
ആലപ്പുഴ: വിയറ്റ്നാം കോളനിയെന്ന സിനിമയിലൂടെ മലയാളക്കരയെ വിറപ്പിച്ച വില്ലൻ കഥാപാത്രമായിരുന്നു റാവുത്തർ. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമയുടെ ചിത്രീകരണം നടന്നത് ആലപ്പുഴയിലും. സിനിമയിൽ വില്ലനായിരുന്നെങ്കിലും ജീവിതത്തിൽ സാധുവായ മനുഷ്യനായിരുന്നു റാവുത്തർക്കു ജീവൻപകർന്ന കഴിഞ്ഞ ദിവസം അന്തരിച്ച വിജയ രംഗരാജുവെന്ന് ചലച്ചിത്രപ്രവർത്തകർ ഓർമ്മിക്കുന്നു.
ആലപ്പുഴ ഗുജറാത്തി സ്ട്രീറ്റിനോടു ചേർന്നുള്ള ഒരേക്കറോളം വരുന്ന സ്ഥലത്തായിരുന്നു വിയറ്റ്നാം കോളനി ചിത്രീകരിച്ചത്. 40 ദിവസമായിരുന്നു ചിത്രീകരണം നടന്നതെന്ന് പ്രൊഡക്‌ഷൻ കൺട്രോളർ എ. കബീർ ഓർമ്മിക്കുന്നു. അന്ന് പ്രൊഡക്‌ഷൻ എക്സിക്യുട്ടീവായിരുന്നു. ബാബു സേട്ട്, മക്കളായ ബെൻസി, ജുഗിൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹനുമാൻ ട്രേഡിങ് കമ്പനി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് വിയറ്റ്നാം കോളനിയാക്കി മാറ്റിയത്. തന്റെ മകൾ, അന്ന് കൈക്കുഞ്ഞായിരുന്ന ഷെറിനും (മേക്കപ്പ് ആർട്ടിസ്റ്റ്) ആ ചിത്രത്തിലുണ്ടെന്ന് കബീർ ഓർമ്മിക്കുന്നു.
ആറരയടിയോളം ഉയരവും അതിനൊത്ത വണ്ണവുമൊക്കയുള്ളയാളായിരുന്നു ശാന്തനും സാധുവുമായിരുന്ന വിജയ രംഗരാജു. ചിത്രീകരണത്തിനായി അദ്ദേഹം അംബാസഡർ കാറിൽ വന്നിറങ്ങുമ്പോൾ പലരും ഭയപ്പെട്ട് മാറുമായിരുന്നു. എന്നാൽ, അവിടെയെത്തിയവരുമായി അദ്ദേഹം വളരെവേഗം സൗഹൃദത്തിലായി.
ചെന്നൈയിൽ ഫാസിലിന്റെ വീട്ടിൽവെച്ചാണ് സിദ്ദിക്കും ലാലും വിജയ രംഗരാജുവിനെ ആദ്യം കാണുന്നത്. നടൻ സുകുമാരന്റെ വീട്ടിൽ ഫാസിലന്ന് വാടകയ്ക്കു താമസിക്കുകയായിരുന്നു. അന്ന് അവിടെക്കണ്ട ആ ‘ഭീമാകാര’നെ സിദ്ദിക്കും ലാലും മനസ്സിൽ കുറിച്ചിട്ടു. തങ്ങളുടെ സിനിമയിലെ വില്ലനാക്കാൻ.
സിദ്ദീഖ്-ലാൽ സംവിധാനത്തിൽ മോഹൻലാൽ നായകനായ ആദ്യ ചിത്രമായിരുന്നു വിയറ്റ്നാം കോളനി. 1992-ൽ പുറത്തിറങ്ങിയ സിനിമ ആ വർഷം ഏറ്റവുമധികം കളക്‌ഷൻ നേടിയ ചിത്രവുമായി. ചിത്രം ഹിറ്റായതിനൊപ്പം ചിത്രത്തിലെ വില്ലനും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു. നടൻ എൻ.എഫ്. വർഗീസാണ് റാവുത്തർക്ക് ശബ്ദംനൽകിയത്.
Content Highlights: Remembering Vijayarangaju, the actor who played the iconic villain `Ravuther` in Vietnam Colony Film
Published: 21 Jan 2025, 08:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented