
ജോജു ജോർജും കല്യാണി പ്രിയർദർശനും ആദ്യം മുതൽ അവസാനം വരെ നിറഞ്ഞാടുന്നൊരു ജോഷി ചിത്രം, ഒറ്റവാചകത്തിൽ 'ആന്റണി'യെ ഇത്തരത്തിൽ വിശേഷിപ്പിക്കാം. നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടുമൊന്നിച്ചപ്പോൾ ആക്ഷനൊപ്പം ഇമോഷനും പ്രാധാന്യം നൽകിയൊരു ചിത്രമാണ് 'പൊറിഞ്ചു മറിയം ജോസ്' ടീം പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്.
ഇടുക്കി പശ്ചാത്തലമാക്കി കഥപറയുന്ന ചിത്രത്തിൽ ആന്റണി ആന്ത്രപ്പേർ എന്ന കരുത്തുറ്റ നായകകഥാപാത്രമായാണ് ജോജു എത്തുന്നത്. ആരെയും കൂസാത്ത ബോക്സറായ ഉശിരൻ കഥാപാത്രമായ ആൻ മരിയയായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്നു. ആന്റണിയുടെ ജീവിതത്തിന്റെ ഗതിമാറ്റുന്ന ഘടമായി ആൻ മരിയ എത്തുന്നതും പിന്നെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം.
ആന്റണി സാത്താൻ ആണോ പുണ്യാളൻ ആണോയെന്ന സംസാരം നാട്ടിൽ പൊതുവേയുള്ളതാണ്. ആൻ്റണിയുടെ ചിരിയ്ക്കും നിശബ്ദതയ്ക്കും ഒരു കഥ പറയാനുണ്ട്. കൂടെയുള്ളവരെ തൊട്ടാൽ പ്രതികാരം ചെയ്യാൻ ഏതറ്റം വരെയും പോകുന്ന ആൻ്റണിയെ പേടിയില്ലാത്തവർ കുറവാണ്. നാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയും അടിയുണ്ടാക്കിയും ബിസിനസ് വളർത്തിയും ഒക്കെ ആന്റണിയും സംഘവും മുന്നോട്ട് പോകുമ്പോഴാണ് കഥാഗതിയിൽ വഴിത്തിരിവുണ്ടാകുന്നത്. ആന്റണിയെക്കൊണ്ട് എന്തെല്ലാം സാധിക്കുമെന്ന് സംവിധായകൻ ആദ്യമേ കാണിച്ചുതരുന്നുണ്ടെങ്കിലും ആരാണ് ആന്റണിയെന്ന് സിനിമ മുന്നോട്ട് പോകവെയാണ് തെളിയുന്നത്.
കുടുംബ പശ്ചാത്തലത്തിൽ കഥപറഞ്ഞുപോകുന്ന ചിത്രം വെെകാരിക രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. സാഹചര്യത്തിന് അനുയോജ്യമായ ചില നർമ്മമുഹൂർത്തങ്ങളും രസംപകരുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ് ചിത്രം. ജോജുവും കല്യാണിയും ഒരുപോലെ ആക്ഷൻ രംഗങ്ങളിൽ കെെയടി നേടുന്നുണ്ട്. നിരവധി ലെയറുകളുള്ള ആന്റണിയെന്ന കഥാപാത്രം ജോജുവിന്റെ കെെകളിൽ ഭദ്രമായിരുന്നു. ബോക്സിങ്ങിൽ ഉൾപ്പടെ മികച്ച പ്രകടനം പുറത്തെടുക്കാൻ കല്യാണിക്കായി.
വമ്പൻ താരനിരയുമായാണ് ചിത്രമെത്തുന്നത്. ആന്റണിയുടെ ഉറ്റസുഹൃത്തായ വെെദികനായാണ് ചെമ്പൻ വിനോദ് ചിത്രത്തിലെത്തുന്നത്. എല്ലാവരും ആശാൻ എന്ന് വിളിക്കുന്ന ആന്റണിയുടെ ഗുരുതുല്യനായ അവറാച്ചനായി വിജയരാഘവൻ എത്തുന്നു. മറ്റൊരു കരുത്തുറ്റ കഥാപാത്രമായി നൈല ഉഷയും ചിത്രത്തിലെത്തുന്നു. അപ്പാനി ശരത്, സിജോയ് വർഗീസ്, ജുവൽ മേരി, ടിനി ടോം, ആർജെ ഷാൻ, ജിനു ജോസഫ്, പദ്മരാജ് രതീഷ്, രാജേഷ് ശർമ്മ, ശ്രീകാന്ത് മുരളി, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രണദിവെ ആണ്. പശ്ചാത്തലസംഗീതവും മനോഹരമായ പാട്ടുകളുമായി ചിത്രത്തിന്റെ മൂഡ് നിലനിർത്താൻ ജേക്സ് ബിജോയ്ക്ക് സാധിച്ചിട്ടുണ്ട്. മേക്കിങ്ങിൽ ഇക്കുറിയും ജോഷിയെന്ന ക്രാഫ്റ്റ്മാൻ ഒരുവീഴ്ചയും വരുത്തിയിട്ടില്ല. ശ്യാം ശശിധരനാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. രാജേഷ് വർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കുടുംബപ്രേക്ഷകർക്കും ആസ്വദിക്കാനാകുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് 'ആന്റണി'. ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: joju george kalyani priyadarshan joshiy movie antony review
Published: 01 Dec 2023, 05:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented