ജപ്പാനിലെ പ്രശസ്ത നോവലിസ്റ്റായ മഹ ഹരാഡ ആദ്യമായി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രമാണ് 'ഇൻ മൈ ഫാദേഴ്‌സ് റൂം'. 2026-ലെ സാൻ സെബാസ്റ്റ്യൻ ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച് ഫിപ്രസ്‌കി പുരസ്‌കാരം നേടിയ ചിത്രം 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. ഹരാഡ തന്നെ എഴുതിയ 'ആൻ അൺനെസസറി മാൻ' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

To advertise here,

കലാ മ്യൂസിയത്തിൽ മാർക്ക് റോത്ത്‌കോയുടെ ചിത്രങ്ങൾക്ക് കാവലായി 20 വർഷത്തോളം ജോലി ചെയ്ത സറ്റോമി (യൂ അവോയി) എന്ന നാൽപ്പതുകാരിയുടെ ജീവിതത്തിലൂടെയാണ് കഥ നീങ്ങുന്നത്. അൻപത് വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിഞ്ഞതാണ് സറ്റോമിയുടെ മാതാപിതാക്കൾ. അച്ഛൻ യുയിച്ചി (ഇസ്സേ ഒഗാറ്റ) മരിക്കുന്നതിന് പിന്നാലെ സറ്റോമിക്ക് ഒരു കത്ത് ലഭിക്കുന്നു. അതിൽ ഒരു താക്കോലും ഒരു വിലാസവുമാണുള്ളത്.

അയാളുടെ ജീവിതത്തിന്റെ അവസാന നാളുകളിൽ സൗഹൃദം സ്ഥാപിച്ച പുരാവസ്തു വ്യാപാരിയായ ടാക്കുവിലൂടെ (ഈറ്റ നഗയാമ) അച്ഛൻ രഹസ്യമായി സൂക്ഷിച്ചിരുന്ന കവിതകളും, കലയോടുള്ള തീവ്രമായ അഭിനിവേശവും സറ്റോമി മനസ്സിലാക്കുന്നു. കവിതയിലൂടെയും ഓർമകളിലൂടെയും മകൾ അച്ഛനെ കണ്ടെത്തുന്ന യാത്രയാണ് സിനിമയുടെ കാതൽ.

ഇസ്സേ ഒഗാറ്റയുടെ പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ കരുത്ത്. സറ്റോമിയായി യൂ അവോയിയും ടാക്കുവായി ഈറ്റ നഗയാമയും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. കവിതയും ചിത്രകലയും മനുഷ്യബന്ധങ്ങളിലെ സൂക്ഷ്മഭാവങ്ങളും ചേർന്ന മികച്ചൊരു ചലച്ചിത്രാനുഭവമാണ് 'ഇൻ മൈ ഫാദേഴ്‌സ് റൂം'.