ക്യാമ്പസ്, സൗഹൃദം, പ്രണയം... ഇത് ഒരു ഒന്നൊന്നര കോമ്പോയാണ്. പല കാലങ്ങളിൽ, പല സിനിമകളിലൂടെ, പല ജോണറുകളിലൂടെ ഇതേ കോമ്പോ ഓഫർ നമുക്ക് ലഭിച്ചുകഴിഞ്ഞു. അക്കൂട്ടത്തിലേക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് ആമിർ പള്ളിക്കൽ സംവിധാനംചെയ്ത് ജോമോൻ ജ്യോതിർ നായകനായ പ്രേംപാറ്റ. ലിജീഷ് കുമാറാണ് തിരക്കഥയും സംഭാഷണങ്ങളും. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സാണ് നിർമാണം. കളർഫുൾ യൂത്ത് എന്റർടെയ്നറായാണ് ചിത്രം എത്തിയിരിക്കുന്നത്.

To advertise here,

ക്യാംപസ് പ്രണയങ്ങളും സൗഹൃദവും ഒരു കോളേജ് എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടിരിക്കുന്നു എന്നതാണ് പ്രേംപാറ്റയെ ശ്രദ്ധേയമാക്കുന്നത്. ഷഹബാസ് എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. ഷഹബാസിന് ആലിയ എന്ന ജൂനിയർ വിദ്യാർത്ഥിനിയോട് തോന്നുന്ന പ്രണയമാണ് 'പ്രേംപാറ്റ'യുടെ കാതൽ. ആലിയയോട് പ്രണയമുണ്ടെങ്കിലും, പിന്തുണച്ചുകൊണ്ട് കോളേജ് ഒന്നടങ്കം ഒപ്പമുണ്ടെങ്കിലും അത് തുറന്നുപറയാൻ പറ്റാത്ത വിങ്ങലിലാണ് ഷഹബാസ്. അങ്ങനെയിരിക്കേയാണ് ഇരുവർക്കും കോളേജിന്റെ ആ വർഷത്തെ എൻഎസ്എസ് ക്യാമ്പിൽ പങ്കെടുക്കേണ്ടി വരുന്നത്. ഈ ക്യാമ്പിൽവെച്ച് ഷഹബാസ് ആലിയയോട് പ്രണയം തുറന്നുപറയുമോ എന്നാണ് ചിത്രം പ്രേക്ഷകർക്കായി കാത്തുവയ്ക്കുന്നത്.

ഇഷ്ടപ്പെട്ടയാളെ സ്വന്തമാക്കുന്നത് മാത്രമല്ല, കിട്ടാതിരിക്കുന്നതും പ്രണയമാണെന്ന് സിനിമയിൽ ഒരിടത്ത് ഷഹബാസ് പറയുന്നുണ്ട്. ഈ ആശയം ചിത്രത്തിൽ പലയിടത്തും വന്നുപോകുന്നതായി കാണാം. അടിമുടി പ്രണയമാണ് ചിത്രത്തിൽ ഉടനീളം. പ്രണയത്തിന്റേതായ പല ഘടകങ്ങളും മിക്ക ഫ്രെയിമുകളിലും സംവിധായകൻ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ഷഹബാസ്-ആലിയ ലവ് സ്റ്റോറിക്ക് സമാന്തരമായി പലതരം പ്രണയകഥകൾ ചിത്രത്തിൽ കാണാം. എന്തിനേറെ പറയുന്നു, പ്രണയംകൊണ്ട് ശ്വാസംമുട്ടുന്ന അവസരത്തിൽ ആശ്വാസം തേടി ഷഹബാസ് ഉമ്മയെ വിളിക്കുന്ന രംഗത്തിൽ, ഉമ്മ വായിച്ചുകൊണ്ടിരിക്കുന്നതായി കാണിക്കുന്ന പുസ്തകം ജലാലുദ്ദീൻ റൂമിയുടെ മസ്നവി ആണ്.

ജോമോൻ ജ്യോതിർ ആണ് ഷഹബാസ് എന്ന നായകനായി എത്തിയിരിക്കുന്നത്. സോളോ ഹീറോ ആയി ജോമോന് സ്ഥാനക്കയറ്റം കിട്ടിയിരിക്കുകയാണ് ‘പ്രേംപാറ്റ’യിലൂടെ. പ്രണയം തുറന്നുപറയുന്നതിന് മുൻപും ശേഷവുമുള്ള ഷഹബാസിന്റെ അവസ്ഥയെ ജോമോൻ മികവുറ്റതാക്കിയിട്ടുണ്ട്. പഞ്ചായത്തംഗമായ ആകാശായി എത്തിയ സൈജു കുറുപ്പും പ്രണയം പറയുന്ന കഥാപാത്രം തന്നെ. അനുശ്രീ, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ജുനൈസ് വി.പി, സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, തെസ്നി ഖാൻ, അശ്വിൻ വിജയൻ എന്നിവരും മികച്ച പ്രകടനംതന്നെ കാഴ്ചവെച്ചു. സിദ്ദിഖ് അവതരിപ്പിച്ച തള്ള് തോമ എന്ന എക്സ് മിലിട്ടറി കഥാപാത്രം തുടക്കത്തിൽ ചിരിയും പിന്നീട് നൊമ്പരവുമാകുന്നുണ്ട്.

അങ്കിത് മേനോൻ ഒരുക്കിയ പാട്ടുകളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. മുഴുവൻ ഗാനമായും പശ്ചാത്തലഗാനമായും അവ ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നുണ്ട്. പാട്ടുകളെ ഈ സിനിമയിലെ കഥാപാത്രങ്ങൾ എന്നുവിളിച്ചാലും തെറ്റില്ല. രണദിവെയുടെ ഛായാഗ്രഹണവും ആകാശ് ജോസഫിന്റെ എഡിറ്റിങ്ങും ചിത്രത്തിന് മുതൽക്കൂട്ടാണ്. VFX കൈകാര്യം ചെയ്ത മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസും കയ്യടിയർഹിക്കുന്നു. വ്യത്യസ്തമായ ക്യാംപസ് പ്രണയചിത്രങ്ങൾ കാണാനാഗ്രഹിക്കുന്നയാളാണ് നിങ്ങളെങ്കിൽ ടിക്കറ്റെടുക്കാം പ്രേംപാറ്റയ്ക്ക്.