മുംബൈ: ഫവാദ് ഖാനും മഹീറ ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന പാകിസ്താനി സീരീസായ 'ജോ ബചേ ഹേൻ സാങ് സമേത് ലോ' ഇന്ത്യയിൽ റിലീസ് ചെയ്‌തേക്കില്ലെന്ന് നെറ്റ്ഫ്ലിക്‌സ് തീരുമാനിച്ചതായി റിപ്പോർട്ട്. പാകിസ്താനി ഉള്ളടക്കങ്ങൾക്കെതിരായ സർക്കാർ മാർഗനിർദേശം വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം വീണ്ടും ഓർമിപ്പിച്ചതിനും ചലച്ചിത്ര സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതിനും പിന്നാലെയാണ് നടപടി. സീരീസ് ഇന്ത്യയിലെ വരിക്കാർക്ക് ലഭ്യമാകില്ലെന്നും പ്ലാറ്റ്‌ഫോമിന്റെ വരാനിരിക്കുന്ന പ്രദർശനപ്പട്ടികയിൽ നിന്ന് ഇത് നീക്കം ചെയ്തതായും 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു.
ബന്ധപ്പെട്ട അധികൃതരുമായി നെറ്റ്ഫ്ലിക്‌സ് ടീം ആശയവിനിമയം നടത്തിയതായും, 2025-ലെ സർക്കാർ നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെടുത്തതെന്നുമാണ് വിവരം. രാജ്യത്തിന്റെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഒ.ടി.ടി ഭീമന്റെ ഈ നീക്കം.
നവംബർ 24-ന് സീരീസിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ത്യയിൽ പ്രതിഷേധം ശക്തമായത്. സീരീസ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷനും ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുണ്ടായ ഇന്ത്യ-പാകിസ്താൻ സൈനിക സംഘർഷങ്ങൾക്കും പിന്നാലെ, 2025 മേയ് 8-ന് പുറപ്പെടുവിച്ച മാർഗനിർദേശമാണ് ചലച്ചിത്ര സംഘടനകളുടെ എതിർപ്പിന് അടിസ്ഥാനം. ദേശീയ സുരക്ഷ മുൻനിർത്തി പാകിസ്താനിൽ നിർമിച്ച വെബ് സീരീസുകൾ, സിനിമകൾ, ഗാനങ്ങൾ, പോഡ്കാസ്റ്റുകൾ തുടങ്ങിയവ ഒഴിവാക്കണമെന്ന് വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം അന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളോടും ഡിജിറ്റൽ മാധ്യമങ്ങളോടും ആവശ്യപ്പെട്ടിരുന്നു.
ഈ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഇപ്പോൾ നെറ്റ്ഫ്ലിക്‌സിനെ വീണ്ടും ഓർമിപ്പിച്ചിട്ടുണ്ട്. പാകിസ്താനി സിനിമകളോ സീരീസുകളോ ഇന്ത്യയിലെ വരിക്കാർക്ക് ലഭ്യമാക്കുന്നില്ലെന്ന് 2025 ജൂണിൽ നെറ്റ്ഫ്ലിക്‌സ് സർക്കാരിനെ അറിയിച്ചിരുന്ന കാര്യവും മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
സീരീസ് ഇന്ത്യയിൽ റിലീസ് ചെയ്യുകയാണെങ്കിൽ ഡിസംബർ 5 മുതൽ രാജ്യത്തുടനീളമുള്ള നെറ്റ്ഫ്‌ലിക്‌സ് പ്രോജക്ടുകളിൽ നിന്ന് അംഗങ്ങളെ പിൻവലിക്കുമെന്ന് എഫ്.ഡബ്ല്യു.ഐ.സി.ഇ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കും സായുധസേനകൾക്കും എതിരേ പാകിസ്താനി താരങ്ങൾ മുൻപ് നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് എ.ഐ.സി.ഡബ്ല്യു.എ എതിർപ്പ് ഉന്നയിച്ചത്.
പാകിസ്താനി എഴുത്തുകാരി ഫർഹത് ഇഷ്തിയാഖിന്റെ ജനപ്രിയ ഉർദു നോവലിനെ ആസ്പദമാക്കിയാണ് 'ജോ ബചേ ഹേൻ സാങ് സമേത് ലോ' ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യ പാകിസ്താനി ഒറിജിനൽ സീരീസാണിത്. മൊമിന ദുരൈദ് സംവിധാനവും നിർമാണവും നിർവഹിക്കുന്ന ഈ റൊമാന്റിക് ഡ്രാമ മൂന്ന് തലമുറകളിലായി വ്യാപിച്ചുകിടക്കുന്ന ആറ് പ്രണയകഥകളാണ് പറയുന്നത്.
ഫവാദ് ഖാൻ, മഹീറ ഖാൻ എന്നിവർക്കൊപ്പം ഹനിയ ആമിർ, അഹദ് റാസ മിർ, സനം സയീദ്, ഇക്ര അസീസ്, ഹംസ അലി അബ്ബാസി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 2026 ഡിസംബർ 4-നാണ് സീരീസിന്റെ ആഗോള പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.
Published: 29 Nov 2026, 02:12 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented