ചെന്നൈ: തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെപ്റ്റംബർ ഒന്നുമുതൽ നടത്താനിരുന്ന സമരം താത്കാലികമായി പിൻവലിച്ചു. മന്ത്രി രാജ്‌മോഹനുമായി നടത്തിയ ചർച്ചയിൽ പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി കൂടിയാലോചിച്ച് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ ശ്രമിക്കുമെന്ന് മന്ത്രി തങ്ങൾക്ക് ഉറപ്പുനൽകിയതായി സംഘടനാ ഭാരവാഹികൾ അറിയിച്ചു.

To advertise here,

സെപ്റ്റംബർ ഒന്നുമുതൽ പുതിയ സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്നും ഷൂട്ടിങ്, പോസ്റ്റ്-പ്രൊഡക്‌ഷൻ ഉൾപ്പെടെയുള്ള എല്ലാ ജോലികളും നിർത്തിവെയ്ക്കുമെന്നുമാണ് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നത്.

സെപ്റ്റംബർ ഒന്നുമുതൽ തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ, എട്ട് ആഴ്ചകൾക്കുശേഷംമാത്രമേ ഒ.ടി.ടി.കൾക്ക് നൽകുകയുള്ളൂവെന്ന് നിർമാതാക്കൾ കത്തുനൽകണമെന്ന് തമിഴ്നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും തിയേറ്റർ ഓണേഴ്സ് അസോസിയേഷനും നിർദേശിച്ചിരുന്നു. എങ്കിൽ മാത്രമേ പ്രദർശനാനുമതി നൽകുകയുള്ളൂവെന്നും അവർ പറഞ്ഞു. തങ്ങളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് ഇതെന്ന് ആരോപിച്ചാണ് പുതിയ സിനിമകൾ റീലീസ് ചെയ്യേണ്ടെന്ന് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചത്.

ദക്ഷിണേന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലൊന്നും ഇത്തരം നിയമങ്ങൾ നടപ്പിലാക്കാത്തപ്പോൾ തമിഴ്നാട്ടിൽ മാത്രം ഏർപ്പെടുത്തുന്നതിനെ അവർ ചോദ്യംചെയ്തു.

നിലവിൽ തമിഴ് ഉൾപ്പടെ ദക്ഷിണേന്ത്യൻ സിനിമകൾ തിയേറ്റർ റിലീസ് ചെയ്ത് നാലാഴ്ച കഴിഞ്ഞാണ് ഒ.ടി.ടി.യിൽ റിലീസ് ചെയ്യാറുള്ളത്.