
IFFK ലോഗോ, ബാറ്റിൽഷിപ്പ് പൊട്ടെംകിൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Facebook
ഐഎഫ്എഫ്‌കെയിൽ കേന്ദ്രം പ്രദർശനാനുമതി തടഞ്ഞ സിനിമകളിൽ സെർജി ഐസൻസ്‌റ്റൈൻ ഒരുക്കിയ 'ബാറ്റിൽഷിപ്പ് പൊട്ടെംകിൻ'-ഉം ഉൾപ്പെട്ടിരുന്നു. ലോക ക്ലാസ്സിക് സിനിമാ രംഗത്തെ ഇതിഹാസ നിശബ്ദ ചിത്രമായാണ് 'ബാറ്റിൽഷിപ്പ് പൊട്ടെംകിൻ' അറിയപ്പെടുന്നത്. ഏകദേശം നൂറു വർഷക്കാലത്തിന് മുമ്പെടുത്ത ഈ ചിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് എം.കെ. ചന്ദ്രശേഖരന്റെ ‘ലോകസിനിമ’ എന്ന പുസ്തകത്തിൽ. ഒരു ഭാഗം വായിക്കാം.
ലോകസിനിമാ രംഗത്ത് ഒരിതിഹാസമായി മാറിയ നിശ്ശബ്ദ ചിത്രം - അതാണു റഷ്യൻ സംവിധായകൻ സെർജി ഐസൻസ്‌റ്റൈൻ ഒരുക്കിയ 'ബാറ്റിൽഷിപ്പ് പൊട്ടെംകിൻ'. 1925-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒഡേസാ തുറമുഖത്തെ കേന്ദ്രസ്ഥാനത്തു നിർത്തി നിർമിച്ച, പരാജയപ്പെട്ട റഷ്യൻ വിപ്ലവത്തിന്റെ കഥയാണു പറയുന്നത്. പക്ഷെ ചിത്രത്തിൽ വിപ്ലവം പരാജയപ്പെടുന്നതായി കാണിക്കുന്നില്ല. അങ്ങനെ വരുമ്പോൾ ചിത്രം ചരിത്രസത്യത്തോടു നീതിപുലർത്തുന്നതല്ല എന്നു പറയേണ്ടിവരും. പൊട്ടെംകിൻ എന്ന പടക്കപ്പലിൽ ഒരു വിപ്ലവശ്രമം നടന്നുവെന്നതു മാത്രമേ സത്യമായിട്ടുള്ളു.
മാത്രമല്ല, റുമേനിയൻ ഗവൺമെന്റിനു മുന്നിൽ പടക്കപ്പലിനു കീഴടങ്ങേണ്ടതായി വന്നുവെന്നതാണു യാഥാർഥ്യം. ഒരു കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം ഉപയോഗിച്ചു പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ചു ചിത്രം വാർത്തെടുക്കുകയായിരുന്നു. ഈ ഒരൊറ്റ ചിത്രം കൊണ്ട് ഐൻസ്‌റ്റൈൻ ലോകത്തിലെ വിഖ്യാത ചലച്ചിത്രകാരന്മാരുടെയിടയിൽ സ്ഥാനം നേടി. കറുപ്പിലും വെളുപ്പിലുമായി സ്ലോമോഷനിലെടുത്ത, ആധുനിക സിനിമയിൽ കാണാൻ സാധ്യതയില്ലാത്ത ഷോട്ടുകളിലൂടെ എടുത്ത ചിത്രമായിട്ടും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചുവെന്നതാണു സത്യം. ഓരോ സ്വീക്വൻസിലുമെത്തുമ്പോൾ അടുത്ത ഷോട്ടിനുവേണ്ടി ആകാംക്ഷയോടെ വീർപ്പടക്കി കാത്തിരുന്ന പ്രേക്ഷകരായിരുന്നു സിനിമയെ വിജയത്തിലെത്തിച്ചത്.
ലോകസിനിമാരംഗത്ത് അത്ഭുതമെന്നോ അജയമെന്നോ പറയാവുന്ന ഒരു സ്ഥാനം 'ബാറ്റിൽഷിപ്പ് പൊട്ടെൻകി'-നുണ്ട്. സാങ്കേതികമായി എല്ലാ അർഥത്തിലും സിനിമ ഇന്നു വളരെയധികം മുന്നോട്ടു പോയിട്ടും 'ബാറ്റിൽഷിപ്പ് പൊട്ടെംകിൻ' എന്ന ചിത്രത്തിന്റെയും ഫിലിംമേക്കർ സെർജി ഐസൻസ്റ്റിന്റെയും സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ല. അൻപതു വർഷക്കാലമേ അദ്ദേഹം ജീവിച്ചിരുന്നുള്ളു (1898-1948). അദ്ദേഹത്തിന്റേതായി പുറത്തു വന്ന ചിത്രങ്ങളാവട്ടെ, വിരലിലെണ്ണാവുന്നവ മാത്രം. പക്ഷേ, ഇലക്ട്രോണിക് യന്ത്രങ്ങളും കമ്പ്യൂട്ടറുകളും ആനിമേഷനും സൃഷ്ടിച്ച സാങ്കേതികവിപ്ലവത്തിനിടയിലും 'ബാറ്റിൽഷിപ്പ് പൊട്ടെംകിൻ' അത്യപൂർവങ്ങളിൽ അപൂർവമായ ഒരു ക്ലാസ്സിക് ചിത്രമായി നിലകൊള്ളുന്നു. പൊട്ടെൻകിന്റെ പശ്ചാത്തലം റഷ്യൻ വിപ്ലവമായിരുന്നെങ്കിലും അതിന്റെ ഇതിവൃത്തം പൂർണമായും ചരിത്രയാഥാർഥ്യമല്ല. പൊട്ടെംകിൻ എന്ന പടക്കപ്പലിൽ ഒരു വിപ്ലവശ്രമം നടന്നതും അത് ഒഡേസോ തുറമുഖത്തിലേയ്ക്ക് അടുപ്പിച്ചു എന്നതും മാത്രമാണു സത്യം. സിനിമയിൽ ദൃശ്യവത്കരിച്ചതുപോലുള്ള ഏറ്റുമുട്ടലുകളോ, മനുഷ്യക്കുരുതിയോ പിന്നീട് അന്തിമവിജയം നേടുന്നതോ ഒന്നുമുണ്ടായിട്ടില്ല.
വാസ്തവത്തിൽ റുമേനിയൻ പടക്കപ്പലിനു മുന്നിൽ അടിയറവു പറയുകയായിരുന്നു. കലാപരമായുള്ള ദൃശ്യവത്ക്കരണത്തിൽ യഥാർഥ വസ്തുതകൾ അതേപടി പകർത്തിയാൽ അതു ചിത്രത്തിന്റെ മേന്മയെ ദോഷകരമായി ബാധിക്കുമെന്നറിയാവുന്ന ഐസൻസ്‌റ്റൈൻ ചരിത്രവസ്തുതകളിൽ നിന്ന് അകന്നുനിന്നുകൊണ്ടുള്ള ആവിഷ്‌കാരമാണു നടത്തിയത്. ശത്രുവിനു മേൽ വിജയംനേടുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പറ്റിയ ആവിഷ്‌കാരശ്രമം, അതായിരുന്നു ഐസൻസ്‌റ്റൈന്റെ ലക്ഷ്യം. അതിലദ്ദേഹം വിജയിച്ചു എന്നു മാത്രമല്ല, ഇന്നും ലോകത്ത് ഇതിഹാസമായി മാറിയ ആദ്യകാല ക്ലാസ്സിക് ചിത്രം എന്ന സ്ഥാനവും ബാറ്റിൽഷിപ്പ് പൊട്ടെംകിനുണ്ട്. ചരിത്രവസ്തുതകളിൽ നിന്നകന്നുകൊണ്ടുള്ള ചിത്രീകരണത്തിനും പടക്കപ്പലിലെയും ഒഡേസാ പടവുകളിലെയും രംഗങ്ങൾക്കുമെല്ലാം പ്രേക്ഷകഹൃദയത്തിലേയ്ക്കിറങ്ങിച്ചെന്ന് അവിടെ സ്ഥിരപ്രതിഷ്ഠ നേടാൻ സാധിച്ചു എന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്.
