അർജന്റീനയിൽ നിന്നുള്ള അഭിനേതാവും സംവിധായകനുമായ ലോറൻസോ ഫെറോയും ലൂക്കാസ് എ. വിഗ്നാലെയും ചേർന്ന് ഒരുക്കിയ ചിത്രമാണ് ‘ദി റിവർ ട്രെയിൻ’. 2026-ലെ ബെർലിൻ ചലച്ചിത്രമേളയിലും തുടർന്ന് മറ്റ് അന്താരാഷ്ട്ര മേളകളിലും ശ്രദ്ധ നേടിയ ഈ ചിത്രം 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങളിലൊന്നാണ്.

To advertise here,

ഒരു കൊച്ചുകുട്ടിയുടെ സ്വപ്നങ്ങളെയും അപ്രതീക്ഷിതമായ ഒരു യാത്രയെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്.

അർജന്റീനയിലെ ഒരു ഗ്രാമപ്രദേശത്ത് താമസിക്കുന്ന ഒമ്പത് വയസ്സുകാരനായ മൈലോയാണ് (മൈലോ ബാരിയ) കേന്ദ്രകഥാപാത്രം. പരമ്പരാഗത ഗൗച്ചോ നൃത്തരൂപമായ ‘മലാംബോ’യിൽ കഠിന പരിശീലനം നൽകുന്ന പിതാവ് മരിയാനോയുടെ (മരിയാനോ ബാരിയ) കർശന ചിട്ടയിലാണ് അവന്റെ ജീവിതം. ചിന്തിക്കാനല്ല അനുസരിക്കാനാണ് അവനെ നിരന്തരം പരിശീലിപ്പിക്കുന്നത്.

ഒരു ദിവസം ടെലിവിഷനിൽ ബ്യൂണസ് അയേഴ്സ് നഗരത്തെക്കുറിച്ചും അവിടെ സ്വപ്നങ്ങൾ തേടി പോകുന്നതിനെക്കുറിച്ചും കാണുന്ന ഒരു പരിപാടി മൈലോയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നു. ദിനചര്യകളിൽ നിന്നും കർശനമായ നിയന്ത്രണങ്ങളിൽ നിന്നും ഒരു മോചനം വേണമെന്ന് അവൻ തീരുമാനിക്കുന്നു.

ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി കുടുംബാംഗങ്ങളെ ഉറക്കിയ ശേഷം മൈലോ ഒരു തീവണ്ടി കയറി ബ്യൂണസ് അയേഴ്സിലേക്ക് യാത്ര തിരിക്കുന്നു. വലിയൊരു നഗരത്തിൽ ഒറ്റയ്ക്കെത്തുന്ന ആ കുട്ടിയുടെ അനുഭവങ്ങളും അവിടെ കണ്ടുമുട്ടുന്ന അപരിചിതരുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് കൊണ്ട് പോകുന്നത്.

പുതുമുഖമായ മൈലോ ബാരിയ തന്റെ കഥാപാത്രത്തെ അങ്ങേയറ്റം സ്വാഭാവികമായി സ്ക്രീനിൽ പകർത്തിയിട്ടുണ്ട്. മരിയാനോ ബാരിയ, ലുക്രേഷ്യ പാസോസ്, ഫാബിയൻ കാസാസ്, റീത്ത പോൾസ് എന്നിവരും ചിത്രത്തിലുണ്ട്.

തോമസ് ഗ്രിൻബെർഗിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ പ്രധാന കരുത്ത്. ഗ്രാമത്തിലെ വീടിനുള്ളിലെ അടഞ്ഞ ഫ്രെയിമുകളിൽ നിന്ന് തീവണ്ടി യാത്രയുടെയും നഗരത്തിന്റെയും വിശാലമായ കാഴ്ചകളിലേക്ക് ക്യാമറ സഞ്ചരിക്കുന്നു. പലപ്പോഴും ഒരു കൊച്ചു കുട്ടിയുടെ കണ്ണിലൂടെ എന്നപോലെ താഴ്ന്ന ആംഗിളിൽ നിന്നാണ് ക്യാമറ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

ഒരു കൃത്യമായ കഥാഗതിയിലൂടെയോ കാരണ-കാര്യങ്ങളിലൂടെയോ അല്ല ‘ദി റിവർ ട്രെയിൻ’ സഞ്ചരിക്കുന്നത്. ഒരു കൊച്ചു കുട്ടിയുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെയും വലിയൊരു ലോകം കാണാനുള്ള കൗതുകത്തെയും ഒരു സ്വപ്നം പോലെയാണ് ചിത്രം അവതരിപ്പിക്കുന്നത്.