മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച വിഷ്ണു വിശാൽ ഓപ്പറേഷൻ ജാവ ഇറങ്ങി സമയത്ത് സംവിധായകൻ തരുൺ മൂർത്തിയുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും ഓർത്തെടുത്തു.

വെണ്ണിലാ കബഡി കൂഴ്, മുണ്ടാസുപ്പട്ടി, രാക്ഷസൻ, എഫ്ഐആർ, തുടങ്ങി ഒട്ടനവധി തമിഴ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടംപിടിച്ച നടനാണ് വിഷ്ണു വിശാൽ. പയറ്റിത്തെളിഞ്ഞത് തമിഴിലാണെങ്കിലും മലയാളസിനിമയേയും ചലച്ചിത്ര പ്രവർത്തകരേയും നെഞ്ചോടുചേർക്കുന്നുണ്ട് അദ്ദേഹം. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ അഭിനയിക്കണമെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഗാട്ടാ ഗുസ്തി-സെക്കൻഡ് റൗണ്ട് എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയതായിരുന്നു അദ്ദേഹം. ഗാട്ടാ ഗുസ്തിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഒട്ടും വിചാരിച്ചതല്ല. ഈ സിനിമയ്ക്കുവേണ്ടി നടി ഐശ്വര്യ ലക്ഷ്മി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച വിഷ്ണു വിശാൽ ഓപ്പറേഷൻ ജാവ ഇറങ്ങി സമയത്ത് സംവിധായകൻ തരുൺ മൂർത്തിയുമായി കൂടിക്കാഴ്ച നടത്തിയ കാര്യവും ഓർത്തെടുത്തു.
‘ഗാട്ടാ ഗുസ്തി 2’ മുൻകൂട്ടി പ്ലാൻ ചെയ്ത സിനിമയാണോ?
അല്ല, 'ഗാട്ടാ ഗുസ്തി 2' ഒരിക്കലും പ്രീ-പ്ലാൻഡ് ആയിരുന്നില്ല. വീരയുടേയും കീർത്തിയുടേയും കഥ ആദ്യഭാഗത്തിൽത്തന്നെ കഴിഞ്ഞതാണ്. എന്റെ കരിയറിൽ പല ചിത്രങ്ങളും രണ്ടാം ഭാഗം ഉണ്ടെന്ന് തന്നെ പറഞ്ഞ് ഇറങ്ങിയവയാണ്. മുണ്ടാസുപെട്ടി, ഇൻട്ര് നേട്ര് നാളൈ, രാക്ഷസൻ, എഫ്ഐആർ എന്നിവയൊക്കെ അതിനുദാഹരണങ്ങളാണ്. എന്നാൽ പല കാരണങ്ങൾകൊണ്ട് അതൊന്നും നടന്നില്ല. ഗാട്ടാ ഗുസ്തി ഒന്നാം ഭാഗം റിലീസ് ചെയ്ത് ഏകദേശം 6-8 മാസങ്ങൾക്ക് ശേഷമാണ് ഞാൻ സംവിധായകൻ ചെല്ല അയ്യാവുവിനോട് സംസാരിക്കുന്നത്. ചെല്ല നല്ല എഴുത്തുകാരനാണ്. എനിക്ക് 11 വർഷമായി അറിയാം. അദ്ദേഹം തിരക്കഥയെഴുതിയ ചിത്രങ്ങളിൽ ഞാനഭിനയിച്ചിട്ടുണ്ട്. എനിക്ക് നല്ല വിശ്വാസമുള്ള ആളാണ്. ആദ്യം അദ്ദേഹം മറ്റൊരു തിരക്കഥയെക്കുറിച്ചാണ് പറഞ്ഞതെങ്കിലും ചർച്ചകൾക്കൊടുവിൽ ഞങ്ങൾ ഒരു പുതിയ ആശയത്തിൽ എത്തിച്ചേരുകയായിരുന്നു. അതാണ് ഗാട്ടാ ഗുസ്തി 2. ഒരു ആശയമുണ്ടെന്ന് മാത്രമാണ് ചെല്ല പറഞ്ഞിരുന്നത്. വിജയിച്ച ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യുമ്പോൾ പ്രേക്ഷകരെ നിരാശപ്പെടുത്തരുത് എന്ന നിർബന്ധം ഞങ്ങൾക്കുണ്ടായിരുന്നു. ആറുമാസമെടുത്താണ് തിരക്കഥ പൂർത്തിയാക്കിയത്. ഞാനഭിനയിക്കുന്ന ആദ്യ സീക്വൽ ചിത്രമാണ് ഗാട്ടാ ഗുസ്തി-സെക്കൻഡ് റൗണ്ട്.
ഐശ്വര്യ ലക്ഷ്മിയുടെ പ്രകടനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
ചിത്രത്തിലെ യഥാർത്ഥ 'ഹീറോ' ഐശ്വര്യ ലക്ഷ്മിയാണ്. തിരക്കഥ എഴുതി തുടങ്ങുമ്പോഴേ ഞങ്ങൾക്ക് ഇക്കാര്യം അറിയാം. ഈ ചിത്രം ഐശ്വര്യക്കുവേണ്ടിയാണ് എടുത്തതെന്ന് ഞാൻ ഇടയ്ക്ക് ചെല്ലായോട് തമാശയായി പറയും. ഒന്നാം ഭാഗത്തിൽ സ്ത്രീവിരുദ്ധനായ ഒരാളിൽ നിന്ന് തന്റെ ഭാര്യയെ മനസ്സിലാക്കുന്ന ഭർത്താവിലേക്കുള്ള മാറ്റമായിരുന്നു കണ്ടത്. എന്നാൽ രണ്ടാം ഭാഗത്തിൽ അയാൾ ഒരു 'ഹൗസ് ഹസ്ബൻഡ്' (വീട്ടുജോലികൾ ചെയ്യുന്ന ഭർത്താവ്) ആയി മാറുകയാണ്. ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം ഇപ്പോൾ റെയിൽവേയിൽ ജോലി ചെയ്യുകയും കുടുംബം പുലർത്തുകയുമാണ്. അങ്ങനെ ഒരു പുരുഷൻ മാറുമ്പോൾ ഈ സമൂഹം അയാളെ എങ്ങനെ കാണുന്നു എന്നതാണ് രണ്ടാം ഭാഗത്തിന്റെ കഥ. വിവാഹശേഷം രണ്ട് വ്യത്യസ്ത വ്യക്തികൾ ഒത്തുജീവിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളും ഒരു അമ്മ എന്ന നിലയിലുള്ള അവളുടെ പരിണാമവുമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ഒരു അമ്മയായും കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായുമുള്ള ഐശ്വര്യയുടെ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഗാട്ടാ ഗുസ്തി നിർത്തിയിടത്തുനിന്നാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്.
എന്തെല്ലാമായിരുന്നു രണ്ടുപേരുടേയും തയ്യാറെടുപ്പുകൾ?
ഈ ചിത്രത്തിൽ എനിക്ക് ഭക്ഷണം പാകംചെയ്യുന്നതിന്റെ ഒരുപാട് രംഗങ്ങളുണ്ട്. ശരിക്കും എനിക്ക് പാചകം അറിയില്ല. പക്ഷേ കുക്കിങ് വീഡിയോ ധാരാളം കാണും. കാരണം ധാരാളം ക്ഷമ ആവശ്യപ്പെടുന്ന ഒന്നാണ് പാചകം. എനിക്കാണെങ്കിൽ വിശന്നാൽ ഉടൻ ഭക്ഷണം മുന്നിൽ വേണം. എന്നാൽ ഭക്ഷണം മുന്നിലെത്തുന്നതിന് പിന്നിൽ ഒരു പ്രോസസ് ഉണ്ടല്ലോ. അതേക്കുറിച്ച് എനിക്ക് ചിന്തയേ ഇല്ല. ഭക്ഷണം പാകം ചെയ്യുന്നതിനിടെതന്നെ എടുത്ത് കഴിക്കാൻ തോന്നും. അത്രയ്ക്കും ക്ഷമ ഇല്ല. പക്ഷേ വീട് വൃത്തിയാക്കലും പാത്രങ്ങളും തുണി കഴുകുന്നതും ചെയ്തിട്ടുണ്ട്. കാരണം പണ്ട് ക്രിക്കറ്റ് കളിച്ചിരുന്ന സമയത്ത് മാച്ചുകൾക്ക് ധാരാളം സ്ഥലങ്ങളിൽ പോകും. ചിലയിടങ്ങളിൽ സൗകര്യമുണ്ടാകും, ചിലയിടത്ത് ഉണ്ടാവില്ല. റൂം സർവീസൊന്നും ഉണ്ടാകണമെന്നില്ല. അപ്പോൾ എല്ലാം നമ്മൾ സ്വയം ചെയ്യും, അങ്ങനെ ശീലിച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് പറയുകയാണെങ്കിൽ അവർ ഈ കഥാപാത്രത്തിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവരുടെ ബോഡി ലാംഗ്വേജും റിയാക്ഷനുകളും വളരെ മികച്ചതാണ്.
വീട്ടിൽ ഒരു സ്പോർട്സ് താരം ഉണ്ടല്ലോ?
അതെ, എന്റെ ഭാര്യ ജ്വാല ഗുട്ട. ഒളിമ്പിക്സിൽ പങ്കെടുത്ത ബാഡ്മിന്റൺ താരമാണ് അവർ. അതുകൊണ്ടുതന്നെ ഒരു സ്പോർട്സ് വുമണിന്റെ മൈൻഡ് സെറ്റ് എന്താണെന്ന് എനിക്കറിയാം. ജ്വാലയുടെ ചില സ്വഭാവ സവിശേഷതകൾ ഐശ്വര്യ ലക്ഷ്മിയുടെ കീർത്തി എന്ന കഥാപാത്രത്തിന് നൽകാമെന്ന് ഞാൻ തിരക്കഥ ചർച്ച ചെയ്യുമ്പോൾ സംവിധായകനോട് പറഞ്ഞിരുന്നു.
ചോദ്യം: സ്റ്റണ്ട് രംഗങ്ങളെക്കുറിച്ചും സുപ്രീം സുന്ദർ മാസ്റ്ററെക്കുറിച്ചും?
സുപ്രീം സുന്ദർ, അൻബറിവ് എന്നിവരാണ് ഈ സിനിമയുടെ ആക്ഷൻ രംഗങ്ങൾക്കുപിന്നിൽ. ആദ്യഭാഗത്തേക്കാൾ കൂടുതൽ സ്റ്റണ്ട് സീനുകളുണ്ടിതിൽ. എനിക്ക് ഏറ്റവും കംഫർട്ടബിൾ ആയ സ്റ്റണ്ട് കൊറിയോഗ്രാഫറാണ് സുപ്രീം സുന്ദർ മാസ്റ്റർ. സ്മാർട്ട് വർക്കും ഹാർഡ് വർക്കും വ്യത്യാസമുണ്ട്. സുപ്രീം സുന്ദർ ഒരു സ്മാർട്ട് വർക്കറാണ്. ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്തുകൂട്ടുന്നത് ഹാർഡ് വർക്കല്ല. അനാവശ്യമായ ഓവർ വർക്കെന്നേ അതിനെ പറയാനാകൂ. ഓവർവർക്കിനേക്കാൾ ബുദ്ധിപൂർവ്വമായ ജോലിയാണ് അദ്ദേഹം ചെയ്യുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയും നാൾ ഇങ്ങനെയൊരാളുടെകൂടെ എന്തുകൊണ്ട് പ്രവർത്തിച്ചില്ലെന്ന് തോന്നി. എന്റെ അടുത്ത പടത്തിലേക്ക് വരണമെന്ന് അദ്ദേഹത്തോട് ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
ബോസിൽ ജോസഫിന്റെ ഗോദ എന്ന ചിത്രം ഗാട്ടാ ഗുസ്തി പ്രമേയമായിട്ടുള്ളതാണല്ലോ?
എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് ഗോദ. 2016 ലാണ് ദംഗലിന്റെ ട്രെയിലർ വന്നത്. ഞാൻ ആമിർ ഖാൻ ഫാനാണ്. സ്പോർട്സ് ചിത്രങ്ങൾ വളരെ ഇഷ്ടവുമാണ്. വേറെ ഒരു ചിത്രത്തിന്റെ സമയത്ത് ചെല്ല എന്റെ കാരവനിലേക്ക് വന്നു. ഞങ്ങളുടെ ആദ്യചിത്രം പോലും ഇറങ്ങാത്ത സമയമാണത്. അന്നാണ് ഗാട്ടാ ഗുസ്തിയുടെ വൺലൈൻ ചെല്ല പറഞ്ഞത്. അപ്പോൾത്തന്നെ ഞാൻ വളരെയധികം ചിരിച്ചു. നമുക്കിത് നമ്മുടെ രണ്ടാമത്തെ പടമായി ചെയ്യാമെന്ന് പറഞ്ഞു. അതിനുശേഷം ചെല്ല അദ്ദേഹത്തിന്റെ ആദ്യചിത്രമായ സിലുക്കുവരപ്പട്ടി സിങ്കം ചെയ്തു. ഏഴ് സിനിമകൾക്കൊപ്പമാണ് അത് റിലീസായത്. ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നിട്ടും വലിയ കുഴപ്പമില്ലാതെ ആ ചിത്രം ഓടി. ആ സമയത്താണ് ഗോദ റിലീസായത്. ഈ സിനിമ ഒന്ന് കണ്ടുനോക്കാൻ ഞാൻ ചെല്ലയോട് പറഞ്ഞു. അതുകണ്ടശേഷം നമ്മുടെ കഥയുമായി സാദൃശ്യമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ശരിക്ക് പറഞ്ഞാൽ ഗാട്ടാ ഗുസ്തിയുടെ മൂഡിലുണ്ടായിരുന്ന പടമാണ് ജയ ജയ ജയ ജയ ഹേ. ഗാട്ടാ ഗുസ്തി റിലീസിന് ഏതാനും ആഴ്ചകൾക്ക് മുന്നേയാണ് ആ ചിത്രം റിലീസായത്. ഗോദയുമായി സാമ്യം വരില്ലെന്ന് ഉറപ്പായിരുന്നു. ഒരു സിനിമയും നമ്മുടെ സിനിമയ്ക്ക് പ്രചോദനമായിട്ടില്ല.
ബേസിൽ ജോസഫിന്റെ ചിത്രങ്ങൾ കണ്ടിട്ടുണ്ടോ?
എനിക്ക് ബേസിൽ ജോസഫിനെ വളരെ ഇഷ്ടമാണ്.ഗോദയും മിന്നൽ മുരളിയും ഏറെ ഇഷ്ടമാണ്. നടനെന്ന നിലയിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ മിക്കതും കണ്ടിട്ടുണ്ട്. പൊന്മാൻ ഇതുവരെ കണ്ടിട്ടില്ല, ഉടൻ കാണും.
ക്രിക്കറ്റിൽ നിന്നാണ് സിനിമയിലേക്കെത്തിയത്. ക്രിക്കറ്റ് മിസ് ചെയ്യുന്നുണ്ടോ?
മുൻപ് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിലും ഇപ്പോഴില്ല. ആ ഘട്ടം പൂർണമായെന്നാണ് കരുതുന്നത്. ഞാൻ ഒരു സ്പോർട്സ് പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആളാണ് ഒരു സ്ട്രെസ് ഫ്രാക്ചറാണ് (Stress Fracture) എല്ലാത്തിന്റെയും തുടക്കം. സ്ട്രെസ് കാരണം കാലിൽ ഒരു ക്രാക്ക് വന്നു. അണ്ടർ 16, അണ്ടർ 19, അണ്ടർ 22 മത്സരങ്ങൾ തുടർച്ചയായി കളിച്ചിരുന്ന സമയമാണത്. ഡിസ്ട്രിക്ട്, സ്റ്റേറ്റ്, സോൺ തലങ്ങളിൽ കളിച്ചു. അന്ന് അഡ്വാൻസ് മെഡിസിനൊന്നും കിട്ടില്ലായിരുന്നു. കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് സ്ട്രെസ് ഫ്രാക്ചർ സംഭവിച്ചത്. വേദനയുണ്ടായിരുന്നെങ്കിലും അത്ര കാര്യമാക്കാതെ വിട്ടു. കളിക്കുമ്പോൾ പകൽ സമയത്ത് വേദനയുണ്ടാകും. രാത്രി വിശ്രമിച്ച് രാവിലെ എഴുന്നേൽക്കുമ്പോഴേക്ക് കുറയും. മസിൽ പ്രശ്നമായിരിക്കും എന്നാണ് കരുതിയിരുന്നത്. ഏറെ വൈകിയാണ് ആ വേദന ഒരു ക്രാക്ക് ആയി മാറിയെന്ന് തിരിച്ചറിഞ്ഞത്. ആദ്യം ആറുമാസം ചികിത്സ നടത്തി. ആ സമയത്താണ് ഒരുപാട് സിനിമകൾ കാണാൻ തുടങ്ങിയത്. ചികിത്സയ്ക്ക് ശേഷം തിരിച്ചുവന്നെങ്കിലും പഴയ ഫോം കണ്ടെത്താൻ കഴിയാത്തതിനാൽ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്നു.
