ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി. 'റിയല്‍ സ്റ്റാര്‍ വിത്ത് ഹിസ് വൈഫ്' എന്ന അടിക്കുറിപ്പോടെ വില്‍ സ്മിത്തിന്റെയും ജെയ്ഡ സ്മിത്തിന്റെയും ചിത്രം പങ്കുവച്ചുകൊണ്ട് ജൂഡ് ഇങ്ങനെക്കുറിച്ചു.

To advertise here,

''അമ്മയെ , പെങ്ങളെ , ഭാര്യയെ ,മകളെ അപമാനിച്ചവനെ ആദ്യം സ്‌പോട്ടില്‍ കൊടുക്കുക , നിങ്ങളുടെ മുന്‍പില്‍ വച്ചാണെകില്‍ കൊടുത്തില്ലേല്‍ നിങ്ങള്‍ ആരായിരുന്നിട്ടും കാര്യമില്ല. ഫിലോസഫി പുഴുങ്ങി തിന്നാന്‍ കൊള്ളാം.''

സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.

1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു.  എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

സംഭവത്തില്‍ വില്‍ സ്മിത്ത് ക്രിസിനോടും അക്കാദമിയോടും മാപ്പ് പറഞ്ഞു. ചെയ്തത് തെറ്റാണെന്നും അതിരു കടന്നു പോയെന്നും എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണെന്നും വില്‍ സ്മിത്ത് പറഞ്ഞു. ഭാര്യയുടെ രോഗത്തെക്കുറിച്ചുള്ള തമാശ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും വില്‍ സ്മിത്ത് കൂട്ടിച്ചേര്‍ത്തു.