തിരുവനന്തപുരം: എട്ടുദിവസം തലസ്ഥാനനഗരിക്ക് ലോകസിനിമയുടെ കാഴ്ചകൾ സമ്മാനിച്ച അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.

To advertise here,

മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം ജാപ്പനീസ് ചിത്രമായ 'ടു സീസൺ ടു സ്‌ട്രെയിഞ്ചേഴ്‌സ്' കരസ്ഥമാക്കി. മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ഷാഡോ ബോക്സ്‌ സംവിധാനം ചെയ്ത സൗമ്യനന്ത സഹി, തനുശ്രീ ദാസ് എന്നിവർക്ക് ലഭിച്ചു. സ്പാനിഷ് ചിത്രം 'ബിഫോർ ദി ബോഡി' ഒരുക്കിയ കരിന പിയാസ, ലൂസിയ ബ്രാസിലസ് എന്നിവരാണ് മികച്ച സംവിധായകർ. ഷാഡോ ബോക്സിലെ അഭിനയത്തിന് തിലോത്തമ ഷോം സ്പെഷ്യൽ ജൂറി മെൻഷന് അർഹയായി.

നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മൗറിത്തേനിയൻ സംവിധായകനും 30ാമത് മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു. ജൂറി ചെയർപേഴ്സൺ മുഹമ്മദ്‌ റസൂലാഫിനേയും, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ സയീദ് മിർസയേയും ചടങ്ങിൽ ആദരിച്ചു. സമാപന ചടങ്ങിന് ശേഷം സുവർണ ചകോരം നേടിയ 'ടു സീസൺ ടു സ്‌ട്രെയിഞ്ചേഴ്‌സ്' നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.

മന്ത്രിമാരായ വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, വി കെ പ്രശാന്ത് എംഎൽഎ, ചലച്ചിത്ര അക്കാദമി ചെയർമാൻ ഡോ. റസൂൽ പൂക്കുട്ടി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, അക്കാദമി സെക്രട്ടറി സി അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമ ഫണ്ട് ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ്‌ കീഴാറ്റൂർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മറ്റുപുരസ്കാരങ്ങൾ

  • ജൂറി പുരസ്‌കാരം - തന്തപ്പേര്
  • ഡെലിഗേറ്റുകൾ തിരഞ്ഞെടുത്ത ജനപ്രിയ ചിത്രം - തന്തപ്പേര്
  • മികച്ച റിപ്പോർട്ടിങ് (സ്പെഷ്യൽ മെൻഷൻ) - രാഹുൽ ജി നാഥ്‌ (മാതൃഭൂമി ന്യൂസ്)