രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മരുഭൂമിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രതികാര കഥയാണ് ഹാഫ്.

‘ഗോളം’ എന്ന ത്രില്ലർ ചിത്രത്തിന് ശേഷം സംവിധായകൻ സംജാദ് ഒരുക്കിയ ചിത്രമാണ് ‘ഹാഫ്’. മലയാളത്തിലെ ആദ്യ വാംപയർ ആക്ഷൻ ത്രില്ലറാണിത്. ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രശസ്തമായ 'മിഡ്‌നൈറ്റ് മാഡ്‌നസ്' വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ആദ്യ മലയാള ചിത്രമെന്ന ചരിത്രനേട്ടവുമായാണ് 'ഹാഫ്' അന്താരാഷ്ട്ര ചലച്ചിത്രമേളയിലെത്തിയത്. ഗാല പ്രീമിയർ വിഭാഗത്തിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. സംജാദും പ്രവീൺ വിശ്വനാഥും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മരുഭൂമിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രതികാര കഥയാണ് ഹാഫ്.
ഇരട്ട സഹോദരങ്ങളായ ഈഥനും (രഞ്ജിത്ത് സജീവ്) ഐവിയും (ഐശ്വര്യ രാജ്) സാധാരണ മനുഷ്യരല്ല. മനുഷ്യന്റെയും വാംപയറിന്റെയും സങ്കരവർഗത്തിൽപ്പെട്ടവരാണ്. സാധാരണക്കാരെപ്പോലെ ജീവിക്കുന്ന ഇവർക്ക് അമാനുഷിക ശക്തികളുണ്ട്. ഐവിയുടെ പുതിയ ജോലിസ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ മരുഭൂമിയിലെ വിജനമായ പാതയിൽ വെച്ച് ഒരു കൊള്ളസംഘം ഇവരെ ആക്രമിക്കുന്നു. യാത്രക്കാരെ കൊലപ്പെടുത്തി വാഹനങ്ങൾ കൊള്ളയടിക്കുന്ന ഈ സംഘം ഇരുവരെയും ആക്രമിച്ച് വഴിയരികിൽ ഉപേക്ഷിക്കുന്നു. പീന്നീടുള്ള ഇവരുടെ പ്രതികാരമാണ് സിനിമയുടെ ഇതിവൃത്തം.
രഞ്ജിത്ത് സജീവും ഐശ്വര്യ രാജും തമ്മിലുള്ള സഹോദരബന്ധവും ആക്ഷൻ രംഗങ്ങളിലെ ഒത്തിണക്കവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഐവിയായി ഐശ്വര്യ രാജ് മികച്ച പ്രകടനം കാഴ്ചവെച്ചു. അമല പോൾ, അബ്ബാസ്, ശ്രീകാന്ത് മുരളി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ‘ദി റെയ്ഡ് 2’ എന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ വെരി ട്രൈ യൂലിസ്മാൻ ഒരുക്കിയ സംഘട്ടന രംഗങ്ങളാണ് ‘ഹാഫി’ന്റെ നട്ടെല്ല്. കൈയടക്കമുള്ള ക്യാമറ ചലനങ്ങളിലൂടെ പപ്പിനു ആക്ഷൻ രംഗങ്ങളെ അതിന്റെ തീവ്രത ഒട്ടും ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട്. മിഥുൻ മുകുന്ദന്റെ ഊർജ്ജസ്വലമായ പശ്ചാത്തലസംഗീതവും വിഷ്ണു ഗോവിന്ദിന്റെ ശബ്ദമിശ്രണവും മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിംഗും ചിത്രത്തിന് ഒരു അന്താരാഷ്ട്ര ആക്ഷൻ ത്രില്ലർ സ്വഭാവം നൽകുന്നുണ്ട്.
ചില രംഗങ്ങളിലെ അതിക്രൂരമായ വയലൻസ് സാധാരണ പ്രേക്ഷകർക്ക് അസ്വസ്ഥതയുണ്ടാക്കിയേക്കാം. എന്നാൽ ഈ ജോണർ ഇഷ്ടപെടുന്നവർക്ക് ശ്വാസമടക്കിപ്പിടിച്ച് കാണാവുന്ന ഒരു പക്കാ ‘അഡ്രിനാലിൻ റഷ്’ ആക്ഷൻ വിരുന്നാണ് സംജാദ് ഒരുക്കിയിരിക്കുന്നത്. മലയാള സിനിമ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തൊരു ജോണറിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മേക്കിങ്ങിലൂടെ അവതരിപ്പിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.
Content Highlights: Directed by Golam filmmaker Samjad, Half—Malayalam cinema's first vampire action thriller and the first Malayalam film selected for TIFF's Midnight Madness—stars Ranjith Sajeev and Aishwarya Raj as human-vampire hybrid twins seeking brutal desert revenge against highway robbers, elevated by The Raid 2 choreographer Very Tri Yulisman's adrenaline-pumping stunt work and strong performances alongside Amala Paul.
Published: 25 Nov 2026, 09:42 am IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented