
ഹിന്ദി 'ദൃശ്യം 3' മോഹൻലാൽ നായകനായ മലയാളം 'ദൃശ്യം 3'-യിൽനിന്ന് പൂർണമായും വ്യത്യസ്തമാണെന്ന് നടൻ അജയ് ദേവ്ഗൺ. 'ദൃശ്യം 3: ദ കൺക്ലൂഷ'ന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിലാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം ഭാഗം മലയാളത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്തതാണെങ്കിലും മൂന്നാം ഭാഗത്തിന്റെ തിരക്കഥ പൂർണമായും വ്യത്യസ്തമാണെന്ന് അജയ് ദേവ്ഗൺ വ്യക്തമാക്കി.
'അവരുടെ 'ദൃശ്യം 3' പൂർണമായും വ്യത്യസ്തമാണ്. വലിയ മാറ്റങ്ങൾ വരുത്തി എന്നതിലുപരി ഇത് തികച്ചും വേറൊരു കഥയാണ്. രണ്ടാം ഭാഗത്തിന് ശേഷം ഈ സിനിമ ഉണ്ടാകുമോ എന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. കാരണം വെറുതേ ഒരു തിരക്കഥയുണ്ടാക്കി തുടർച്ച സൃഷ്ടിക്കാൻ കഴിയുന്ന സിനിമയല്ല ഇത്. ട്വിസ്റ്റുകളും സർപ്രൈസുകളും നിറഞ്ഞതാണ്,' അജയ് ദേവ്ഗൺ വ്യക്തമാക്കി.
സംവിധായകൻ അഭിഷേക് പഥക്കിനെയും നടൻ പ്രശംസിച്ചു. 'അഭിഷേക് തിരക്കഥ ഒരുക്കിയ രീതിയും അത് സിനിമയാക്കിയ രീതിയും മികച്ചതാണ്. ലാൽ സാറും (മോഹൻലാൽ) ജീത്തു സാറും ഈ സിനിമ കാണണമെന്ന് ആഗ്രഹിക്കുന്നു. അവർക്ക് ഇത് ഇഷ്ടപ്പെട്ടാൽ എനിക്ക് വലിയ സന്തോഷമാകും,' അജയ് ദേവ്ഗൺ കൂട്ടിച്ചേർത്തു.
അജയ് ദേവ്ഗൺ, തബു, ശ്രിയ ശരൺ, പ്രകാശ് രാജ്, ജയ്ദീപ് അഹ്ലാവത് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഹിന്ദി 'ദൃശ്യം 3' ട്രെയ്‌ലർ ബുധനാഴ്ച പുറത്തിറങ്ങി. വിജയ് സാൽഗോങ്കർ എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ തിരിച്ചെത്തുമ്പോൾ, ഐ.ജി. മീര ദേശ്മുഖായി തബുവും നന്ദിനിയായി ശ്രിയ ശരണ്ണും വേഷമിടുന്നു. രജത് കപൂർ മൂന്നാം ഭാഗത്തിലുമുണ്ട്. പ്രകാശ് രാജും ജയ്ദീപ് അഹ്ലാവതും പുതിയ കഥാപാത്രങ്ങളായി ചിത്രത്തിന്റെ ഭാഗമാകുന്നു.
അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് നിർമാണം. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയിൽ ആമിൽ കീയൻ ഖാൻ, പർവീസ് ഷെയ്ഖ് എന്നിവരും പങ്കാളികളാണ്.
2013-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'ദൃശ്യ'ക്കിന്റെ ഹിന്ദി റീമേക്ക് 2015-ലാണ് പുറത്തിറങ്ങിയത്. ചിത്രം ആഗോളതലത്തിൽ 110 കോടി രൂപ കളക്ഷൻ നേടി. 2022-ൽ പുറത്തിറങ്ങിയ 'ദൃശ്യം 2' ലോകമെമ്പാടുമായി 342 കോടി രൂപയോളം നേടുകയും വലിയ വിജയം കൈവരിക്കുകയും ചെയ്തു.
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ മലയാളത്തിലെ 'ദൃശ്യം 3' മേയ് 21-നാണ് തിയേറ്ററുകളിലെത്തിയത്. ഒക്ടോബർ രണ്ടിനാണ് ഹിന്ദി 'ദൃശ്യം 3' റിലീസ്.
Content Highlights: Ajay Devgn confirms the Hindi version of 'Drishyam 3' features a completely different storyline from the Malayalam original. The actor shared that while part two was inspired by the Malayalam film, part three features an original script crafted with fresh twists. The trailer for 'Drishyam 3: The Conclusion' was officially released, featuring Tabu, Shriya Saran, Prakash Raj, and Jaideep Ahlawat. Directed by Abhishek Pathak, the film is set to hit theaters on October 2. Ajay Devgn expressed his desire for Mohanlal and Jeethu Joseph to watch and share their thoughts on the Hindi adaptation.
Published: 09 Sept 2026, 09:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented