
വർഷങ്ങളായി സിനിമയിൽ ഇല്ലെങ്കിലും കനകയെ മറക്കാനാവില്ല മലയാള സിനിമാ പ്രേക്ഷകർക്ക്. ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ രണ്ടു ചിത്രങ്ങൾ കൊണ്ട് മാത്രം മലയാളത്തിന്റെ മനസ്സിൽ കുടിയേറിയ താരമാണ് കനക. എന്നാൽ, വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിച്ചതിനേക്കാൾ വലിയ സംഘർഷഭരിതമായ രംഗങ്ങളാണ് പഴയകാല നടി ദേവികയുടെ മകളായ കനകയ്ക്ക് സ്വന്തം ജീവിതത്തിൽ ആടിത്തീർക്കേണ്ടിവന്നത്. കാലങ്ങളോളം മനോരോഗിയായി മുദ്രകുത്തപ്പെട്ടു. മരിച്ചുപോയെന്ന് വാർത്ത പരന്നു. ഒടുവിൽ ഒളിവിൽ നിന്ന് മറനീക്കി പുറത്തേയ്ക്ക് വരികയും പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിനപ്പുറം അനുഭവിച്ച കടുത്ത യാതനകളും ദുരിതങ്ങളും തുറന്നു പറയുകയും ചെയ്തിരുന്നു കനക.
ഇപ്പോഴിതാ സിനിമാലോകത്തേക്ക് മടങ്ങി വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് കനക പങ്കുവച്ച വീഡിയോ ആണ് വൈറലാവുന്നത്. താൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30 വർഷമായെന്നും ഇപ്പോൾ 50 വയസായി തനിക്കെന്നും പറയുന്ന കനക താൻ എല്ലാം പുതിയതായി പഠിച്ചില്ലെങ്കിൽ പഴഞ്ചനായി മറ്റുള്ളവർ കരുതുമെന്നും വ്യക്തമാക്കുന്നു. ചെറിയപ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാൻ എളുപ്പമല്ല. എങ്കിലും മനസിൽ ആഗ്രഹവും താത്പര്യവും ഉള്ളതിനാൽ വേഗം പഠിക്കാൻ ശ്രമിക്കും, എത്ര കഷ്ടപ്പെട്ടായാലും പഠിച്ചെടുക്കും.. കനക പറയുന്നു
കനകയുടെ വാക്കുകൾ
ഞാൻ അഭിനയിക്കാൻ തുടങ്ങിയിട്ട് 30,32 വർഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസായി. ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയർസ്റ്റൈൽ, ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ, സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം വ്യത്യാസമായി. ഞാൻ പണ്ട് ചെയ്തിരുന്നതുപോലെ ചെയ്‌താൽ പഴഞ്ചനായിപ്പോയി എന്ന് എല്ലാവരും പറയും. ഒരു പത്തുവർഷത്തിനുള്ളിൽ സംഭവിച്ചത് മാത്രമേ പുതിയത് എന്ന് പറയാൻ കഴിയൂ. ഞാൻ പഴഞ്ചനായി. ഞാനിതിനിടയ്ക്ക് പല കാരണങ്ങളും കൊണ്ട് അഭിനയിച്ചിട്ടില്ല. അതുകൊണ്ട് ഞാനിനി എല്ലാ വീണ്ടും പഠിക്കണം.
ചെറിയപ്രായത്തിൽ പഠിക്കുന്നത് പോലെ, പ്രായമായിക്കഴിഞ്ഞു പഠിക്കാൻ എളുപ്പമല്ല. എങ്കിലും മനസിൽ ആഗ്രഹവും താത്പര്യവും ഉള്ളതിനാൽ വേഗം പഠിക്കാൻ ശ്രമിക്കും, എത്ര കഷ്ടപ്പെട്ടായാലും പഠിച്ചെടുക്കും. ഒന്നും പഠിച്ചില്ലെങ്കിലും എന്തുകൊണ്ട് പഠിച്ചില്ല എന്ന് എന്നോട് ആരും ചോദിക്കില്ല. വയസ്സായ കാലത്താണോ ഈ ആഗ്രഹമൊക്കെ വന്നതെന്ന് ചോദിക്കുമായിരിക്കും. നോക്കാം.
എന്നാലും എല്ലാവരോടും ഒപ്പം ഒരു സുഹൃത്തായി ഇരിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിങ്ങളുടെ കൂടെ കൊഞ്ചി കളിക്കുന്ന, ഉപദേശിക്കുന്ന ഒരു സുഹൃത്തായി ഇരിക്കാൻ എനിക്ക് ആഗ്രഹവും സന്തോഷവും ഉണ്ട്. ഞാൻ ഓരോന്ന് പഠിച്ച് ചെയ്യുമ്പോൾ അതിനുള്ള വിമർശനവും എന്നെ അറിയിക്കണം. ഞാൻ വീണ്ടും നന്നായി ചെയ്യാൻ ശ്രമിക്കും... കനക വീഡിയോയിൽ പറയുന്നു.
content highlights : yesteryear actress kanaka viral video godfather vietnam colony actress kanaka
Published: 03 Sept 2021, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented