താന് നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് കോളേജ് അധ്യാപികയും ചലച്ചിത്രപ്രവര്ത്തകയുമായ ആശ ആച്ചി ജോസഫ് 'മാതൃഭൂമി' പ്രതിനിധി ടി.പി. ഗായത്രിയോട് സംസാരിക്കുന്നു...

ചലച്ചിത്രപ്രവർത്തകയും അധ്യാപികയുമായ ആശ ആച്ചി ജോസഫ് സംസാരിച്ചുതുടങ്ങിയത് ഇത്രയും ദിവസങ്ങൾക്കുശേഷമാണ്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ സിനിമാവിഭാഗം ജൂറിയംഗമായിരുന്ന തനിക്കുനേരേ ജൂറി അധ്യക്ഷനായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്ന് അവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത് നവംബർ 24-നാണ്. നവംബർ ആറിന് നടന്ന സംഭവത്തിന്റെ ആഘാതത്തിൽനിന്ന് അല്പമെങ്കിലും പുറത്തേക്കുവന്ന് കുടുംബത്തെപ്പോലും ഇക്കാര്യം അറിയിക്കാൻ കഴിഞ്ഞത് ദിവസങ്ങൾക്കുശേഷമാണ്.
മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകി. പരാതി ഉന്നയിച്ച ശേഷം പിൻവലിക്കാനുള്ള നിരന്തരസമ്മർദങ്ങളുണ്ടായി. പരാതി നൽകിയ ശേഷമുള്ള ദിവസങ്ങൾ പലതരം തിരിച്ചറിവുകളുടേതാണെന്ന് അവർ പറയുന്നു. സംഭവത്തെക്കുറിച്ച് ഉറക്കെപ്പറയാനും താനാരാണെന്ന് പൊതുസമൂഹത്തെ അറിയിക്കാനും അവർ തയ്യാറായത് ഇര, അതിജീവിത എന്ന വാക്കുകളിൽ പോരാട്ടം അവസാനിച്ചുപോകാതിരിക്കാനാണ്. മാത്രമല്ല, മൗനം തുടരുന്നത് തന്റെ അന്തസ്സിനെ സ്വയം മുറിപ്പെടുത്തുന്നതിനു തുല്യമാണെന്നും അവർ വിശ്വസിക്കുന്നു. എല്ലാ അതിജീവിതമാർക്കുംവേണ്ടിയാണ് അവരുടെ പോരാട്ടം. എല്ലാവരും അവൾക്കൊപ്പമെന്ന് ആവർത്തിച്ചുപറയുന്നുണ്ട്. ഒരു വാക്കിൽ ഒതുങ്ങേണ്ടതല്ല ഐക്യദാർഢ്യം.
തുടരുന്ന പോരാട്ടത്തെക്കുറിച്ച് ആശ ആച്ചി ജോസഫ് സംസാരിക്കുന്നു
പോഷ് ആക്ട് പ്രകാരം കേസെടുക്കണം
സിനിമാപ്രവർത്തനത്തിനിടെ ജോലിസ്ഥലത്തുവെച്ചാണ് എനിക്കുനേരേ ലൈംഗികാതിക്രമം ഉണ്ടായത്. എന്നിട്ടും തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് എന്റെ കാര്യത്തിൽ ബാധകമായില്ല. സിനിമാമേഖലയിൽ പോഷ് ആക്ട് നടപ്പാക്കാൻ ഡബ്ല്യു.സി.സി.ക്കുവേണ്ടി പരിശ്രമിച്ച ഒരാളാണ് ഞാൻ. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് പി.ടി. കുഞ്ഞുമുഹമ്മദിനെതിരേ ചുമത്തിയിരിക്കുന്നത്. പോഷ് ആക്ട് പ്രകാരം അദ്ദേഹത്തെ എല്ലാ ഔദ്യോഗിക ചുമതലകളിൽനിന്നും മാറ്റിനിർത്തേണ്ടതുണ്ട്. പക്ഷേ, അതുണ്ടായില്ല. പോഷ് ആക്ട് അവർ പരിഗണിച്ചിട്ടേയില്ലെന്ന് എനിക്ക് മനസ്സിലായി. കാരണം സിനിമാമേഖലയിൽ പോഷ് ആക്ട് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ നിയമസംവിധാനത്തിനുപോലും ആശയക്കുഴപ്പമുണ്ട്. കേസ് മുന്നോട്ടുപോകുമ്പോൾ സിസ്റ്റത്തെ തിരുത്താൻ കഴിയണം. അതിനാണ് ഞാൻ ശ്രമിക്കുന്നത്.
