രാജ്യത്തെ നടുക്കുന്ന ഒരു കൂട്ടബലാത്സംഗ കൊലപാതകം. അന്വേഷിക്കുംതോറും ചുരുളഴിഞ്ഞുവരുന്ന നടുക്കുന്ന യാഥാർഥ്യങ്ങൾ. നീതി നിർവഹണത്തിലെ കാലതാമസം. കണ്മുന്നിൽ ഒരമ്മയുടെ രോദനം. നീതിനിർവഹത്തിന് സ്വന്തം വഴി സ്വീകരിക്കുന്ന രമൺ കുമാറിന് എതിരാളിയായി, നിയമവഴി മാത്രമാണ് നീതി എന്ന് അടിവരയിടുന്ന അജൂനി പ്രത്യക്ഷപ്പെടുന്നു. ഒരുപാട് ചോദ്യങ്ങളും പ്രേക്ഷകൻ സ്വയം കണ്ടെത്തേണ്ട ഉത്തരങ്ങളുമാണ്, കരീന കപൂറും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലെത്തിയ മേഘ്‌ന ഗുൽസാർ ചിത്രം 'ദായ്‌റ'.

To advertise here,

2019-ൽ ഹൈദരാബാദിൽ നടന്ന യഥാർഥ സംഭവമാണ് ചിത്രത്തിന് ആധാരം. എന്നാൽ, ആ സംഭവത്തെ മാത്രം മുൻനിർത്തിയല്ല ചിത്രം കഥ പറയുന്നത്. രാജ്യത്ത് മുമ്പ് നടന്ന സമാനസ്വഭാവമുള്ള പല സംഭവങ്ങളും ചിത്രത്തിൽ വന്നുപോകുന്നു.

ഡി.സി.പി. രമൺ കുമാർ എന്ന പോലീസ് കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. 24-കാരിയുടെ കൂട്ടബലാത്സംഗക്കേസിലെ കൊലപാതകികളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന്റെ പേരിൽ രമൺ കുമാർ ആഘോഷിക്കപ്പെടുന്നു. എന്നാൽ, മനുഷ്യാവകാശ പ്രവർത്തകരുടെ സമ്മർദത്തെത്തുടർന്ന് സംഭവം അന്വേഷിക്കാൻ പോലീസ് നിർബന്ധിതമാവുന്നു. അന്വേഷണ ഉദ്യോഗസ്ഥയായ ഡി.സി.പി. അജൂനി കോലി എന്ന കഥാപാത്രമായാണ് കരീന എത്തുന്നത്. തുടർന്ന് ആൾക്കൂട്ടത്തിന്റെ നീതിയാണോ നിയമത്തിന്റെ നീതിനിർവഹണമാണോ പരമം എന്ന ചോദ്യത്തിലേക്ക് ചിത്രം നീളുന്നു. രണ്ടിലൊരുഭാഗം ചേരാതെയാണ് സംവിധായിക ചിത്രം അവസാനിപ്പിക്കുന്നത്.

നിലനിൽക്കുന്ന വ്യവസ്ഥിതികളെയും ആൾക്കൂട്ടത്തിന്റെ മനോഭാവങ്ങളെയും ചിത്രത്തിൽ നിരന്തരം ചോദ്യംചെയ്യുന്നു. രാത്രി വൈകിയാലും വീട്ടിൽ തിരിച്ചെത്താത്ത പെൺകുട്ടികൾ കാണാതായെങ്കിൽ, പ്രശ്‌നം പെൺകുട്ടികളുടെതാണെന്ന ആൾക്കൂട്ട മനോനിലയെ ചിത്രം വരച്ചുകാട്ടുന്നു. മിസ്സിങ് കേസുകളിൽ കേസെടുക്കാനുള്ള പോലീസിന്റെ വിമുഖത, നടപടി വൈകുംതോറം അതിനുണ്ടാവുന്ന പ്രത്യാഘാതങ്ങൾ, നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന് പറയുമ്പോഴും അതിലുണ്ടാവുന്ന കാലതാമസം തുടങ്ങി ഒട്ടേറെ പ്രസക്തമായ വിഷയങ്ങൾ ചിത്രം ചൂണ്ടിക്കാട്ടുന്നു.

നീതി നിർവഹണത്തിലെ കാലതാമസം സ്വന്തം ജീവിതത്തിൽ അനുഭവപ്പെടുന്ന വ്യക്തികൂടിയാണ് അജൂനി. കോടതി പരിസരത്ത് വെടിയേറ്റതിനെത്തുടർന്ന് ജീവിതം ദുരിതത്തിലായ ജഡ്ജ് കോലിയുടെ മകൾ. നീതിക്കുവേണ്ടി ജീവിതകാലം മുഴുവൻ അവൾ പോരാട്ടത്തിലാണ്. നീതി നിർവഹണത്തിന്റെ പേരിലാണ് പിതാവിനും അതുവഴി അജൂനിക്കും ആ ദുരവസ്ഥയുണ്ടാവുന്നത്. എന്നിട്ടും വ്യവസ്ഥിതിയിലോ നിയമപരമായ നീതിനിർവഹണത്തിലോ അജൂനിക്ക് വിശ്വാസക്കുറവില്ല. എന്നുമാത്രമല്ല, നീതി നിർവഹണം നിയമപരമായി മാത്രമേ പാടുള്ളൂവെന്നും അവൾ ശാഠ്യം പിടിക്കുന്നു. അത്തരമൊരു കഥാപാത്രം വ്യാജ ഏറ്റുമുട്ടൽ എന്ന് സംശയിക്കാവുന്ന കേസ് അന്വേഷിക്കാൻ എത്തുന്നതോടെയാണ് ചിത്രം പിടിച്ചിരുത്തുന്നതാവുന്നത്.

ത്രില്ലർ-പ്രൊസീജ്യറൽ ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. നോൺലീനിയർ ആയാണ് കഥ പറയുന്നത്. പല അടരുകളായുള്ള കഥപറച്ചിൽ പ്രേക്ഷകനെ ചിത്രത്തിൽ പിടിച്ചുനിർത്തുന്നു. ചിലയിടങ്ങളിലേക്കെങ്കിലും അതിനാടകീയതയിലേക്ക് വഴുതിപ്പോകുന്നത് മാറ്റിനിർത്തിയാൽ, പരിചരണ രീതികൊണ്ട് ചിത്രം കൈയടി അർഹിക്കുന്നു. അജൂനിയും രമൺ കുമാറുമാണ് ചിത്രത്തിലെ നായികാനായകന്മാർ. എന്നാൽ, അവരെ ഒരിക്കലും ഹീറോയിക്കായി അവതരിപ്പിക്കുന്നുമില്ല. തന്റെ ജോലി ചെയ്യുന്ന കേവലമൊരു സ്ത്രീ കഥാപാത്രമായി മാത്രമാണ് കരീനയുടെ അജൂനിയെ തിരക്കഥാകൃത്ത് കൂടിയായ സംവിധായിക അവതരിപ്പിക്കുന്നത്. കേസന്വേഷിക്കാൻ പോകുന്ന ടീമിലുള്ളവർക്കെല്ലാം അവരുടെ ഹീറോയിസം കാണിക്കാനുള്ള അവസരം നൽകുമ്പോൾ, നായകന് പ്രത്യേകിച്ച് ബിൽഡ് അപ്പ് ഒന്നും സംവിധായിക നൽകുന്നില്ല. മറ്റെല്ലാവർക്കും അൽപം ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം പോലും രമൺ കുമാറിന് എത്ര എളുപ്പത്തിൽ സാധിക്കും എന്ന, കഥാപാത്രത്തെക്കുറിച്ചുള്ള ഡീറ്റൈലിങ് കൂടിയായി അതിനെ വ്യാഖ്യാനിക്കാം.

ജിതേന്ദ്ര ജോഷി, ബിശ്വപതി സർക്കാർ, കൻവൽജീത് സിങ്, ക്ഷിതി ജോഗ് എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കൂട്ടബലാത്സംഗത്തിൽ കൊല്ലപ്പെടുന്ന രാഗിണി പൂജാരിയുടെ അമ്മ വേഷത്തിലെത്തിയ ക്ഷിതി ജോഗ്, ആ കഥാപാത്രത്തിന്റെ വേദന മുഴുവൻ പ്രേക്ഷകനെ അനുഭവിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ എടുത്തുപറയേണ്ട പ്രകടനങ്ങൾ കരീനയുടെയും പൃഥ്വിരാജിന്റെയും തന്നെയാണ്. മുൻപും പോലീസ് വേഷങ്ങൾ ചെയ്തിട്ടുള്ള പൃഥ്വി, തികഞ്ഞ കൈയടക്കത്തോടെ വിശ്വസനീയമായി തന്നെ തന്റെ ഭാഗം അവതരിപ്പിക്കുന്നു. ബോളിവുഡ് പ്രേക്ഷകർ പരിചയിച്ച കരീനയെ അല്ല 'ദായ്‌റ'യിൽ കാണാൻ കഴിയുക. ആ രീതിയിൽ അവർ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

'ജസ്റ്റി മാരീഡ്', 'തൽവാർ', 'റാസി', 'സാം ബഹുദൂർ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായികയാണ് മേഘ്‌ന ഗുൽസാർ. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ഗുൽസാറിന്റെ മകൾ. യഥാർഥ സംഭവങ്ങളെ അധികരിച്ചുള്ള സിനിമകളിലൂടെ കൈയടി നേടിയ മേഘ്‌ന, 'ദായ്‌റ'യിലും തന്റെ കൈയൊപ്പ് കൂടുതൽ തെളിച്ചത്തോടെ അടയാളപ്പെടുത്തുന്നു. സംവിധായികയ്‌ക്കൊപ്പം യാഷ് കോശ്വാനി, സീമ അഗർവാൾ എന്നിവരും ചേർന്നാണ് തിരക്കഥ.

ജംഗ്ലീ പിക്‌ചേഴ്‌സിന്റെയും പെൻ സ്റ്റുഡിയോസിന്റെയും ബാനറിൽ വിനീത് ജെയിനും ദാവൽ ഗഡ്ഡയും ചേർന്നാണ് നിർമാണം. കൺകെട്ടുകളൊന്നുമില്ലാതെ, നോൺലീനിയർ രീതിയിൽ നിർമിക്കപ്പെട്ട ചിത്രത്തിൽ ഛായാഗ്രാഹകൻ, സൗരഭ് ഗോസ്വാമി, എഡിറ്റർ ചാരു ശ്രീ റോയ് എന്നിവർ തങ്ങളുടെ ഭാഗം മികച്ചതാക്കുന്നു. സംവിധായികയും എഡിറ്റിങ്ങിൽ ഭാഗമാണ്. ഒരേയൊരു ഗാനമാണ് ചിത്രത്തിലുള്ളത്. ഗുൽസാറിന്റെ വരികൾക്ക് അമിത് ത്രിവേദി ഈണം നൽകിയ ഗാനം ചിത്രത്തിന്റെ തീവ്രത അവതരിപ്പിക്കുന്നതാണ്. കേതൻ സോധയുടെ പശ്ചാത്തല സംഗീതം ത്രില്ലർ ചിത്രത്തിന്റെ സ്വഭാവത്തോട് ഒട്ടിനിൽക്കുന്നതാണ്.

രണ്ടുമണിക്കൂർ 23 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മലയാളത്തിൽ പൃഥ്വിരാജിന്റേതായി തന്നെ പുറത്തിറങ്ങിയ 'ജനഗനമന' എന്ന ചിത്രവുമായി ചിലയിടങ്ങളിൽ 'ദായ്‌റ'യ്ക്ക് സാമ്യമുണ്ട്. ഒട്ടേറെ ചോദ്യങ്ങൾ പ്രേക്ഷകന് മുന്നിലേക്ക് വെക്കുന്ന ചിത്രം പക്ഷെ, പക്ഷം പിടിക്കുന്നില്ല. അക്കാരണം കൊണ്ടുകൂടിയാണ് 'ദായ്‌റ' ഒരുതവണ തിയേറ്ററിൽ തൃപ്തിയോടെ കണ്ടിരിക്കാവുന്ന ത്രില്ലർ സിനിമയാവുന്നത്.