നി ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു യുവാവ് അപ്രതീക്ഷിതമായി മരണത്തെ തോൽപ്പിച്ച് മടങ്ങിയെത്തുമ്പോൾ അവിടെയൊരു അത്ഭുതംകൂടി സംഭവിച്ചാലോ? സൂക്ഷ്മമായ ശബ്ദങ്ങൾ പോലും പിടിച്ചെടുക്കാൻ കഴിയുന്ന അമാനുഷികമായ കേൾവിശക്തി അയാൾക്ക് ലഭിക്കുമ്പോൾ അതെ, അവിടെയൊരു ‘മെഡിക്കൽ മിറാക്കിൾ’ സംഭവിക്കുന്നു. അബോധാവസ്ഥയിലും തന്നെ ജീവതത്തിലേക്ക് തിരികെ വിളിച്ച നഴ്സിന്റെ ശബ്ദം തേടിയുള്ള നായകന്റെ യാത്ര, ദുരൂഹതകളും പ്രതികാരവും നിറഞ്ഞ ഉദ്വേഗജനകമായ പശ്ചാത്തലത്തിലേക്ക് വഴിമാറുന്ന കഥയാണ് ഈ സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

To advertise here,

മലയാള സിനിമയിൽ സൂപ്പർഹീറോ/ഫാന്റസി ഴോണറുകൾ പരീക്ഷിക്കപ്പെടുമ്പോൾ പ്രേക്ഷകർ എപ്പോഴും തേടുന്നത് വിശ്വസനീയമായ ഒരു പശ്ചാത്തലവും ശക്തമായ ട്രീറ്റ്‌മെന്റുമാണ്. ശ്യാമിൻ ഗിരീഷിന്റെ സംവിധാനത്തിൽ സംഗീത് പ്രതാപും ഷറഫുദ്ദീനും അഖില ഭാർഗവനും പ്രധാന വേഷങ്ങളിലെത്തിയ ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ ആ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുന്നൊരു സിനിമാനുഭവമാണ്. മലയാളത്തിന് മറ്റൊരു സൂപ്പർഹീറോയെക്കൂടി സമ്മാനിക്കുകയാണ് ഈ ചിത്രം.

നായകനായി തന്റെ സാന്നിധ്യം അടയാളപ്പെടുത്തുന്ന പ്രകടനമാണ് സംഗീതിന്റേത്. ചുറ്റുമുള്ള ശബ്ദങ്ങളുടെ ആധിക്യത്തിൽ വീർപ്പുമുട്ടുന്ന റൂബൻ എന്ന കഥാപാത്രമായി സംഗീത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പതിവ് ശൈലികളിൽ നിന്നൊഴിഞ്ഞ്, കഥാഗതിയെ മാറ്റിമറിക്കുന്ന പക്വതയാർന്ന കഥാപാത്രവുമായി ഷറഫുദ്ദീൻ വീണ്ടും ഞെട്ടിക്കുന്നു. ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളിലെ കെമിസ്ട്രി സിനിമയുടെ പ്ലസ് പോയിന്റാണ്. പാർവതി കൃഷ്ണ, ആനന്ദ് മന്മദൻ എന്നിവരുൾപ്പടെ സ്ക്രീനിലെത്തി മിന്നിമറയുന്ന ഓരോ കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്.

പരീക്ഷണങ്ങളെ കൈവിടാത്ത ക്രാഫ്റ്റ്ഒരു ഫാന്റസി–സൂപ്പർഹീറോ പ്രമേയത്തെ നാടകീയതകളിലേക്ക് വഴുതിപ്പോകാതെ, തികച്ചും വിശ്വസനീയവും റിയലിസ്റ്റിക്കുമായ ഒരു ത്രില്ലർ തലത്തിലേക്ക് എത്തിച്ചതിൽ സംവിധായകൻ ശ്യാമിൻ ഗിരീഷിന്റെയും തിരക്കഥാകൃത്ത് നീലിൻ സാന്ദ്രയുടെയും പങ്ക് എടുത്തുപറയേണ്ടതാണ്. അമാനുഷികമായ 'കേൾവിശക്തി' എന്ന ആശയം വെറുമൊരു കൺസെപ്റ്റിൽ മാത്രം ഒതുക്കാതെ അതിനെ വികാരാധീനമായ കഥാസന്ദർഭങ്ങളിലൂടെയും ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നതിൽ ഇരുവരും വിജയിച്ചിട്ടുണ്ട്.

ഒരു നായകന്റെ സൂപ്പർപവർ 'കേൾവി' ആകുമ്പോൾ സിനിമയിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നത് ശബ്ദം തന്നെയാണ്. തിയേറ്ററിലിരിക്കുന്ന പ്രേക്ഷകനെയും നായകന്റെ അതേ കേൾവി തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ചിത്രത്തിന്റെ സൗണ്ട് ഡിസൈനിനും മിക്സിങ്ങിനും സാധിച്ചിട്ടുണ്ട്. വളരെ നേർത്ത സൂചിവീഴുന്ന ശബ്ദം മുതൽ വലിയ ശബ്ദസ്ഫോടനങ്ങൾ വരെയുള്ള മിശ്രണം പ്രേക്ഷകരെ സീറ്റിന്റെ തുമ്പിലിരുത്തും വിധം അവിസ്മരണീയമായ ശബ്ദാനുഭവമാണ് നൽകുന്നത്. രാകേഷ് ചെറുമടത്തിൻ്റെ എഡിറ്റിങ്ങും വലിയ കൈയ്യടിയർഹിക്കുന്നു. അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ, രംഗങ്ങൾക്ക് അനുയോജ്യമായ വേഗതയിലും കൃത്യമായ താളത്തിലുമുള്ള എഡിറ്റിങ് ചിത്രത്തിന്റെ ത്രില്ലർ മൂഡ് ചോർന്നുപോകാതെ സൂക്ഷിക്കുന്നുണ്ട്. അഖിൽ സേവ്യറിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ ദുരൂഹമായ അന്തരീക്ഷം കൃത്യമായി ഒപ്പിയെടുക്കുന്നു. ഇരുട്ടും വെളിച്ചവും ഇടകലർന്ന ഫ്രെയിമുകളും ക്യാമറ ആംഗിളുകളും കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളെ സ്ക്രീനിലേക്ക് പകർത്തുന്നുണ്ട്.

വെറുമൊരു സൂപ്പർഹീറോ മാസ് മസാല എന്നതിലുപരി, കൃത്യമായ സാങ്കേതിക പിന്തുണയോടെ പരീക്ഷണ സ്വഭാവത്തിൽ ഒരുക്കിയ മികച്ചൊരു ത്രില്ലറാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ'. തിയേറ്ററുകളിൽ മികച്ച ശബ്ദ-ദൃശ്യ സംവിധാനത്തോടെ കണ്ടിരിക്കേണ്ട ഒരു വേറിട്ട ചലച്ചിത്രാനുഭവം തന്നെയാണിത്.