വൈകിയ എഫ്.ഐ.ആർ.
അതിക്രമമുണ്ടായ വിവരം കുടുംബത്തിനുപുറത്ത് ആദ്യം സംസാരിച്ചത് ഡബ്ല്യു.സി.സി. അംഗങ്ങളോടാണ്. അവരെന്റെ സഹോദരിമാരാണ്. അവരാണ് ഇത് പുറത്തുപറയണമെന്ന് ആദ്യം പറഞ്ഞത്. മുഖ്യമന്ത്രിക്ക് പരാതിയല്ല, ഞാൻ എന്റെ അനുഭവം വിവരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിക്ക് കത്തെഴുതിയത് ഒരു പ്രിവിലേജ് ഉപയോഗിക്കുകയല്ലേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ, അദ്ദേഹത്തെ അറിയിക്കണമെന്നു കരുതുന്ന കാര്യങ്ങൾ പലരും അദ്ദേഹത്തെ കത്തിലൂടെ അറിയിക്കുന്നുണ്ട്. പലതിലും അദ്ദേഹം ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. മുഖ്യമന്ത്രി എന്റെ വിഷയത്തിൽ ഇടപെട്ടു എന്നുതന്നെയാണ് വിശ്വസിക്കുന്നത്. പക്ഷേ, സിസ്റ്റത്തെ കൂടെനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
എന്റെ പരാതി കിട്ടി ആറുദിവസത്തിനുശേഷം രണ്ടു പോലീസുകാരെ വിട്ടു. പക്ഷേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്തില്ല. രണ്ടുദിവസത്തിനുശേഷം പോലീസിൽ വിളിച്ചെങ്കിലും എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാൻ താമസമുണ്ടെന്നാണ് അറിയിച്ചത്. പക്ഷേ, മാധ്യമങ്ങളിൽ വാർത്ത വന്നതോടെ അന്നുതന്നെ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യുകയായിരുന്നു.
നവംബർ ആറിനാണ് ഞാൻ അതിക്രമം നേരിട്ടത്. നവംബർ 24-ന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ഡിസംബർ എട്ടിനാണ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്. എന്തിനാണ് അത്രയും ദിവസങ്ങൾ വേണ്ടിവന്നതെന്ന് എനിക്കറിയില്ല. എന്നെ കബളിപ്പിച്ചതുപോലെയാണ് തോന്നിയത്.
ഇടപെടലാണ് വേണ്ടത്
സർക്കാർ സിനിമക്കാർക്കിടയിൽ പോഷ് ട്രെയിനിങ് നടത്തുന്നുണ്ട്. അതിനെക്കാൾ എത്രയോ ഇംപാക്ട് ഉണ്ടാക്കുന്നതാണ് പരാതി ഉയർന്ന സാഹചര്യത്തിൽ പി.ടി. കുഞ്ഞുമുഹമ്മദിനെ സർക്കാർ പരിപാടിയിൽനിന്ന് മാറ്റിനിർത്തുന്നു എന്ന് ഒരു ഔദ്യോഗിക അറിയിപ്പ് വരുന്നത്. പക്ഷേ, ചലച്ചിത്ര അക്കാദമിയിൽനിന്ന് എന്നെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ പേര് ഫെസ്റ്റിവൽ ബുക്കിൽനിന്നൊഴിവാക്കുകയാണെന്നും ചലച്ചിത്രോത്സവത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നും ഞാൻ പങ്കെടുക്കണമെന്നും അറിയിക്കുകയായിരുന്നു.
അതുസംബന്ധിച്ച് പത്രക്കുറിപ്പിറക്കിയിരുന്നെങ്കിൽ ഈ വിഷയത്തിൽ നടപടിയെടുത്തു എന്ന് പൊതുജനത്തിനും ബോധ്യമാകുമായിരുന്നു. എന്നെ ഫോൺചെയ്ത് അറിയിച്ചതിലൂടെ എന്നെ കംഫർട്ടബിൾ ആക്കുകയാണ് ചെയ്തത്. നിയമം മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടൽ, പബ്ലിക്കായ കമ്യൂണിക്കേഷനാണ് വേണ്ടത്. അതൊരു പബ്ലിക് എജുക്കേഷൻകൂടിയാണ്.
പിന്മാറാൻ സമ്മർദം
പരാതി പിൻവലിക്കാൻ പലഭാഗത്തുനിന്നും സമ്മർദമുണ്ടായിരുന്നു. പരാതിയുമായി മുന്നോട്ടുപോയാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചാണ് എല്ലാവരും പറഞ്ഞത്.
ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി.ടി. കുഞ്ഞുമുഹമ്മദിനുവേണ്ടി ദൂതരായി വന്നതാണ് അദ്ഭുതപ്പെടുത്തിയത്. ഒരുപക്ഷേ പരാതിയുമായി മുന്നോട്ടുപോകണമെന്നു പറഞ്ഞവരെക്കാൾ കൂടുതലായിരുന്നു പിൻവലിക്കണമെന്നു പറഞ്ഞവർ.
മാപ്പുതന്നെ കുറ്റസമ്മതമല്ലേ
മാപ്പുപറയാൻ തയ്യാറാണെന്ന് പി.ടി. കുഞ്ഞുമുഹമ്മദ് തുടക്കത്തിൽ പറഞ്ഞിരുന്നു. എന്റെ മുന്നിലോ മുഖ്യമന്ത്രിയുടെ മുന്നിലോ മാപ്പുപറയാൻ തയ്യാറാണെന്ന് അദ്ദേഹം ദൂതന്മാർവഴിയാണ് അറിയിച്ചത്. പക്ഷേ, അതുകൊണ്ട് കാര്യമില്ല. അദ്ദേഹം മാധ്യമങ്ങൾക്കുമുന്നിൽ മാപ്പുപറയാൻ തയ്യാറായിരുന്നെങ്കിൽ പിന്നെയും സ്വീകാര്യമായിരുന്നു. മാപ്പുപറയാൻ തയ്യാറാകുന്നതുതന്നെ കുറ്റസമ്മതമായതുകൊണ്ടാകാം. പിന്നീട് അതേക്കുറിച്ച് സംസാരമുണ്ടായില്ല. പകരം പരാതി പിൻവലിക്കാനുള്ള സമ്മർദം വർധിക്കുകയും ചെയ്തു.
കേസിന്റെ ഭാവി
കേസുമായി മുന്നോട്ടുപോകുകതന്നെ ചെയ്യും. എന്റെ കുടുംബം, സഹോദരങ്ങൾ എല്ലാവരും എനിക്കൊപ്പമുണ്ട്. ഞാൻ തുറന്നുപറഞ്ഞതോടെ സമാനസ്വഭാവമുള്ള പല കേസുകളിലെയും അതിജീവിതമാർ എന്നെ സമീപിച്ചിട്ടുണ്ട്. നീതി വൈകുന്നുവെന്നതാണ് എല്ലാവരും നേരിടുന്ന പ്രശ്നം. ഇതുപോലുള്ള കേസുകൾ പഠിക്കാൻമാത്രമായി സമയം കണ്ടെത്തണം. പല കേസുകളും കോടതികളുടെ പരിഗണനയിലുണ്ട്. സമാനസ്വഭാവമുള്ള കേസുകളുമായി ബന്ധപ്പെട്ടവർക്ക് സംശയങ്ങൾ പങ്കുവെക്കാനും സഹായങ്ങൾ ചെയ്യാനും കഴിയുന്ന ഒരു പ്ലാറ്റ്‌ഫോം രൂപവത്കരിക്കണം.
‘അവൾക്കൊപ്പം’ പോലുള്ള ഒരുപാട് നെറ്റവർക്കുകളുണ്ട്. ഇവയെ ശക്തിപ്പെടുത്തി ഒരു പ്ലാറ്റ്‌ഫോമിനു കീഴിൽ കൊണ്ടുവരുകയെന്നതാണ് ലക്ഷ്യമിടുന്നത്.
അതിജീവിതയെ കേൾക്കണം
പബ്ലിക് പ്രോസിക്യൂട്ടർ എന്ന പദവിയുടെ ക്വാളിറ്റി എന്താണ്. അവർ സർക്കാരിന്റെ പ്രതിനിധികളാണ്. സർക്കാരിന്റെ കാഴ്ചപ്പാട് കേസിൽ പ്രതിഫലിപ്പിക്കാൻ സാധിക്കണം. അവർക്ക് ആവശ്യത്തിൽ കൂടുതൽ ജോലിഭാരമുണ്ട്. അതിജീവിതമാരോട് അവർക്ക് സംസാരിക്കാൻ സമയമില്ല. അവരെ കേൾക്കാൻ സമയമില്ല. നീതി നിഷേധിക്കപ്പെട്ടവർക്ക് കൊടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് സമയമുണ്ടാകണം. അവരോട് സംസാരിച്ച് മുഴുവൻ കാര്യങ്ങളും മനസ്സിലാക്കി ആത്മവിശ്വാസം കൊടുക്കാൻ കഴിയണം. അതിക്രമം നടത്തുന്ന ഒരാൾക്കും മുൻകൂർജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടാകാൻ പാടില്ല. അങ്ങനെ മുൻകൂർജാമ്യം ലഭിക്കുമ്പോൾ എന്താണ് നമ്മുടെ നിയമസംവിധാനത്തിന്റെ മുൻഗണന, അതിജീവിതയോ അക്രമിയോ? സാധാരണ ജനം എന്താണ് മനസിലാക്കേണ്ടത്. എനിക്ക് എന്റെ പബ്ലിക് പ്രോസിക്യൂട്ടറുമായി സംസാരിക്കാൻ പലരുടെയും ഇടനില വേണ്ടിവന്നു. അപ്പോൾ സമാന കേസുകളിലെ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും.
ഇരട്ടനീതി
നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതീവ പ്രാധാന്യത്തോടെയാണ് ഇടപെട്ടത്. അവർക്കാവശ്യമായ എല്ലാ പിന്തുണയും നൽകി ഒപ്പംനിന്നു. എന്നാൽ, സമാനമായ എല്ലാ കേസുകളിലും അതേ നീതി ഉറപ്പാക്കപ്പെട്ടോ എന്ന് സംശയമാണ്. പീഡിപ്പിക്കപ്പെട്ട സിസ്റ്റർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിച്ചുകിട്ടാൻ മൂന്നുവർഷമാണ് കാത്തിരുന്നത്. എന്തിനാണ് അത്രയും കാലതാമസം. അത്രയും നിരാലംബയായ സ്ത്രീ പബ്ലിക് പ്രോസിക്യൂട്ടറെ വേണമെന്ന് സമൂഹത്തിനുമുന്നിൽ വന്നുനിന്ന് പറയേണ്ടിവന്നു. എന്നോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ചയാൾക്ക് മുൻകൂർജാമ്യം നൽകാൻ കോടതിപോലും അയാളുടെ ആരോഗ്യാവസ്ഥ പരിഗണിക്കുന്നു. അതിജീവിതമാർ കടന്നുപോകുന്ന മാനസികാവസ്ഥയ്ക്ക് ഒരു വിലയുമില്ലേ, അതിജീവിതമാർക്ക് എവിടെയാണ് നീതി ലഭിക്കുക.
നീതി ലഭിച്ചുവെന്ന് തോന്നുന്നുണ്ടോ
സമത്വത്തിനുവേണ്ടി വാദിക്കുന്ന പാർട്ടിയാണ് കേരളം ഭരിക്കുന്നത്. ഏറ്റവും താഴെത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവന്ന പാർട്ടിയാണ്. നീതിനിഷേധിക്കപ്പെട്ടവരുടെ ഒപ്പംനിന്നിട്ടുള്ള, നിൽക്കേണ്ട പാർട്ടിയാണ്. നീതിക്കുവേണ്ടി പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ പിന്നെ ലെഫ്റ്റ് ഡെമക്രാറ്റിക് ഫ്രണ്ട് എന്ന് വിളിക്കപ്പെടാൻ യോഗ്യരല്ല. ഇപ്പോഴും എനിക്ക് പ്രതീക്ഷയുണ്ട്. എന്നിലെ പ്രതീക്ഷ വറ്റിയിട്ടില്ല.
Content Highlights: Asha Achy Joseph details her struggle for justice after alleged sexual assault, advocating for victims and systemic change in Malayalam cinema
Published: 23 Feb 2026, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented