ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച് പോസ്റ്റിട്ടതിലും തുടർന്ന് വിമർശനങ്ങൾ ഉയർന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ. വിമർശനങ്ങൾ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കി. തന്നേയും സഹോദരൻ പ്രണവിനേയും സ്വതന്ത്രമായിട്ടാണ് അച്ഛൻ വളർത്തിയത്. ഒന്നും ഇങ്ങനെ ചെയ്യണമെന്ന് നിർബന്ധം പിടിക്കാറില്ല. സ്വയം കണ്ടെത്താനാണ് അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കണമെന്നാണ് അച്ഛൻ പറയാറുള്ളതെന്നും വിസ്മയ ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'സത്യസന്ധമായി പറഞ്ഞാൽ ഞാൻ എപ്പോഴും എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാണെന്ന് തോന്നിയിട്ടില്ല. ഞാൻ അധികകാലം കേരളത്തിൽ ജീവിക്കാത്തതുകൊണ്ടായിരിക്കാം. ഞാൻ അധികവും ജീവിച്ചത് കേരളത്തിനു പുറത്തായിരുന്നു. അച്ഛനൊപ്പം വിമാനത്താവളത്തിലേക്കൊക്കെ പോകുമ്പോഴാണ് ഒരുപാടു കണ്ണുകൾ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയുന്നത്. അല്ലാതെ എനിക്കൊരു പ്രശ്‌നം തോന്നിയിട്ടില്ല. ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭത്തിന് അനുകൂലമായി പോസ്റ്റ് ചെയ്തതിനെക്കുറിച്ച് വീട്ടിലാരും ഒന്നും പ്രതികരിച്ചില്ല. പക്ഷേ, എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, അവർ ഒരു പോസ്റ്റ് ഇടുന്നതു പോലെയല്ല ഞാൻ ഒരു പോസ്റ്റ് ഇടുന്നതെന്ന്. ഞങ്ങളെ സ്വതന്ത്രമായിട്ടാണ് അച്ഛൻ വളർത്തിയത്. ഒന്നും ഇങ്ങനെ ചെയ്യണമെന്ന് നിർബന്ധം പിടിക്കാറില്ല. സ്വയം കണ്ടെത്താനാണ് അദ്ദേഹം എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. സ്വന്തമായി അനുഭവങ്ങൾ ഉണ്ടാക്കാനാണ് അദ്ദേഹം പറയാറുള്ളത്.' വിസ്മയ പറഞ്ഞു.
അമ്മ നൽകിയ പിന്തുണയില്ലായിരുന്നെങ്കിൽ 'തുടക്കം' എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്നാണ് സിനിമയിലേക്കുള്ള ചുവടുവെപ്പിനെക്കുറിച്ച് വിസ്മയ പറഞ്ഞത്. തന്റെ ഈ യാത്രയിലുടനീളം അമ്മ കൂടെയുണ്ടായിരുന്നു. മനസ്സിലുള്ളതെല്ലാം തുറന്നു പറയാൻ കഴിയുന്നൊരാളാണ് അമ്മ. ഇത് ചെയ്യാൻ എത്രത്തോളം ആഗ്രഹമുണ്ടായിരുന്നു എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. ഈ പ്രക്രിയയിൽ ഉടനീളം തനിക്കൊപ്പം പാറപോലെ ഉറച്ചുനിന്നത് അമ്മയായിരുന്നുവെന്ന് വിസ്മയ വ്യക്തമാക്കി.
'സത്യത്തിൽ ഈ ഒരു നല്ല അവസരം വന്നപ്പോൾ അത് കളയാൻ എനിക്ക് തോന്നിയില്ല. ജൂഡ് ചേട്ടന്റെ കൈവശം ഈ കഥയുണ്ടായിരുന്നു. 'നീ ഇത് ചെയ്യുന്നുണ്ടോ ഇല്ലയോ, ഒരു തീരുമാനം പറയൂ' എന്ന് അമ്മ ചോദിച്ചുകൊണ്ടേയിരുന്നു. ഞാൻ ഒരുപാട് ചിന്തിച്ച് ആശയക്കുഴപ്പത്തിലായിരുന്നു. എന്റെ ശരീരപ്രകൃതി, എനിക്ക് മലയാളം തനിമയോടെ സംസാരിക്കാൻ അറിയില്ലെന്ന വസ്തുത... മലയാളം സംസാരിക്കുമെങ്കിലും ഇവിടെ ജനിച്ചു വളർന്നവരുടെ ആ ഒഴുക്കും തനി സ്ലാങ്ങും എനിക്കില്ലല്ലോ! അങ്ങനെ ഒരുപാട് കാര്യങ്ങൾ ചിന്തിച്ചുകൂട്ടി. പക്ഷേ ഒടുവിൽ, 'എന്തായാലും ധൈര്യമായി ഇറങ്ങിത്തിരിക്കുക തന്നെ' എന്ന് തീരുമാനിച്ചു.' വിസ്മയ തുറന്നുപറഞ്ഞു.
'എന്ത് ഉപദേശത്തിനും ഞാൻ ആദ്യം സമീപിക്കുന്നത് ഏട്ടനെയാണ്. ഞാൻ ഏട്ടനോട് സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'ടെൻഷനൊന്നും അടിക്കാതെ പോയി നന്നായി ആസ്വദിച്ച് ചെയ്യൂ' എന്നാണ് പറഞ്ഞത്. അച്ഛൻ ആണെങ്കിൽ... 'ഇത് നിന്റെ സ്വന്തം യാത്രയാണ്, നീ തന്നെ അനുഭവങ്ങളിലൂടെ കാര്യങ്ങൾ കണ്ടെത്തി മുന്നോട്ട് പോകണം' എന്നാണ് പറഞ്ഞത്. ഷൂട്ടിങ് സെറ്റിൽവെച്ച് കാര്യങ്ങൾ കുറച്ചുകൂടി സ്ലോ ഡൗൺ ചെയ്യാൻ അച്ഛൻ എന്നോട് പറഞ്ഞു. കാരണം പേടിയും ടെൻഷനും കാരണം ഞാൻ കാര്യങ്ങൾ വേഗത്തിൽ ചെയ്തുതീർക്കാൻ ശ്രമിക്കുമായിരുന്നു. അത് ഒഴിവാക്കാനാണ് അച്ഛൻ പറഞ്ഞത്. അതല്ലാതെ മറ്റു ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പൊതുവേ ജീവിതത്തിൽ കാര്യങ്ങൾ സ്വയം കണ്ടെത്തി ചെയ്യാനാണ് അച്ഛൻ ഞങ്ങളെ എപ്പോഴും അനുവദിച്ചിട്ടുള്ളത്. നമ്മൾ ആരാണെന്ന് സ്വയം മനസ്സിലാക്കാനുള്ള ആ സ്വാതന്ത്ര്യം അച്ഛൻ തന്നു.' കുടുംബാംഗങ്ങൾ നൽകിയ പിന്തുണയെക്കുറിച്ച് വിസ്മയ പറഞ്ഞു.
'2018' എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററിലെത്തും.
Content Highlights: Vismaya Mohanlal addressed the past criticism regarding her social media post supporting the Jantar Mantar student protest, stating that external judgments never affect her. She revealed that her father, superstar Mohanlal, raised both her and her brother Pranav to be independent and encouraged them to learn from their own life experiences. Vismaya shared that her mother was her strongest pillar of support, encouraging her to take up her debut acting role when she was hesitant due to language barriers. Her brother Pranav advised her to enjoy the acting process without stress, while Mohanlal instructed her to slow down on set and embrace her personal journey. Directed by Jude Anthany Joseph after '2018' and produced by Antony Perumbavoor under Aashirvad Cinemas, her debut movie 'Thudakkam' is set to release in theaters on August 7
Published: 31 Jul 2026, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented