അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിന് മലയാളത്തിന്റെ സ്വന്തം നാടാകാചാര്യൻ എന്‍.എന്‍ പിള്ളയ്ക്കാണ് അവകാശം എന്ന് നമ്മള്‍ മലയാളികള്‍ക്ക് നന്നായി അറിയാം എന്നാല്‍  അഞ്ഞൂറാന്‍ എന്ന് പേരിന് നമ്മുടെ നിഘണ്ടു ശബ്ദതാരാവലിയ്ക്ക് ചെറിയൊരു അവകാശമുണ്ടെന്ന് പറഞ്ഞാല്‍ അത് അത്രയ്ക്ക് അറിയണമെന്നില്ല. മുപ്പത്തിരണ്ടിന്റെ  നിറവില്‍ ഗോഡ്ഫാദര്‍ എന്ന സിനിമ എത്തിയിരിക്കുകയാണ്. ഇത് വെറും ഗോഡ്ഫാദര്‍ അല്ല കേരളക്കരയിലെ തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ ഓടി ചരിത്രമായ സിനിമയാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന സംശയത്തിന് യാതൊരു സംശയവുമില്ലാതെ ഗോഡ്ഫാദറിന്റെ ഒരു ഗോഡ്ഫാദറായ സമീപകാലത്ത് വിടപറഞ്ഞ സംവിധായകൻ സിദ്ദിഖ് പറഞ്ഞത് ഇങ്ങനെയായിരുന്നു.  

To advertise here,

ഒന്ന് ഇത് എന്‍.എന്‍. പിള്ള എന്ന ഗോഡ്ഫാദറിന് വേണ്ടിയുള്ള സിനിമയായിരുന്നു. രണ്ട് സിനിമയുടെ വിജയത്തിനു പിന്നില്‍ മാജിക്കൊന്നുമില്ല, ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന് പറയുന്നതു പോലെ സംഭവിക്കേണ്ടത് അതാത് സമയത്ത് സംഭവിച്ചു അത്രമാത്രം.

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയ്ക്കു മുന്നെ സംഭവിക്കേണ്ടിയിരുന്നതായിരുന്നത്രേ ഗോഡ്ഫാദര്‍. സ്‌ക്രിപ്റ്റ് തയ്യാറാക്കുന്ന സമയത്ത് ഇത് ശരിയാവില്ല എന്ന് പറഞ്ഞ് എത്ര ചവച്ചാലും അരയാത്ത ഇറച്ചിക്കഷ്ണം പോലെ 'ചൌ' പോലെ മാറ്റി വയ്ക്കപ്പെട്ട തിരക്കഥയായിരുന്നു ഗോഡ്ഫാദറിന്റേത്. ഏതൊരു സാഹിത്യ സൃഷ്ടിക്കു പിന്നിലും ചിന്തകളുടേയും വിചിന്തനങ്ങളുടേയും ഭ്രാന്തമായ നാടകം അരങ്ങേറാറുണ്ട് എന്ന് പറയുന്നത് ഗോഡ്ഫാദറിനും സംഭവിച്ചിരുന്നു. അത്തരം നിമിഷങ്ങളെ അതിജീവിക്കാന്‍. കരുത്തു നല്‍കാൻ മറ്റു കലാസൃഷ്ടികള്‍ക്കു കഴിയും. 

എല്ലാ തടസ്സങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും അവസാനം പ്രഖ്യാപിച്ച് 1991 നവംബര്‍ 15 ന് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ഹിറ്റ് സംഭവിക്കുകയായിരുന്നു. അഞ്ഞൂറാൻ, മക്കളായ ബലരാമന്‍, പ്രേമചന്ദ്രന്‍, സ്വാമിനാഥന്‍, രാമഭദ്രന്‍ എതിരാളികളായ ആനപ്പാറയിലെ അച്ഛമ്മയും കുടുംബവും അങ്ങനെ എല്ലാവരും ഇന്നും മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളാണ്, ഒരുപാട് ചിരിപ്പിച്ച കരയിപ്പിച്ച അംഗങ്ങള്‍.

അഞ്ഞൂറാന്‍/ഗോഡ്ഫാദര്‍

സിനിമ കണ്ടിറങ്ങിയവരൊക്കെ പറഞ്ഞത് അഞ്ഞൂറാന്റെ സിനിമയാണ് ഗോഡ്ഫാദര്‍ എന്നാണ്. എന്നാല്‍ 'എന്തുകൊണ്ട് സിനിമയുടെ പേര് അഞ്ഞൂറാൻ എന്നാക്കിയില്ല 'ഈ സംശയം സ്വാഭാവികം മാത്രം. ഇംഗ്ലീഷ് ടൈറ്റിലുകളുടെ ആരാധകരാണ് ഗോഡ്ഫാദറിന്റെ ശരിക്കുള്ള ഗോഡ്ഫാദേഴ്സായ സിദ്ദിഖും ലാലും. ഗോഡ്ഫാദര്‍ എന്ന പേരും കഥയുമായി എന്‍.എന്‍ പിള്ളയുടെ അടുത്ത് പോയപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടതും ആ ഇംഗ്ലീഷ് ടൈറ്റില്‍ തന്നെയായിരുന്നു. കഥാപാത്രത്തിന്റെ പേര് സിനിമയ്ക്കിടാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗം താരങ്ങളും അത്തരത്തിലൊരു അവസരം കിട്ടിയിട്ടുപോലും അത് വേണ്ടെന്ന് വച്ച ലാളിത്യത്തിനുടമയാണ് എന്‍.എന്‍. പിള്ള.

അഞ്ഞൂറാന്‍/ശബ്ദതാരാവലി

അഞ്ഞൂറാന്‍ എന്ന കഥാപാത്രത്തിനും ശബ്ദതാരാവലിക്കും തമ്മിലുള്ള ബന്ധത്തെ പറ്റി പറയലായിരുന്നു ലക്ഷ്യം. തിരക്കഥ എഴുതുമ്പോള്‍ സംവിധായകന്‍ സിദ്ദിഖിന് ഒരു ശീലമുണ്ട്. മലയാള നിഘണ്ടു ശബ്ദതാരാവലി എപ്പോഴും അടുത്ത് വച്ചിരിക്കും. ഇടയ്ക്കിടയ്ക്ക് എഴുതി മുഷിയുമ്പോള്‍ മുന്നേ പോയവര്‍ എഴുതിവച്ച വാക്കുകള്‍ വെറുതെ ഒന്ന് പരതി നോക്കും. അങ്ങനെ ശബ്ദതാരാവലിയുടെ ഏടുകള്‍ മറിച്ചപ്പോഴാണ് 'അഞ്ഞൂറ്റിക്കാര്‍' എന്ന വാക്ക് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അര്‍ഥം നോക്കിയപ്പോള്‍ സെന്റ് തോമസ് കേരളത്തില്‍ വന്ന് ആദ്യമായി അഞ്ഞൂറ് കുടുംബങ്ങളെ ക്രിസ്ത്യാനികളാക്കി. അവരെയാണ് അഞ്ഞൂറ്റിക്കാര്‍ എന്ന് വിളിക്കുന്നത്. ഈ വാക്കില്‍ ഒരു രസം കണ്ടെത്തി തിരക്കഥയിലേയ്ക്ക് മുഴുകിയപ്പോള്‍ അഞ്ഞൂറാൻ എന്ന പേര് കയറി വന്നു. തികച്ചും സ്വാഭാവികമായ വരവ്. കേരളക്കരയില്‍ ഒരു വിജയചിത്രം കടന്നു വന്ന പോലെ.

(പുന:പ്രസിദ്ധീകരണം)