ജോജു ജോർജ്, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ഫാമിലി-മാസ്സ്-ആക്ഷൻ മൂവിയാണ് 'ആന്റണി'. ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഒരു രംഗം മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. അതിന് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിർമാതാക്കളായ ഐൻസ്റ്റീൻ മീഡിയ. 'ആന്റണി' തികച്ചും ഒരു സാങ്കൽപ്പിക സൃഷ്ടി മാത്രമാണെന്നും ഒരിക്കലും ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ അനാദരവ് പ്രകടിപ്പിക്കാനോ വേദനിപ്പിക്കുവാനോ വേണ്ടി നിർമ്മിച്ചിട്ടുള്ളതല്ലെന്നും നിർമാതാക്കൾ പറയുന്നു. 'ആന്റണി'യിലെ ക്രിയാത്മകമായ ആവിഷ്കാരണങ്ങളുടെ ആസൂത്രിതമല്ലാത്ത അനന്തരഫലങ്ങളെ തങ്ങൾ ഗൗരവമായി പരിഗണിക്കുന്നുവെന്നും
ഐൻസ്റ്റീൻ മീഡിയ വ്യക്തമാക്കി.
ഐൻസ്റ്റീൻ മീഡിയയുടെ പ്രതികരണം:
ഐൻസ്റ്റീൻ മീഡിയ നിർമ്മിച്ച് ഇപ്പോൾ പ്രദർശനം തുടരുന്ന 'ആന്റണി’ സിനിമയിൽ ഒരു രംഗം ചില പ്രത്യേക മതവിഭാഗത്തിൽ പെട്ടവർക്ക് ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കലാപരമായ ആവിഷ്കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് ‘ആന്റണി’.
പ്രസ്തുതരംഗം ഒരിക്കലും ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്താനോ/ അനാദരവ് പ്രകടിപ്പിക്കാനോ / വേദനിപ്പിക്കുവാനോ വേണ്ടി നിർമ്മിച്ചിട്ടുള്ളതല്ല എന്നത് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ ഉറപ്പ് തരുന്നു. 'ആന്റണി' തികച്ചും ഒരു സാങ്കൽപ്പിക സൃഷ്ടി മാത്രമാണ്. പരാമർശിച്ചിരിക്കുന്ന പ്രസ്തുത രംഗം, കഥാ സന്ദർഭത്തിന് ആവശ്യമെന്ന രീതിയിൽ തികച്ചും സിനിമാറ്റിക് ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രസ്തുത രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും, അത് ഒരു തരത്തിലും അക്രമമോ സ്പർദ്ധയോ തൊടുത്തുവിടാൻ ഉള്ള ഉദ്ദേശത്തോടെ ഉൾപ്പെടുത്തിയിട്ടുള്ളതല്ല എന്നും അറിയിച്ചു കൊള്ളട്ടേ!
ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി എന്ന നിലയിൽ നമ്മുടെ പ്രേക്ഷകർക്കുള്ളിലെ വൈവിധ്യമാർന്ന വിശ്വാസങ്ങളെ ഞങ്ങൾ അത്യധികം ആദരവോടെയാണ് നോക്കിക്കാണുന്നത്. 'ആന്റണി'യിലെ ക്രിയാത്മകമായ ആവിഷ്കാരണങ്ങളുടെ ആസൂത്രിതമല്ലാത്ത അനന്തരഫലങ്ങളെ ഞങ്ങൾ ഗൗരവമായി പരിഗണിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ പ്രവർത്തകർ എന്ന നിലയിലും വിശ്വാസപരമായ കാര്യങ്ങൾ ഉൾപ്പെടുമ്പോൾ സംഭവിച്ചേക്കാവുന്ന അനന്തര ഫലങ്ങളുടെ ഗൗരവം ഞങ്ങൾ മനസ്സിലാക്കുന്നു. സർഗ്ഗാത്മക തത്ത്വങ്ങളും കലാപരമായ ലക്ഷ്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാവിയിൽ കൂടുതൽ ക്രിയാത്മകമായ സൃഷ്ടികൾ പ്രേക്ഷകരിലേക്കെത്തിക്കാൻ ഞങ്ങൾ എന്നും പരിശ്രമിച്ചുകൊണ്ടേയിരിക്കും.
Content Highlights: antony movie controversy, allegation hurting religious sentiment, einstein media clarifies
Published: 07 Dec 2023, 05:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented