സാമൂഹിക മാധ്യമങ്ങളിലൂടെ വളരെവേഗം പ്രശസ്തിനേടിയ പെൺകുട്ടിയെ നായികയാക്കി സിനിമയെടുക്കുമെന്ന പ്രഖ്യാപനം നടത്തിയ സനോജ് മിശ്ര ബലാത്സംഗക്കേസിൽ അറസ്റ്റിലായത് വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനംനൽകി പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതി പരാതിപ്പെട്ടതിന് പിന്നാലെയാണ് മിശ്ര കുടുങ്ങിയത്. ഇതോടെ പെൺകുട്ടിയുടെ സിനിമ സ്വപ്‌നങ്ങൾ നടക്കാതെപോകുമെന്ന ആശങ്ക ഉയർന്നു. സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് യുവതികളോട് മോശമായി പെരുമാറുന്നയാളാണോ ഈ സംവിധായകൻ എന്നതരത്തിലും വിമർശനങ്ങളുയർന്നു. എന്നാൽ സംവിധായകൻ അറസ്റ്റിലായ ബലാത്സഗക്കേസിൽ ഇപ്പോൾ നാടകീയ വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് താൻ സംവിധായകനെതിരെ പരാതി നൽകിയത് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി.

To advertise here,

സംഭവത്തെക്കുറിച്ച് വിശദീകരിച്ച യുവതി സനോജ് മിശ്രയ്‌ക്കെതിരെയുള്ള ലൈംഗിക പീഡന പരാതി പിൻവലിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് സംവിധായകനെതിരെ പരാതി കൊടുപ്പിച്ചത് എന്നാണ് യുവതി ആരോപിക്കുന്നത്. പരാതി പിൻവലിക്കാൻ ഒരുങ്ങിയപ്പോൾ തന്നെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമം നടന്നു. സിനിമ നിർമാതാവ് വാസിം റിസ്‌വിയും മറ്റുനാലുപേരുമാണ് പ്രശസ്തിക്കുവേണ്ടി തന്റെ ജീവൻതന്നെ അപകടത്തിലാക്കാൻ ശ്രമിക്കുന്നതെന്നാണ് യുവതിയുടെ ആരോപണം.

ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ എന്ന സിനിമയ്ക്കുവേണ്ടി സംവിധായകൻ സനോജ് മിശ്രയ്‌ക്കൊപ്പം ജോലിചെയ്യുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായശേഷം പലരും പ്രകോപിപ്പിച്ചു തുടങ്ങി. അതിനിടെയാണ് മഹാകുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശസ്തി നേടിയ പെൺകുട്ടി രംഗത്തെത്തുന്നത്. അവർ സനോജ് മിശ്രയ്‌ക്കൊപ്പം വിവിധ വേദികളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതിനിടെ പലരും തനിക്ക് ചിത്രങ്ങൾ അയച്ചുതരികയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇത്തരം നീക്കങ്ങളിൽ പ്രകോപിതയായാണ് താൻ സനോജ് മിശ്രയ്‌ക്കെതിരെ കേസ് കൊടുത്തത്. എന്നാൽ യാഥാർഥ്യം തിരിച്ചറിഞ്ഞതോടെ താൻ നടുങ്ങിപ്പോയി. ഇതോടെ കോടതിയിലെത്തി സത്യവാങ്മൂലം നൽകുകയും കേസ് പിൻവലിക്കാനുള്ള നീക്കങ്ങൾ തുടങ്ങുകയും ചെയ്തു. ഇതോടെ എന്നെ ജയിലിലാക്കുമെന്നുവരെ ഭീഷണികൾ ഉയർന്നു. തെറ്റുപറ്റിയെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. എനിക്ക് എന്തെങ്കിലും സംഭവിക്കുകയോ, താൻ ആത്മഹത്യ ചെയ്യുകയോ ഉണ്ടായാൽ നിർമാതാവ് വാസിം റിസ്‌വിയും മറ്റ് നാലുപേരും ആയിരിക്കും ഉത്തരവാദികൾ. ഒരു സ്ത്രീയുടെ മാന്യതവച്ചാണ് ചിലർ ഇത്തരം നീക്കങ്ങൾ നടത്തുന്നത്. തന്റെ അനുമതിയില്ലാതെ ചിലർ കേസിലെ എഫ്.ഐ.ആർ സാമൂഹിക മാധ്യമങ്ങളിലൂടെ ചോർത്തി. ചിലരെ കുടുക്കാൻവേണ്ടിയാണ് ഇങ്ങനെചെയ്തത്. ഇതോടെയാണ് താൻ കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ ചിലർ അത് അനുവദിക്കില്ല എന്നതരത്തിലാണ് പെരുമാറിയതെന്നും നടി പറയുന്നു.

നാല് വർഷത്തോളം തന്നെ പീഡത്തിന് ഇരയാക്കിയെന്ന 28-കാരിയുടെ പരാതിയിലാണ് ഡൽഹി പോലീസ് സനോജ് മിശ്രയെ അറസ്റ്റ് ചെയ്തത്. തന്നെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ യുവതി ഉന്നയിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോൾ നാടകീയ വഴിത്തിരിവുണ്ടായിരിക്കുന്നത്.