ചാള അട്ടിയിട്ടതുപോലെ ഉറങ്ങിക്കിടക്കുന്ന നാവികരുടെ ഇടയിലൂടെ നടന്നടുക്കുന്ന കപ്പലിലെ ഒരുയർന്ന ഉദ്യോഗസ്ഥൻ അവരെ ഓരോരുത്തരെയും വെറുപ്പോടെ നിരീക്ഷിച്ചുകൊണ്ടു നടക്കുമ്പോൾ ഓർക്കാപ്പുറത്തു തെന്നിവീഴാൻ തുടങ്ങുന്നു. ബാലൻസു തെറ്റാതെ ഒരുപ്രകാരത്തിൽ പിടിച്ചുനിന്ന അയാൾ തന്റെ ദേഷ്യം തീർക്കുന്നതു ഗാഢനിദ്രയിലായിരുന്ന ഒരു നാവികന്റെ പുറത്ത് ആഞ്ഞടിച്ചുകൊണ്ടാണ്. അതു കാണാനിടയായ വാർക്ക്ലിൻ ചിക്ക് എന്ന നാവികൻ അവരോടു പറയുന്നു:
''സഖാക്കളേ, നാമെല്ലാം തുറന്നടിക്കേണ്ട സമയമായി. റഷ്യ മുഴുവൻ ഉണർന്നു കഴിഞ്ഞു. ഉണരാത്തതു നമ്മൾ മാത്രമാണ്.' പൊട്ടെംകിൻ കപ്പലിൽനിന്നുയർന്ന ആദ്യ വിമതസ്വരം. അതോടെ വാർക്ക്ലിൻ ചിക്കിന്റെ പ്രസ്താവത്തിന്റെ സാംഗത്യം തുടർന്ന വരുന്ന ദൃശ്യങ്ങളിൽ തെളിഞ്ഞുവരികയായി. അടിമകളെപ്പോലെ പണിയെടുക്കുന്ന കപ്പലിലെ നാവികർക്കു പലപ്പോഴും അധ്വാനത്തിനനുസൃതമായ വേതനമോ ഭക്ഷണമോ, മറ്റടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ല. ലഭിക്കുന്ന ഭക്ഷണം മുന്തിയതല്ലെന്നതോ പോട്ടെ, രോഗാണുക്കൾ നിറഞ്ഞതോ വൃത്തിഹീനമായ ചുറ്റുപാടുകളിൽ തയ്യാറാക്കപ്പെടുന്നതോ ആയിരിക്കും. ചടുലത നിറഞ്ഞ ദൃശ്യങ്ങളാണു പിന്നീടു പ്രേക്ഷകർക്കു കാണാനാവുക. പ്രേക്ഷകരുടെ മുന്നിലേയ്ക്കു വരുന്ന ദൃശ്യത്തിൽ തെളിയുന്നതു നാവികർക്കു വിളമ്പാൻ പോകുന്ന ഇറച്ചിക്കഷണത്തിലൂടെ നടക്കുന്ന പുഴുക്കളാണ്. അവിടെ വരുന്ന സീനിയർ ഓഫീസറെ കാണുമ്പോൾ സ്വാഭാവികമായും നാവികർ ഭയചകിതരാവുന്നുണ്ട്. എങ്കിലും ഒരാൾ ധൈര്യം സംഭരിച്ചുകൊണ്ടു പറയുന്നു.
'പുഴുത്ത ഇറച്ചിതിന്നു മതിയായി. പട്ടിപോലും ഇതു കണ്ടു തിരിഞ്ഞു നിൽക്കുകയേ ഉള്ളു.' സീനിയർ ഓഫീസർ പോയതു കപ്പലിലെ സർജ്ജനെ കൊണ്ടുവരാനാണ്. കുള്ളനായ അയാൾ ഇറച്ചിയെടുത്തു സൂക്ഷ്മനിരീക്ഷണം നടത്തുമ്പോൾ വാർക്ക്ലിൻ ചിക്ക് പരിഹാസദ്യോതകമായി പറയുന്നു: '' ഈ ഇറച്ചിക്കഷണം ഇപ്പോൾ ജീവൻവച്ചു നടക്കും.''
വളരെ സൂക്ഷ്മമായ നിരീക്ഷണം നടത്തി എന്നു ഭാവിക്കുന്ന സർജൻ പറയുന്നത് ഇവ പുഴുക്കളല്ലെന്നും പ്രാണികളാണെന്നുമാണ്. സർജൻ ഒന്നുകൂടി പറയുന്നു:
''ഇതൊക്കെ കഴുകി വൃത്തിയാക്കേണ്ട ജോലിയേ ഉള്ളു. ഭക്ഷ്യയോഗ്യമായതാണ്.'
സർജന്റെ സർട്ടിഫിക്കറ്റു ലഭിച്ചതോടെ കപ്പലിലെ ഉദ്യോഗസ്ഥൻ പുച്ഛഭാവത്തോടെ നാവികരെ നോക്കുന്നു. ഇതിനിടയിൽ കുശിനിക്കാരൻ ആ ഇറച്ചിയുമായി അടുക്കളയിലേയ്ക്കു പോകുന്നു. നാവികരുടെ പ്രതിഷേധം വകവയ്ക്കാതെ അയാൾ ഇറച്ചിക്കഷണം തുണ്ടുതുണ്ടായി വെട്ടിനുറുക്കി അടുപ്പിൽവെച്ച പാത്രത്തിലെ തിളയ്ക്കുന്ന വെള്ളത്തിലേയ്ക്കിടുന്നു. ഇതൊക്കെ കണ്ടുകൊണ്ടാണു സീനിയർ ഓഫീസർ ഗിൽയോറോവ്സ്‌കി എത്തുന്നത്. അന്തരീക്ഷം സുഖമല്ലെന്നു മനസ്സിലാക്കി അയാൾ ക്യാപ്റ്റന്റെ അടുക്കലേയ്ക്കു നീങ്ങുന്നു. പക്ഷേ ക്യാപ്റ്റൻ നാവികരുടെ ഭക്ഷണത്തിന്റെ പോരായ്മ പറഞ്ഞതു പോലെയല്ല എന്നു മനസ്സിലാക്കിയാവണം ഒന്നും മിണ്ടാതെ മടങ്ങുന്നു. അയാൾ മുതിർന്ന ഓഫീസർമാരുടെ ഭക്ഷണത്തിന്റെ കാര്യവും ഏർപ്പാടു ചെയ്തിട്ടാണു മടങ്ങുന്നത്. ആ സമയം പിഞ്ഞാണം കഴുകുകയായിരുന്നു ഒരുവൻ അതിൽ ആലേഖനം ചെയ്ത വാക്കുകൾ - 'അന്നന്നത്തെ അപ്പം എനിക്കു തരണമേ' എന്നു വായിക്കുമ്പോൾ ഓഫീസർമാർക്കും നാവികർക്കും ഉള്ള ഭക്ഷണത്തിന്റെ വ്യത്യസ്തതയെപ്പറ്റിയാണു പറഞ്ഞതെന്നറിഞ്ഞു കോപാകുലനാവുമ്പോൾ - പിഞ്ഞാണം വലിച്ചെറിഞ്ഞു ഡൈനിങ്ങ് ടേബിളാകെ അലങ്കോലപ്പെടുത്തുന്നു.
ഉദ്വേഗവും പരിഭ്രാന്തിയും ആകാംക്ഷയും നൽകി പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ദൃശ്യങ്ങളാണു പിന്നീടു സ്‌ക്രീനിൽ തെളിയുന്നത്. ചടുലതയാർന്ന ദൃശ്യങ്ങൾ കാണുമ്പോൾ അടുത്തതെന്ത് എന്ന ചോദ്യം പ്രേക്ഷകർക്കുണ്ടാവുന്നുണ്ട്.
ബ്യൂഗിളിന്റെ ശബ്ദം കേട്ടു നാവികർ ഒന്നടങ്കം കപ്പലിന്റെ തട്ടിലേയ്ക്കു വരുന്നു. അണിയണിയായി നിരന്ന നാവികരുടെ മുന്നിലായി പെറ്റി ഓഫീസർമാരും അണിനിരക്കുന്നുണ്ട്. കമാൻഡർ ഗോലിക്കോവ് വരുന്നതോടെ അവിടമാകെ ഭയാനകമായ ഒരു നിശ്ശബ്ദത വരുന്നു. അനക്കമില്ലാതെ നിൽക്കുന്ന നാവികരുടെ നേരേ ഭയപ്പെടുത്തുന്ന നോട്ടം പായിച്ചിട്ട് അയാളുടെ ആക്രോശം. ''ഇറച്ചിക്കറി ഇഷ്ടപ്പെട്ടവർ മുന്നോട്ടു വരട്ടെ.''
ഏതാനും പെറ്റി ഓഫീസർമാർ മാത്രമാണു രണ്ടടി മുന്നോട്ടു വയ്ക്കുന്നത്. അൽ്പ്പം കഴിയുമ്പോൾ രണ്ടുപേരൊഴികെ ബാക്കിയെല്ലാ പെറ്റി ഓഫീസർമാരും മുന്നോട്ടു വന്നു. പക്ഷേ, നാവികർക്കു മാത്രം യാതൊരു ഇളക്കവുമില്ല. അസഹനീയമായ കുറെ നിമിഷങ്ങൾക്കുശേഷം കമാൻഡറുടെ കല്പന: ബാക്കിയുള്ളവരെ എല്ലാം തൂക്കിലിടുക. കപ്പലിലെ പായ്മരത്തിൽ തങ്ങൾ തൂങ്ങിയാടുമോ എന്ന ഭയം പലർക്കും. ഈ സമയം മാത്യുഷാങ്കോ എന്ന നാവികൻ പീരങ്കിത്തട്ടിലേയ്ക്ക് ഓടിക്കയറി, നാവികരോട് അങ്ങോട്ടു വരാനുള്ള നിർദ്ദേശം കൊടുക്കുന്നു. പക്ഷേ അവർ എന്തു വേണമെന്നറിയാതെ അനങ്ങാതെ നിൽക്കുകയാണ്. ഗാട്ടുകാർ കമാൻഡറുടെ ആജ്ഞയനുസരിക്കുവാനായി തയ്യാറെടുക്കുമ്പോൾ മാത്യുഷാങ്കോവിന്റെ വാക്കുകൾ വീണ്ടും: ''മക്കളേ സമയമായി.''
ആ വാക്കുകൾ അവർക്ക് ഉത്തേജനം പകർന്നു. മിക്കവരും ഓടിക്കയറിയെങ്കിലും ഏതാനുംപേർ ഏന്തുചെയ്യണമെന്നറിയാതെ ഇതികർത്തവ്യാമൂഢരായി നിലകൊള്ളുന്നു. സംഗതികൾ താനുദ്ദേശിക്കുന്ന പോലെയല്ല എന്നു സംശയിച്ച സീനിയർ ഓഫീസർ ഗിൽയാറോവസ്‌കി ബാക്കിയുള്ള നാവികരോട് അണിയായി നിൽക്കാൻ ആജ്ഞാപിക്കുന്നു. ആ സമയം അവരും പീരങ്കിത്തട്ടിലേയ്ക്ക് ഓടിക്കയറുന്നു. ഓഫീസർമാർ അവരെ പിന്നോക്കം തള്ളുന്നു.
കോപാകുലനായ കമാൻഡർ അവരെ 'തെമ്മാടികളേ' എന്നു വിളിച്ചിട്ട് ഒരുവനെ തള്ളിമാറ്റി നാവികരുടെ കാൽക്കലേയ്ക്കു വീഴ്ത്തുന്നു. 'നിങ്ങളെ ചുട്ടുകൊല്ലുകയാണു വേണ്ടത്' എന്നു പറഞ്ഞു ഗാട്ടുകാറുടെ നേരെ തിരിഞ്ഞ് ഉന്നം പിടിക്കാൻ നിർദ്ദേശം കൊടുക്കുന്നു. പിന്നീടു നാവികരെ വലിയൊരു ടാർപോളിൻകൊണ്ടു മൂടാനുള്ള നിർദ്ദേശം കൊടുത്തതോടെ, ഓഫീസർമാർ ടാർപോളിൻ ഡെക്കിലിട്ടു ചുരുൾ നിവർത്തി, നാവികരെ മൂടുന്നു. ഈ സമയം കപ്പലിലെ പുരോഹിതൻ വരുന്നു. കൈകൾ ആകാശത്തേയ്ക്ക് ഉയർത്തി അന്ത്യകൂദാശ നൽകാനെന്നവണ്ണം കുരിശുയർത്തുന്നു. ടാർപോളിനടിയിലുള്ളവർ ചിലർ മുട്ടുകുത്തുന്നു. പുരോഹിതന്റെ വാക്കുകൾ
''പാപികൾ അവരുടെ തെറ്റു മനസ്സിലാക്കട്ടെ.''
നാവികരെ തെറ്റുകാരായിട്ടാണ് അയാൾ കാണുന്നത്. ടാർപോളിനെ ലക്ഷ്യംവെച്ച് ഉന്നംപിടിക്കാൻ സീനിയർ ഓഫീസർ ഉത്തരവിടുമ്പോൾ വാർക്ക്ലിൻ ചിക്ക് അലറുന്നു.
''നിങ്ങളാരെയാണു വെടിവയ്ക്കുന്നത്. നിങ്ങളുടെ കൂട്ടത്തിലുള്ളവരെ.''
ഗാട്ടുകാരിൽ പലരും പതറുന്നു. എന്തു ചെയ്യണമെന്നറിയാതെ ഒരാളൊഴികെയുള്ളവർ തോക്കു താഴെയിടുന്നു. സീനിയർ ഓഫീസറുടെ അലർച്ച വീണ്ടും:
''ഷൂട്ട്''
പക്ഷെ അവർ അനങ്ങുന്നില്ല. ഗാട്ടുകാരുടെ നേരെ അയാളുടെ അലർച്ച വീണ്ടും:
''തെമ്മാടികളെ ഷൂട്ട് ചെയ്യാനാ ഓർഡർ.''
പക്ഷേ അവർ അനങ്ങുന്നില്ല. ഗാട്ടുകാരിലൊരുവന്റെ തോക്കു സീനിയർ ഓഫീസർ കൈക്കലാക്കാൻ ശ്രമിക്കുമ്പോൾ മാത്യുഷാങ്കോവിന്റെ വാക്കുകൾ ഉച്ചത്തിൽ - ''നിങ്ങൾ തോക്കുകളെല്ലാം പിടിച്ചെടുക്കുക.''
പിന്നീടു കപ്പലിൽ നടക്കുന്നതു സംഘർഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും ദൃശ്യങ്ങളാണ്. ഇപ്പോൾ നാവികർ സംഘംചേർന്ന് ഓഫീസർമാരെ വളയുന്നു. അവരിൽ പലരും ആയുധപ്പുരയിലേയ്ക്കു കയറി അവിടേയ്ക്കു വരുന്ന നാവികർക്കായി തോക്കുകൾ കൈമാറുന്നു. പരിഭ്രാന്തരായ സീനിയർ ഓഫീസറും കമാൻഡറും തട്ടുവാതിലിലൂടെ താഴോട്ടിറങ്ങാൻ ശ്രമിക്കുമ്പോൾ സീനിയർ ഓഫീസർമാരെ വാർക്ക്ലിൻ ചിക്ക് തടയുന്നു, പിന്നീടേറ്റുമുട്ടുന്നു. വഴി തടയാൻ വന്ന പുരോഹിതനെ വാർക്ക്ലിൻ ചിക്ക് തട്ടിമാറ്റി ചവിട്ടി വീഴ്ത്തുന്നു. അയാളുടെ കയ്യിലെ കുരിശു തെറിച്ചു ഡെക്കിൽ തറഞ്ഞു കിടക്കുന്നു. ഇപ്പോൾ ഒരു തോക്കു സീനിയർ ഓഫീസറുടെ കൈയിൽ കിട്ടുന്നതോടെ, അയാളുടെ നിറയൊഴിക്കലിൽ നിന്നു രക്ഷപ്പെടാനായി വാർക്ക്ലിൻ ചിക്ക് ഓടുന്നു. ഓട്ടത്തിനിടയിൽ ഒരു തിര അയാളുടെ തലയുടെ പിൻഭാഗത്തേയ്ക്കെത്തുന്നു. അയാളെ രക്ഷിക്കാനായി നാവികരിൽ ചിലർ ശ്രമിച്ചെങ്കിലും വാർക്ക്ലിൻ ചിക്ക് മരണപ്പെടുന്നു.
കോപാക്രാന്തരായ നാവികർ, ഓഫീസർമാർ പലരെയും പുരോഹിതനെയും പിന്നെ ഇറച്ചി നല്ലതാണെന്നു സർട്ടിഫൈ ചെയ്ത സർജനെയും കടലിലേയ്ക്കു തള്ളി വീഴ്ത്തുന്നു. നീണ്ടുനിന്ന സംഘട്ടനത്തിന്റെ അവസാനം നാവികർ വിജയിക്കുന്നു. അവർ ആഹ്ലാദസൂചകമായി തൊപ്പികൾ ഉയരത്തിലേയ്ക്കെറിയുന്നു. പക്ഷേ തങ്ങൾക്കു നേതൃത്വം നൽകിയ വാർക്ക്ലിൻ ചിക്കിന്റെ മൃതദേഹം കണ്ടതോടെ അവരുടെ ആഹ്ലാദം നിലച്ചു. കലാപത്തിനു ഗർജ്ജനം മുഴക്കിയ ആളാണു മരണപ്പെട്ടു കിടക്കുന്നത്. ദുഃഖത്തിന്റെ അലകൾ തളംകെട്ടി നിൽക്കുന്ന അവസരത്തിൽ അയാളുടെ മൃതദേഹം വഹിച്ച പടക്കപ്പൽ ഓഡേസാ തുറമുഖത്തേയ്ക്കടുപ്പിക്കുന്നു.
'ഒരു സ്പൂൺ ഇറച്ചിയെച്ചൊല്ലിയുള്ള കലാപം' വിപ്ലവകരമായ ആശയം - കലാപം കപ്പലിൽനിന്നു കരയിലേയ്ക്കു പടരുന്നു. വാർക്ക്ലിൻ ചിക്കിന്റെ മൃതദേഹത്തിൽ ആദരാഞ്ജലികളർപ്പിക്കാൻ വരുന്ന ഒഡേസയിലെ സ്ത്രീകളും കുട്ടികളും സാധാരണക്കാരും മീൻപിടിക്കുന്നവരും - അവരുടെയൊക്കെ ദൃശ്യങ്ങളാണു പിന്നെ സ്‌ക്രീനിൽ തെളിയുന്നത്. വാർക്ക്ലിൻ ചിക്കിന്റെ മൃതദേഹം ദൂരത്തു കിടക്കുന്നതു കണ്ട് ഒരു കുട്ടി അതിലേയ്ക്കൊരു നാണയമെറിയുന്നു. അതോടെ മറ്റുള്ളവരും തൊപ്പിയിലേയ്ക്കു നാണയത്തുട്ടുകളെറിയുന്നു. നിമിഷങ്ങൾക്കകം തൊപ്പി നാണയത്തുട്ടുകൾകൊണ്ടു നിറയുമ്പോൾ, കപ്പലിലെ വിപ്ലവാവേശം കരയിലെ ജനങ്ങളും ഏറ്റുവാങ്ങിയിരിക്കുന്നു എന്നു പ്രേക്ഷകർക്കു മനസ്സിലാക്കാൻ കഴിയും.
ഹാർബറിലേയ്ക്കുള്ള പടവുകളിലൂടെ ഇറങ്ങിവന്ന ജനസമൂഹം, വാർക്ക്ലിൻ ചിക്കിന്റെ മൃതദേഹം കിടത്തിയ കൂടാരത്തിന്നടുത്തേയ്ക്കു വരുന്നതോടെ, ഒരു സ്ത്രീ വിളിച്ചുപറയുന്നു.
''നാം അയാളെ മറക്കരുത്. ഒരു സ്പൂൺ ഇറച്ചിയെച്ചൊല്ലിയുള്ള കലാപമാണ് അയാളുടെ ജീവൻ വെടിയാൻ കാരണമായത്. അയാളെക്കൊന്ന രക്തദാഹികളായ ഓഫീസർമാരോടു പകരം വീട്ടണം.'' ഈ സമയം പുകവലിക്കുന്ന ഒരു തൊപ്പിക്കാരൻ അവരെ പുച്ഛരസത്തിൽ നോക്കിയിരിക്കുന്നതായി കാണാം. ''വീണുപോയ രക്തസാക്ഷിക്കു വേണ്ടി ഒരു സ്മാരകം.''
Content Highlights: Explore the enduring legacy of Sergei Eisenstein`s `Battleship Potemkin,` a revolutionary silent film masterpiece that continues to inspire.
Published: 19 Dec 2025, 06:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented