മലയാള സിനിമയിൽ മോഹം എന്ന വികാരം പലപ്പോഴും പ്രണയത്തിലേക്ക് മാത്രം ഒതുങ്ങാറാണ് പതിവ്. എന്നാൽ ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘മോഹം (Desire)’ ആ പരിചിത വഴികളിൽ നിന്ന് മാറി, മനുഷ്യ മനസ്സിന്റെ അടിത്തട്ടുകളിൽ ഒളിച്ചിരിക്കുന്ന വികാരങ്ങളെയും അതിന്റെ മാനസിക പ്രത്യാഘാതങ്ങളെയും ആഴത്തിൽ അന്വേഷിക്കുന്ന സിനിമയാണ്.
തന്റെ പങ്കാളിയുമായി അകന്നുപോകുന്നതോടെ ചെറുപ്പക്കാരനായ ഷാനു ചില ഉറച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നു. ഇതിനിടയിൽ, യാദൃച്ഛികമായി കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന അമല എന്ന സ്ത്രീയെ അയാൾ കണ്ടുമുട്ടുന്നു. അമലയെ തനിക്കൊപ്പം ചേർക്കാൻ ഷാനു ആഗ്രഹിക്കുന്നു. എന്നാൽ അമലയുടെ മനസ്സിൽ മറ്റൊരു മോഹം ഒളിഞ്ഞിരിക്കുന്നു. സമൂഹത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളിൽ നിൽക്കുന്ന ഇവർ, മോഷ്ടിച്ച ഒരു ബൈക്കിൽ യാത്ര ആരംഭിക്കുന്നു. ചില ആഗ്രഹങ്ങൾ വേണ്ടെന്നുവയ്ക്കുകയും ചിലത് സഫലമാകുകയും ചെയ്യുന്ന ഒരു യാത്ര.
അധികാരവും നിയന്ത്രണവും സ്ത്രീകൾക്ക് നേരെയുള്ള അക്രമവും മഹത്വവൽക്കരിക്കുന്ന സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ‘മോഹം’. കഥയും കഥ നടക്കുന്ന പശ്ചാത്തലവും പ്രേക്ഷകർക്ക് ചിരപരിചിതമായി തോന്നുമെങ്കിലും, കേന്ദ്ര കഥാപാത്രങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ മോഹങ്ങളാണ് ചിത്രത്തിലുടനീളം പരിശോധിക്കപ്പെടുന്നത്.
ഷാനുവിന്റെ മോഹം സ്വാർഥമാണ്. മോഹത്തിന്റെ തീവ്രതയിൽ കാണേണ്ടതും കേൾക്കേണ്ടതുമായ പലതിനും നേരെ അവൻ കണ്ണടയ്ക്കുന്നു. അമലയുടെ മോഹം ഇരുളടഞ്ഞ ഭൂതകാലത്തിൽ നിന്നുള്ള രക്ഷപ്പെടലാണ്. ഇവർ രണ്ടുപേരും കണ്ടുമുട്ടുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് കണ്ടു ശീലമില്ലാത്ത നായികനായകന്മാരെയാണ്. സിനിമയിൽ ഒരിടത്തും കഥാപാത്രങ്ങളെ ന്യായീകരിക്കാനോ, പ്രഖ്യാപിത മര്യാദാ ചട്ടങ്ങളിലേക്ക് കൊണ്ടുവരാനോ സംവിധായകൻ ശ്രമിക്കുന്നില്ല.
ബന്ധങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ, അധികാരം, മാനസിക ചൂഷണം എന്നിവയെ കൈയ്യടക്കത്തോടെ സംവിധായകൻ രേഖപ്പെടുത്തിയിരിക്കുന്നു.
മോഹങ്ങളുടെ അളവുകോൽ എവിടെയാകണം എന്ന തിരിച്ചറിവിലേക്കാണ് സിനിമ പ്രേക്ഷകനെ നയിക്കുന്നത്. ടോക്സിക് ബന്ധങ്ങളുടെയും പ്രണയപ്പകയുടെയും യാഥാർഥ്യം തുറന്നുകാട്ടുന്ന ‘മോഹം’ മലയാള സിനിമയ്ക്ക് ഒരു മുതൽകൂട്ടാണെന്നതിൽ സംശയമില്ല.
Content Highlights: Explore the raw reality of modern love in `Moham (Desire)` Malayalam movie.
Published: 15 Dec 2025, 10:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented