
മലയാളത്തിന്റെ സ്വന്തം എവർഗ്രീൻ ചലച്ചിത്രം ഗോഡ്ഫാദർ പുറത്തിറങ്ങിയിട്ട് 32 വർഷം. തുടർച്ചയായി 400-ലേറെ ദിവസങ്ങൾ തുടർച്ചയായി പ്രദർശിപ്പിച്ച ചിത്രം എന്ന റെക്കോർഡ് പിന്നീടുവന്ന ഒരു ചിത്രത്തിനുപോലും ഭേദിക്കാനായില്ല. ഈ ചിത്രത്തേക്കുറിച്ചുള്ള ഓർമകൾ പങ്കുവെയ്ക്കുകയാണ് നടൻ മുകേഷ്.
ഗോഡ്ഫാദറിന്റെ സംവിധായകരായ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിനേക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മുകേഷ് മാതൃഭൂമി ന്യൂസിനോട് സംസാരിച്ചുതുടങ്ങിയത്. സിദ്ദിഖ്-ലാൽ ടീമിന്റെ റാംജി റാവു സ്പീക്കിങ്ങിനേക്കുറിച്ചും മുകേഷ് സംസാരിച്ചു. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു പോലൊരു ട്രെൻഡ്സെറ്റർ ചിത്രം വേറെയുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആ വിജയത്തെ അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു പിന്നീടുവന്ന ഹരിഹർ നഗറെന്നും മുകേഷ് കൂട്ടിച്ചേർത്തു.
സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ വന്ന മൂന്നാമത്തെ സിനിമയാണ് ഗോഡ്ഫാദർ. ഗോഡ്ഫാദറിന്റെ റെക്കോർഡ് തകർക്കാൻ ഇനിയൊരു മലയാള സിനിമയ്ക്ക് ബുദ്ധിമുട്ടായിരിക്കും. നായകനായി അഭിനയിക്കുന്ന ഒരാളോട് ഏതുതരം വേഷത്തോടാമ് താത്പര്യം എന്നുചോദിച്ചാൽ ധൈര്യമായി കണ്ണുമടച്ച് ഗോഡ്ഫാദറിലെ രാമഭദ്രന്റെ പേരുപറയാം. കാരണം ആ വേഷത്തിനകത്ത് തമാശയുണ്ട്, സെന്റിമെന്റ്സുണ്ട്, ഫൈറ്റും പാട്ടുമെല്ലാമുണ്ട്. മുകേഷ് പറഞ്ഞു.
''ഗോഡ്ഫാദർ പുറത്തിറങ്ങിയപ്പോൾ പ്രിയദർശൻ സിനിമകണ്ടിട്ട് എന്നോടുപറഞ്ഞു, രാമഭദ്രന്റെ റോൾ നീയല്ലെങ്കിൽ മോഹൻലാൽ ചെയ്താൽ മാത്രമേ ശരിയാവൂ എന്ന്. പിന്നെ ഒന്നാലോചിച്ചിട്ട് കൂട്ടിച്ചേർത്തു, ചെറിയൊരു കുഴപ്പമുണ്ട്. ഈ സഹോദരങ്ങളിൽ ഏറ്റവും ഇളയവനാകും മെയിൻ ആളെന്ന്. തിലകൻ ചേട്ടനെയല്ലാതെ വേറെയാരെയും ആ വേഷത്തിൽ സങ്കല്പിക്കാനാവില്ല. ഗോഡ്ഫാദർ എൻ.എൻ.പിള്ളച്ചേട്ടൻ, ഇന്നസെന്റ് ചേട്ടനെ അറിയാമല്ലോ. ഫിലോമിന ചേച്ചിയടക്കം പ്രധാനപ്പെട്ട ഒരുപാടുപേരെ നഷ്ടപ്പെട്ടു''. മുകേഷ് കൂട്ടിച്ചേർത്തു.
1991-ൽ പുറത്തിറങ്ങിയ ഗോഡ്ഫാദറിൽ മുകേഷിനും എൻ.എൻ.പിള്ളയ്ക്കും പുറമേ തിലകൻ, ജഗദീഷ്, ഇന്നസെന്റ്, സിദ്ദിഖ്, കുണ്ടറ ജോണി, ഭീമൻ രഘു, ജനാർദനൻ, ശങ്കരാടി, കെ.പി.എ.സി.ലളിത എന്നിവരായിരുന്നു മറ്റുവേഷങ്ങളിൽ. കനകയായിരുന്നു നായിക. ചിത്രത്തിൽ ഫിലോമിന അവതരിപ്പിച്ച ആനപ്പാറ അച്ചാമ്മ എന്ന കഥാപാത്രം ഇന്നും മലയാളത്തിലെ ശക്തയായ സ്ത്രീകഥാപാത്രമാണ്.
ഈയിടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കേരളീയം 2023-നോടനുബന്ധിച്ച് നടത്തിയ ചലച്ചിത്രമേളയിൽ ഗോഡ്ഫാദർ പ്രദർശിപ്പിച്ചിരുന്നു. വൻജനത്തിരക്കാണ് ചിത്രം തിയേറ്ററിൽ കാണാൻ സിനിമാപ്രേമികളെത്തിയത്.
Content Highlights: godfather malayalam movie 32 years, actor mukesh about godfather movie, siddique and lal movie
Published: 15 Nov 2023, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented