ഗാട്ടാ ഗുസ്തി 2 എന്ന ചിത്രം വലിയ വിജയം നേടിയിട്ടും തനിക്ക് സന്തോഷിക്കാനാവുന്നില്ലെന്ന് വെളിപ്പെടുത്തി നടൻ വിഷ്ണു വിശാൽ. ഇപ്പോഴും തന്റെ ജീവിതത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ ഉത്കണ്ഠയും വിഷാദരോഗവും ഓട്ടോ ഇമ്മ്യൂൺ പ്രശ്നവും (autoimmune disorder) നേരിടുന്നുണ്ട്. സിനിമയുടെ വിജയത്തിനുശേഷവും തനിക്ക് ഒഴിഞ്ഞുമാറാത്ത ശൂന്യതയും ഉത്കണ്ഠയുമാണ് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

തന്റെ പോസ്റ്റ് ആരുടെയും സഹതാപം പിടിച്ചുപറ്റാനല്ലെന്നും വർഷങ്ങളായുള്ള ചിന്തകളുടെ സമാഹാരം മാത്രമാണെന്നും എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. 2018-ലാണ് താൻ ആദ്യമായി വിഷാദരോഗം അനുഭവിച്ചതെന്നും 2020-ൽ അത് പരസ്യമാക്കിയെന്നും അദ്ദേഹം ഓർത്തെടുത്തു. സിനിമാ മേഖലയിലേക്ക് വരുമ്പോൾ കാര്യങ്ങൾ ശാന്തമാകുമെന്നും സ്ഥിരതയുള്ള ഒരു ജീവിതം ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഒരു വലിയ ഇൻട്രോവേർട്ട് ആയതിനാൽ ഈ മേഖലയിലെ വൈകാരികമായ ഉയർച്ചതാഴ്ചകളോടും അനിശ്ചിതത്വങ്ങളോടും പൊരുത്തപ്പെടുന്നത് കഠിനവും വേദനാജനകവുമായിരുന്നു. രാക്ഷസൻ എന്ന ചിത്രത്തിന് ശേഷം നേരിട്ട വ്യക്തിപരമായ തിരിച്ചടിയാണ് തന്നെ വീണ്ടും വിഷാദത്തിലേക്കും ഉത്കണ്ഠയിലേക്കും തള്ളിയിട്ടത്. താൻ അനുഭവിച്ചതെല്ലാം ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം മാറ്റുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പറഞ്ഞു.

Also Read: മൂന്നുനാലു വർഷമായി ഓട്ടോഇമ്മ്യൂൺ രോഗവുമായുള്ള പോരാട്ടത്തിൽ, അതാണ് ക്ഷീണത്തിന് കാരണം- വിഷ്ണു വിശാൽ

"തുടർന്ന് കോവിഡും അതിന്റെ തുടർച്ചയായ അനിശ്ചിതത്വവും വന്നു. പക്ഷേ എന്റെ ഉത്കണ്ഠ വർദ്ധിക്കുകയാണ് ചെയ്തത്. ഞാൻ തോറ്റുകൊടുത്തില്ല. ഞാൻ തിരിച്ചടിച്ച് കോവിഡിന് ശേഷം FIR, ഗട്ട കുസ്തി എന്നീ ചിത്രങ്ങളിലൂടെ വലിയ വിജയങ്ങൾ നൽകി. ഇനിയെല്ലാം ശരിയാകുമെന്ന് ഞാൻ കരുതി. എന്നാൽ അടുത്ത വർഷങ്ങൾ വെല്ലുവിളികളാണ് കൊണ്ടുവന്നത്. മാസങ്ങളോളം വെറുതെയിരിക്കേണ്ടിവന്നു. പ്രതിഫലം പോലും നൽകാത്ത ചലച്ചിത്ര പ്രവർത്തകരുടെ വാക്കുകൾ വിശ്വസിച്ച് സമയം കളഞ്ഞു. ബന്ധങ്ങൾക്കാണ് പണത്തേക്കാൾ പ്രാധാന്യമെന്നും പണം ഒടുവിൽ വരുമെന്നും ഞാൻ വിശ്വസിച്ചു. അതിനാൽ ഞാൻ ത്യാഗങ്ങൾ തുടർന്നു. എന്നാൽ അധിക സമയത്തിനും ജോലിക്കും എനിക്ക് ഒരിക്കലും പ്രതിഫലം ലഭിക്കില്ലെന്ന് ഒടുവിൽ ഞാൻ തിരിച്ചറിഞ്ഞു." വിഷ്ണു കുറിച്ചു.

സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് നടത്തുന്നതും ജീവനക്കാർക്ക് കൃത്യസമയത്ത് വേതനം നൽകുന്നതും സാമ്പത്തിക സമ്മർദ്ദം ഉണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഈ മാനസിക സമ്മർദ്ദം കാരണം ഓട്ടോ ഇമ്മ്യൂൺ പ്രശ്നം നേരിട്ടു. തുടർന്ന് ചികിത്സ തുടങ്ങിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

"ഈ എട്ട് വർഷത്തിനിടയിൽ, ഞാൻ നിരവധി കൗൺസിലിംഗ് സെഷനുകൾ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ചും കഴിഞ്ഞ മൂന്ന് വർഷമായി, ഞാൻ വളരെ കൃത്യമായി തെറാപ്പി ചെയ്തുവരുന്നുണ്ട്. ഉത്കണ്ഠയ്ക്കും വിഷാദത്തിനുമായി മരുന്നുകളും കഴിച്ചിട്ടുണ്ട്. ഞാൻ വീണ്ടും കീഴടങ്ങാൻ തയ്യാറായില്ല. ഇതാ ഞാൻ, ഗാട്ട ഗുസ്തി 2 വലിയ വിജയം നേടി രണ്ട് മാസം പിന്നിട്ടിരിക്കുന്നു. എന്നിട്ടും... യാതൊരു മാറ്റവുമില്ല. വിജയം ലഭിക്കുമ്പോഴെല്ലാം സന്തോഷവും ആശ്വാസവും സംതൃപ്തിയും' അനുഭവപ്പെടുന്നുണ്ട്. എന്നാൽ അതെല്ലാം നിമിഷനേരം മാത്രമേ നീണ്ടുനിൽക്കാറുള്ളൂ. എന്നിട്ട്, എങ്ങനെയോ, ഞാൻ വീണ്ടും അതേ ഉത്കണ്ഠയുള്ള മനസ്സിലേക്ക് മടങ്ങുന്നു. അതേ ശൂന്യത. എനിക്ക് മറ്റെന്തെങ്കിലും നേടിയെടുക്കണമെന്ന അതേ തോന്നൽ വരുന്നു." അദ്ദേഹത്തിന്റെ വാക്കുകൾ.

Also Read: മിന്നൽ മുരളി കണ്ടപ്പോൾ ഒരേസമയം സന്തോഷവും സങ്കടവും വന്നു, 'ആര്യനി'ലെ ചില രംഗങ്ങൾക്ക് പ്രചോദനം കണ്ണൂർ സ്ക്വാഡ് -വിഷ്ണു വിശാൽ

13 വയസ്സുള്ളപ്പോൾ ഒരു ക്രിക്കറ്റ് കളിക്കാരനാകാൻ ആഗ്രഹിച്ചിരുന്നുവെന്നും വിജയത്തിനായുള്ള യാത്രയിൽ എവിടെയോ തനിക്ക് 'മനോഹരമായ നിമിഷങ്ങൾ' നഷ്ടപ്പെട്ടുവെന്നും വിഷ്ണു വെളിപ്പെടുത്തി. കുടുംബത്തിലെ വിശേഷ അവസരങ്ങളും സ്നേഹിക്കുന്ന ആളുകളോടൊപ്പം ചെലവഴിക്കേണ്ട സമയവും തനിക്ക് നഷ്ടമായി. പണത്തെക്കുറിച്ച് അധികം ചിന്തിക്കാതെ കൂടുതൽ കഷ്ടപ്പെട്ടു. കഴിയുമായിരുന്നിട്ടും വേണ്ടത്ര പണം സമ്പാദിച്ചില്ല. ചിലപ്പോൾ സ്വന്തം ആരോഗ്യവുമായി വിട്ടുവീഴ്ച ചെയ്തു. സിനിമ ഉപേക്ഷിച്ച് ലളിതമായ ജീവിതത്തിലേക്ക് പോകുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നുവെന്നും വിഷ്ണു പറഞ്ഞു.
Also Read: തരുൺ മൂർത്തിയുമായി പണ്ടൊരു കഥ ചർച്ച ചെയ്തിരുന്നു, ബേസിലിനേയും വിപിൻ ദാസിനേയും ഇഷ്ടം -വിഷ്ണു വിശാൽ

സിനിമ ഉപേക്ഷിക്കുന്നതല്ല, ജീവിതം മാറ്റിവെക്കാതിരിക്കലാണ് വേണ്ടതെന്ന് താൻ തിരിച്ചറിഞ്ഞതായി നടൻ എഴുതി. ആരാധകർ തങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരുമ്പോൾ ജീവിതം ആസ്വദിക്കാൻ മറക്കരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഉത്കണ്ഠയോടും വിഷാദത്തോടും പോരാടുന്നവരോട് ആവശ്യമായ സഹായം തേടാനും വിഷ്ണു വിശാൽ അഭ്യർത്ഥിച്ചു.