയപ്പോൾ കാർലോസ് മൊറീനൊ മൂന്നെണ്ണത്തിന് മേൽനോട്ടം വഹിച്ചു. നാല് രചയിതാക്കളുടെയും സാങ്കേതികവിദഗ്ധരുടെയും നാട്ടിലെ തനത് കരകൗശലവസ്തുക്കൾ നിർമിച്ചുനൽകിയ പ്രവർത്തകരുടെയും കൂട്ടായശ്രമത്തിന്റെ കൊളംബിയൻ സൃഷ്ടിയാണിത്.
ഒരു ജനപദത്തിന്റെ ബീജാവാപത്തിൽ തുടങ്ങുന്ന ആദ്യസീസൺ യുദ്ധപ്രിയനായ കേണൽ അറീലിയാനൊ ബ്വെൻഡിയ (കോഡിയൊ കറ്റാനൊ ) മക്കോണ്ടോ ആക്രമിക്കുന്ന ദൃശ്യത്തിലാണ് അവസാനിക്കുന്നത്. ഒരു കൂട്ടായ്മയിൽ കന്യകാദേശത്ത് ജീവിതം പടുത്തുയർത്തുന്ന പരിശ്രമത്തിൽനിന്ന് ക്രമേണ ബ്വെൻഡിയ കുടുംബത്തിന്റെ ഭ്രാന്തുകലർന്ന ഉത്കർഷത്തിലൂടെയും സ്വയംകൃതമായ നിർഭാഗ്യങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയും പിന്നീടത് കാണികളെ കൂട്ടിക്കൊണ്ടുപോകുന്നു.
പരമ്പര രചിച്ച സംഘത്തിലെ ഒരാളായ കാമില ബ്രൂഗസ് കാണികളെ നോവൽ കാണിക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്നു പറയുകയുണ്ടായി. അതിനാൽ ദൃശ്യങ്ങൾക്ക് അകമ്പടിയായി താളംതെറ്റാതെയുള്ള വിവരണവും ചേരുന്നുണ്ട്. വേർപെടുത്താൻ കഴിയാത്തവിധം ദൃശ്യങ്ങളോട് ഇഴുകിച്ചേരുന്നതിനാൽ കടന്നുകയറ്റമായി ഇതനുഭവപ്പെടുകയേയില്ല. അതത്ര അസാധാരണമല്ല. കഥാസിനിമകളിൽ പോലും ചിലപ്പോൾ വിവരണം ഉപയോഗപ്പെടുത്തിയിട്ടുള്ളതായി കാണാം. രണ്ടോ രണ്ടരയോ മണിക്കൂർ നീളുന്ന സിനിമയായി ഇത് നിർമിച്ചിരുന്നുവെങ്കിൽ ഏതാനും ഭാഗങ്ങൾ മാത്രമേ ഇതൾ വിടർത്തിക്കാണിക്കാൻ കഴിയുമായിരുന്നുള്ളൂ. ഏതാണ്ട് 1850 മുതൽ 1950 വരെയുള്ള കാലത്തിന്റെ ബാഹ്യരൂപങ്ങൾക്കുവേണ്ടി നാലുതരം മക്കോണ്ടോകൾ നിർമാതാക്കൾ നിർമിച്ചെടുത്തിരുന്നു. ആദ്യകാലത്തെ മക്കോണ്ടോയിലെ പുല്ലുമേഞ്ഞ മരക്കാലുകൾ താങ്ങിനിർത്തുന്ന കുടിലുകൾക്കു മുകളിലൂടെ പരവതാനികളിൽ വിമാനത്തിലെന്നപോലെ ആളുകൾ സഞ്ചരിച്ചിരുന്നു. അതൊരു കാലം !
ഒരേ പേരുള്ള പലകഥാപാത്രങ്ങൾ, സംഭവങ്ങളുടെ ചാക്രികചലനം, ജീവിതതാളത്തിന്റെ തനിയാവർത്തനങ്ങൾ. ദുശ്ശാഠ്യത്തിന്റെ മനോവ്യാപാരങ്ങൾ എല്ലാറ്റിനുംമേലെ മാർക്കേസിന്റെ ഗദ്യത്തിന്റെ വാചികഭംഗി ഇവയിലൂടെയാണ് എഴുത്തുകാർക്കും സംവിധായകർക്കും കടന്നുപോകേണ്ടിയിരുന്നത്. അത് ഭംഗിയായി സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. മാർക്കേസിന്റെ ‘വിസ്മയങ്ങൾ’ (മാജിക്) സൃഷ്ടിക്കുക, അവ നിത്യജീവിതത്തിന്റെ ഭാഗമായതിനാൽ അത്ര പ്രയാസകരമായിരിക്കില്ല. അത് ക്രിസ്റ്റഫർ നോളന്റെ ഒഡീസിയിൽനിന്ന് ഭിന്നമായി സാധാരണ മനുഷ്യരുടെ ജീവിതത്തിൽനിന്ന് പുറപ്പെടുന്നു എന്നതു മാത്രമല്ല കാരണം. അവയിലാരുംതന്നെ അദ്‌ഭുതങ്ങൾ സൃഷ്ടിക്കുന്ന അസാധാരണത്വം കാണുന്നില്ല . വിസ്മയങ്ങളുടെ അടിയിൽ കിടക്കുന്നത് വ്യക്തികളുടെ സ്വഭാവസവിശേഷതകളാണ്. അവർ തന്നെയാണ് അതിന്റെ സ്രഷ്ടാക്കളും. വിസ്മയങ്ങളാൽ വലയം ചെയ്യപ്പെട്ട ഒരു ലോകത്ത് ഒരു സംഭവം അദ്‌ഭുതപ്രവൃത്തിയാവില്ലല്ലോ.
അതിനാൽ റെമഡിയോസ് ദ ബ്യൂട്ടി (ഡാനിയെല്ലെ റയീസ്) ആകാശത്തേക്കുയർന്നുപൊങ്ങി ജീവിതത്തിന് അന്ത്യംകുറിക്കുന്നത് ഒരുദ്‌ഭുതകൃത്യമായി ആരും കണക്കാക്കുന്നില്ല. ചിലർ അതിനെ പരിഹസിക്കുന്നുപോലുമുണ്ട്. വിസ്മയങ്ങളെ അദ്‌ഭുതകൃത്യങ്ങളായിക്കണ്ട് ചൂഷണം ചെയ്യാൻ രചയിതാക്കൾ ഒട്ടൊരുമ്പെടുന്നുമില്ല. മൊറീസ്യോ ബാബിലോണിയ (ഡേവിഡ് പലാസിയൊ കോർടേസ്) െബ്വൻഡിയ കുടുംബത്തിലെ ഇളംതലമുറയായ മെമെയുമായി (ജ്വാനിറ്റ മൊളീന) പ്രേമത്തിലാവുന്നു. ബാബിലോണിയ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ മഞ്ഞചിത്രശലഭങ്ങൾ ഒപ്പം കൂടുന്നതായി മാർക്കേസ് എഴുതുന്നുണ്ട്. മാർക്കേസ് ഭാവന ചെയ്തതുപോലെ ദൃശ്യങ്ങളിൽ അതൊരു സാധാരണ സംഭവം. മകളുടെ ബന്ധത്തെ സംശയദൃഷ്ടിയോടെ കാണുന്ന ഫെർണാണ്ടയ്ക്കുമാത്രമാണ് ചിത്രശലഭങ്ങൾ ശല്യമായി തോന്നുന്നത്. പല കാലങ്ങളിലായി മൂന്നുപേരാണ് ഫെർണാണ്ടയായി വരുന്നത്. അതിൽ ബ്വെൻഡിയ കുടുംബാന്തരീക്ഷത്തിൽ, അതിന്റെ ഭ്രാന്തുകളിൽ പങ്കുചേരാത്ത ഫെർണാണ്ടയായി കാർല ബരാറ്റ പ്രത്യക്ഷപ്പെടുന്നു. ഫെർണാണ്ടതന്നെ സ്വന്തം വിഭ്രമങ്ങളിൽ ജീവിക്കുന്ന ആളാണ് എന്നതാണ് വൈപരീത്യം.
മൊറീസ്യോയുടെ അച്ഛനോ അമ്മയൊ കറുത്തവർഗത്തിൽപ്പെട്ട ആളായിരിക്കണം. മാർക്കേസ് വംശം എടുത്തുപറയുന്നില്ലെങ്കിലും അയാൾ കറുപ്പുകലർന്ന വംശമാണ്. അമേരിക്കൻ ഫ്രൂട്ട്കമ്പനിയിലെ വെറുമൊരു മോട്ടോർ മെക്കാനിക്. നോളൻ തന്റെ ഹെലനെ കറുത്തനിറമുള്ള ലൂപ്പിറ്റ ന്യോംഗോവിനെ ഏൽപ്പിച്ചത് ചർച്ചയായിരുന്നുവല്ലോ. നോളൻ അതിൽ പുതുകാലത്തിന്റെ രാഷ്ട്രീയവിവക്ഷകൾ ലക്ഷ്യംവെച്ചിട്ടുണ്ടാകാം. യഥാർഥത്തിൽ ലൂപ്പിറ്റയാകട്ടെ പലാസിയൊ കോർട്ടേസോ ആകട്ടെ നല്ല ആകാരഭംഗിയുള്ള ആകർഷകത്വമുള്ള നടീനടന്മാരാണ്
അനിഷ്ടകരമായ സംഭവങ്ങളെക്കുറിച്ചുള്ള അടിച്ചമർത്തപ്പെട്ട മറവി അഗമ്യഗമനത്തെക്കുറിച്ചുള്ള ഭീതിയും അതിൽനിന്ന് ജനിച്ചേക്കാവുന്ന ശാപവും മാർക്കേസ് പിന്തുടരുന്ന ചില കൈവഴികളാണ്. മക്കോണ്ടോതന്നെ ഒടുവിൽ കാറ്റെടുത്ത് മറവിയിലേക്ക് ആണ്ടുപോകയാണ്. വാഴക്കൃഷിയിൽ കുത്തക സ്ഥാപിച്ച അമേരിക്കൻ കമ്പനി തൊഴിലാളിസമരം അമർച്ചചെയ്യാൻ കൂലിപ്പട്ടാളത്തെ ഇറക്കി വെടിവെപ്പു നടത്തുകയും 3000 പേർ മരിക്കുകയും ചെയ്യുന്നുണ്ട്. അല്പകാലം കഴിഞ്ഞ് ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ആളുകൾ കരുതുന്നു; സമരത്തിന്റെ മുന്നിലുണ്ടായിരുന്ന ഹോസെ അർക്കാഡിയൊ സെഗുണ്ടൊ (ജൂലിയൻ റോമൻ) ഒഴിച്ച്. 32 ആഭ്യന്തരയുദ്ധങ്ങൾ തുടങ്ങിവെക്കുകയും അതിൽ എല്ലാറ്റിലും തോൽക്കുകയും ചെയ്ത് കേണൽ അറീലിയാനൊ ബ്വെൻഡിയയെത്തന്നെ ആളുകൾ മറന്നുപോയിരിക്കുന്നു.
പഴയതരത്തിലുള്ള ഒരു വിഭജനത്തെ ആശ്രയിക്കുകയാണെങ്കിൽ ഏകാന്തതയുടെ നൂറുവർഷങ്ങളെ ട്രാജഡിയായി കണക്കാക്കണം. രക്തബന്ധുത്വമുള്ളവർക്ക് ജനിക്കുന്ന കുട്ടിക്ക് പന്നിയുടെ വാൽ ഉണ്ടാവുമെന്ന വംശസ്ഥാപകയായ ഉർസുല ഇഗ്വറാന്റെ (മരിയെൽഡ സോട്ടോ ) ശാപഭീതി ഒടുവിൽ യാഥാർഥ്യമാവുന്നുണ്ടല്ലോ. ബ്വെൻഡ തലമുറയിലെ അവസാനത്തെ രണ്ടുപേർക്ക് അറീലിയാനോവിനും (സെബാസ്റ്റിയൻ ഒസോറിയൊ), അമരാന്ത ഉർസുലയ്ക്കും (എസ്തഫാനിയ പിനേറേസ്) ജനിക്കുന്ന കുട്ടിക്ക് വാലുണ്ട്. തുടർച്ചയായി നാലുവർഷം നിർത്താതെപെയ്യുന്ന മഴയിൽ മക്കോണ്ടോ ഒലിച്ചൊലിച്ചു നശിക്കുന്നത് ദുഃഖകരമായ കാഴ്ചയാണ്. സർവനാശത്തിലേക്കുപിന്നെ കുറച്ചു ദൂരമേയുള്ളൂ.
വിസ്മയങ്ങൾ കോമാളിത്തത്തിലേക്ക് വഴുതിവീഴാൻ കുറച്ചുസമയമേ വേണ്ടൂ. വിളുമ്പത്താണത് നിൽക്കുന്നത്. മാർക്കേസിലെന്നപോലെ ദൃശ്യഭാഷ്യത്തിലും അങ്ങനെ സംഭവിക്കുന്നില്ല എന്നത് കലാപരമായ വിജയമാണ്. ജീവിതാഘോഷങ്ങൾക്കും ദുരന്തങ്ങൾക്കുമിടയിലൂടെ ഒഴുകുന്ന നർമബോധത്തെ ദൃശ്യതലത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിൽ നിർമാതാക്കൾ പുലർത്തിയ നിർമമത എടുത്തുപറയണം. ദുരന്തത്തിന്റെ വ്യാപ്തി നർമംകൊണ്ട് ചെറുക്കുന്നതുപോലെ നർമത്തിനുമേൽ ദുരന്തത്തെ പ്രതിഷ്ഠിച്ച് മറിച്ചും ചെയ്യുന്നതായി കാണാം. ഒന്നിന് മറ്റേതിനുമേൽ ആധിപത്യം കൈവരുന്നില്ല.
ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം മുൻപുള്ള മഞ്ഞകലർന്ന പഴയവെളിച്ചമാണ് പരമ്പരയിൽ ഉടനീളം. സൂര്യന്റെ തീക്ഷ്ണമായ പ്രഭയെ പരമാവധി ഊറ്റിക്കളഞ്ഞിരിക്കുന്നു ചിത്രണം ചെയ്തവർ. വാതിൽ തുറക്കുമ്പോൾ അകത്തേക്കുകടക്കുന്ന വെളിച്ചം അതടയുമ്പോൾ പുറത്തേക്കുപോകുന്നു. വെളിച്ചത്തിന്റെ ഈ ഏറ്റക്കുറച്ചിലുകളെ ദൃശ്യങ്ങൾ നന്നായി ഉപയോഗപ്പെടുത്തുന്നു. കാൻവാസ് നിറയെ സസ്യലതാദികളും വീട്ടുപകരണങ്ങളും വസ്തുക്കളുംകൊണ്ട് നിറയുന്നത് കഥയിലെ ജൈവാംശത്തെ പരിപോഷിക്കുന്നതേയുള്ളൂ. ശൂന്യമായ വെളിമ്പ്രദേശങ്ങൾ കാണാനില്ലെന്നുതന്നെ പറയാം. കൊളംബിയൻ കലാകാരന്മാരുടെ ധാരാളം കരകൗശലവസ്തുക്കൾ പരമ്പരയിൽ ഉപയോഗിച്ചിട്ടുണ്ട്.
മാർക്കേസ് പറയാത്തത് അധികമൊന്നും കൂട്ടിച്ചേർത്തിട്ടില്ല രചയിതാക്കൾ. ചെറിയ വിളക്കിച്ചേർക്കലുകൾ നർമംചേർത്ത് ദുരന്തത്തെ തേച്ചുമിനുക്കാൻ പ്രയോജനപ്പെടുത്തുന്നുണ്ട് എന്നുമാത്രം. അവസാനത്തെ അറീലിയാനൊ തന്റെ ജന്മത്തിന്റെ വാസ്തവം അന്വേഷിച്ച് രേഖകൾക്കായി പള്ളി വികാരിയെ സമീപിക്കുന്നുണ്ട്. ‘‘ഞാൻ പ്രാർഥിക്കാൻ വന്നതല്ല’’ എന്ന് അറീലിയാനൊ പറയുമ്പോൾ അച്ചൻ ഇങ്ങനെ പറയുന്നു: ‘‘നന്നായി മകനെ ! ദൈവം ഈ പട്ടണത്തെ ഉപേക്ഷിച്ചിരിക്കുന്നു’’. അമരാന്ത ഉർസുലയുടെ ഭർത്താവ് ഗാസ്തോൺ പൊട്ടിപ്പൊളിഞ്ഞ സ്റ്റേഷനിൽ തീവണ്ടിക്കായി കാത്തുനിൽക്കുന്നതു കാണാം. പുകതുപ്പി വരുന്ന തീവണ്ടി. അതുനിർത്തുന്നില്ലെന്നു കാണുമ്പോൾ ഗാസ്തോൺ കൈ നീട്ടുന്നു. നിർത്താതെ പോകുന്ന വണ്ടിയിൽ അയാൾ ചാടിക്കയറുന്നുണ്ട്. എന്നിട്ട് സ്വയം പറയുന്നു: ‘‘അവിശ്വസനീയം!’’
അവസാനത്തെ ബ്വെൻഡിയ വംശജരായ അറീലിയാനൊ ആകട്ടെ, അച്ചനാവാൻ പോയി ഒന്നുമാകാതെ തിരിച്ചുവന്ന് സദിരുകളിൽ മുങ്ങിപ്പൊങ്ങുന്ന ഹോസെ അർക്കാഡിയൊ (ഇമ്മാനുവൽ റെസ്ട്രപ്പൊ) ആകട്ടെ, നിത്യപരിചിതമായ മനുഷ്യമാതൃകകളാകയാൽ അവരുടെയും പെൺതരിയായ അമരാന്ത ഉർസുലയുടെയോ ദുരന്തങ്ങളിൽ വിസ്മയങ്ങൾ ഏതുമില്ല. തന്തയില്ലാതെ വളരുന്ന, പഠിച്ചിട്ടില്ലാത്ത അറീലിയാനൊ സ്വയം പഠനത്തിലൂടെ ജ്ഞാനമാർജിക്കുന്നുണ്ട്. ജിപ്സിയായ മൽക്യാഡിസിന്റെ പുസ്തകത്തിലെ അക്ഷരങ്ങളുടെ മറനീക്കാൻ സംസ്കൃതം സ്വയം പഠിക്കാൻമാത്രം ശേഷിയുണ്ട് അയാൾക്ക്. മെൽക്യാഡിസ് നേരത്തേതന്നെ എഴുതിവെച്ച വംശചരിത്രത്തിലെ അവസാന വരികൾ അറീലിയാനൊ ഇങ്ങനെ വായിക്കുന്നു: ‘‘വംശത്തിലെ ആദ്യത്തെ ആളെ മരത്തിൽ കെട്ടിയിട്ടിരിക്കുന്നു, അവസാനത്തെ ആളെ ഉറുമ്പുകൾ തിന്നുകയാണ്’’
മാർക്കേസിന്റെ കഥാപാത്രങ്ങളെ വ്യാഖ്യാനിച്ച നടീനടന്മാർ പ്രശംസയർഹിക്കുന്നു. നാടകവേദിയുടെയും വിവരണങ്ങളുടെയും സാധ്യതകൾകൂടി നന്നായി ഉപയോഗപ്പെടുത്തി മഹത്തായ ഒരു സാഹിത്യകൃതിക്ക് നിർമാതാക്കൾ ആ കൃതി അർഹിക്കുംവിധമുള്ള ദൃശ്യഭാഷ്യം ചമച്ചിരിക്കുന്നു. മാർക്കേസുമായി പലവിധത്തിലും ചാർച്ചയുള്ള മലയാളി ഒ.വി. വിജയനാണ്. സർഗവാസനയും സാഹിത്യകൃതിയോട് സ്നേഹവുമുള്ള ഒരാൾക്ക്, അഥവാ ഒരു കൂട്ടം ആളുകൾക്ക് ‘ഖസാക്കിന്റെ ഇതിഹാസം’ ദൃശ്യപരമ്പരയായി സൃഷ്ടിക്കുക അസാധ്യമല്ലെന്ന് ഈ പരമ്പര ബോധ്യപ്പെടുത്തും.
Content Highlights: An insightful review of the Netflix web series adaptation of Gabriel García Márquez's legendary novel One Hundred Years of Solitude, praising its meticulous visual storytelling and suggesting that O.V. Vijayan's masterpiece Khasakkinte Ithihasam could similarly be rendered into an exceptional screen adaptation.
Published: 11 Oct 2026, 09:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented