അക്രമങ്ങൾക്കും അധികാരികളുടെ അനാസ്ഥയ്ക്കും മുന്നിൽ പതറാതെ കാണാതായ തന്റെ മകളെ തേടിയിറങ്ങുന്ന ഒരമ്മയുടെ പോരാട്ടത്തിന്റെ കഥയാണ് ‘ദി ഹണ്ട്രസ്’. മെക്സിക്കൻ സംവിധായിക സുസാൻ ആൻഡ്രൂസ് കൊറിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2026-ലെ സൺഡാൻസ് ചലച്ചിത്രമേളയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ മയൂരത്തിനായി മത്സരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ്.

To advertise here,

മെക്സിക്കോയിലെ സിയുഡാഡ് ജുവാരസ് നഗരത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെയും തട്ടികൊണ്ട് പോകലിന്റെയുമൊക്കെ പശ്ചാത്തലത്തിലാണ് സംവിധായിക ഈ ത്രില്ലർ ഒരുക്കിയിരിക്കുന്നത്.

സിയുഡാഡ് ജുവാരസിലെ ഒരു സാധാരണ ഫാക്ടറി തൊഴിലാളിയാണ് മാർത്ത (അഡ്രിയാന പാസ്). തന്റെ കൗമാരക്കാരിയായ മകൾ ഡാനിയേലയെ അപ്രതീക്ഷിതമായി കാണാതാകുന്നതോടെ മാർത്തയുടെ ജീവിതം കീഴ്മേൽ മറിയുന്നു. മകളെ കണ്ടെത്താൻ പോലീസിനെ സമീപിക്കുന്നുണ്ടെങ്കിലും അഴിമതിയും നിസ്സംഗതയും കാരണം യാതൊരു സഹായവും അവർക്ക് ലഭിക്കുന്നില്ല.

പോലീസിന്റെ അനാസ്ഥയിൽ മനംമടുത്ത മാർത്ത മകളെ കണ്ടെത്താനും കുറ്റവാളികളെ ശിക്ഷിക്കാനും സ്വയം ഇറങ്ങിത്തിരിക്കുന്നു. നഗരത്തിലെ കുഴപ്പം നിറഞ്ഞ സ്ഥലങ്ങളിലും മറ്റും മാർത്ത നടത്തുന്ന അന്വേഷണം ത്രില്ലടിപ്പിക്കുന്നതാണ്. ഇര എന്ന നിലയിൽ നിന്ന് വേട്ടക്കാരിയിലേക്ക് മാറുന്ന മാർത്തയുടെ പരിവർത്തനമാണ് ചിത്രത്തിന്റെ കാതൽ.

കാൻ ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുള്ള അഡ്രിയാന പാസിന്റെ ഉജ്ജ്വല പ്രകടനമാണ് ‘ദി ഹണ്ട്രസി’ന്റെ ജീവൻ. മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ കഥാപാത്രത്തിന്റ നിസ്സഹായതയും പിന്നീട് സ്വഭാവത്തിലുണ്ടാകുന്ന മാറ്റവുമെല്ലാം അഡ്രിയാന പാസ് അവിസ്മരണീയമാക്കി.

സംഭാഷണങ്ങളേക്കാൾ കണ്ണുകളിലൂടെയും ചെറിയ ചലനങ്ങളിലൂടെയുമാണ് അവർ കഥാപാത്രത്തിന്റെ ഉള്ളിലെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സംവിധായിക സുസാൻ ആൻഡ്രൂസ് കൊറിയയുടെ ആദ്യ ഫീച്ചർ സിനിമയാണിത് എന്ന് തോന്നിക്കാത്ത വിധത്തിൽ ഗംഭീരമാണ് സംവിധാനം. ഡോക്യുമെന്ററി ശൈലിയോട് ചേർന്നുനിൽക്കുന്ന റിയലിസ്റ്റിക് അവതരണമാണ് ചിത്രത്തിന്റേത്.

അനാവശ്യമായ പശ്ചാത്തലസംഗീതമോ നാടകീയതയോ ഇല്ലാതെ ശ്വാസമടക്കിപ്പിടിച്ച് കാണാവുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചു.

‘ടെയ്ക്കൺ’ പോലുള്ള അന്വേഷണം പിന്നെ പ്രതികാരം പോലുള്ള പതിവ് ത്രില്ലറുകളുടെ മാതൃകകളിൽ നിന്ന് മാറിനിൽക്കുന്ന ചിത്രമാണ് ‘ദി ഹണ്ട്രസ്’. ഇവിടെ നായക കഥാപാത്രം അമാനുഷിക ശക്തിയുള്ള ഒരാളല്ല മറിച്ച് നീതി നിഷേധിക്കപ്പെട്ട ഒരു സാധാരണക്കാരിയാണ്. ത്രില്ലടിപ്പിക്കുന്ന, ശ്വാസം അടക്കിപിടിച്ച് കാണാൻ പറ്റുന്ന ഒരു ചിത്രം തന്നെയാണ് ‘ദി ഹണ്ട്രസ്’.