സംവിധായകൻ സൂസീന്ദ്രനുമായും നടൻ സൂരിയുമായും ഇപ്പോഴും ബന്ധപ്പെടാറുണ്ടോ?
തീർച്ചയായും. സൂസീന്ദ്രനെ ഇടയ്ക്ക് വിളിക്കാറുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റേതായ തിരക്കുകളിലാണ്. ഞാനൊരിക്കലും മറ്റൊരാളോട് ഉപദേശം ചോദിക്കാറില്ല. 17 വർഷത്തിനിടെ ഞാൻ തിരിച്ചറിഞ്ഞ ഒരു കാര്യം, മറ്റുള്ളവർ പറയുന്നത് കേൾക്കാം പക്ഷേ സ്വന്തം ഹൃദയം പറയുന്നതുവേണം പ്രാവർത്തികമാക്കാൻ എന്നതാണ്. വെണ്ണിലാ കബഡി കൂഴുവിലെ നായിക ശരണ്യയുമായി ഇപ്പോഴും സൗഹൃദമുണ്ട്. സൂരി ഒരുപാട് വളർന്നു. നായകനായി മണ്ടാടി എന്ന ചിത്രം ചെയ്യുകയാണ്. അടുത്തിടെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. കോമഡി ചെയ്യുമ്പോൾ നിറയെ പടം ചെയ്യാറുണ്ട്, ഹീറോ ആയപ്പോൾ ഒരു പടം തീരാൻ രണ്ടുവർഷമെടുക്കുന്നു എന്നാണ് സൂരി പറഞ്ഞത്.
ആമിർ ഖാൻ എങ്ങനെയാണ് പ്രചോദനമായിട്ടുള്ളത്?
ചെറുപ്പം മുതലേ അദ്ദേഹം എനിക്ക് പ്രചോദനമാണ്. വിമർശനങ്ങളെ എളുപ്പത്തിൽ സ്വീകരിക്കുന്നയാളാണ് ആമിർ സാർ. ആ വസ്തുത എനിക്ക് സർപ്രൈസ് ആയിരുന്നു. അദ്ദേഹത്തിനൊപ്പം ചിലവഴിച്ച നാളുകൾ എന്റെ ജീവിതത്തിൽ ഒരുപാട് സ്പെഷ്യലാണ്. കാര്യങ്ങൾ പഠിക്കുക എന്നൊരു കാര്യമുണ്ട്. തന്റെ ജീവിതത്തെക്കുറിച്ചും എങ്ങനെ വെല്ലുവിളികളെ മറികടന്ന് വിജയിച്ചതും ക്യാമറകളുടെ അകമ്പടിയില്ലാതെ അദ്ദേഹം എന്നോട് പങ്കുവെച്ചിട്ടുണ്ട്. എന്റെ മകൾക്ക് മിറ എന്ന് പേരിട്ടത് സാറാണ്.
ഏത് മലയാളി നടനും സംവിധായകനുമൊപ്പം പ്രവർത്തിക്കാനാണ് താത്പര്യം?
എനിക്ക് മലയാളത്തിലെ മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. പ്രത്യേകിച്ച് ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ എനിക്ക് വലിയ താല്പര്യമുണ്ട്. അദ്ദേഹത്തിന്റെ വളർച്ചയിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാനും ആഗ്രഹമുണ്ട്. സംവിധായകൻ വിപിൻ ദാസിനെയും ഇഷ്ടമാണ്. ഓപ്പറേഷൻ ജാവ കണ്ടശേഷം ഞാൻ തരുൺ മൂർത്തിയോട് സംസാരിച്ചിട്ടുണ്ട്. ചെന്നൈയിൽവെച്ച് നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു ഗംഭീര തിരക്കഥയെക്കുറിച്ച് പറഞ്ഞു. ചെയ്യാമെന്ന് ഞാനും പറഞ്ഞിരുന്നു. അതിനുശേഷം അദ്ദേഹം സ്വന്തമായ യാത്ര തുടങ്ങി. അദ്ദേഹത്തിന്റെ വളർച്ചയിൽ ഏറെ അഭിമാനമുണ്ട്. സൗദി വെള്ളയ്ക്കയാണ് തരുണിന്റെ രണ്ടാമത്തെ സിനിമ. നായകനെക്കുറിച്ചല്ല അദ്ദേഹം ചിന്തിച്ചത്, കഥയെക്കുറിച്ചാണ് എന്നതാണ് തരുണിനെക്കുറിച്ച് എനിക്കിഷ്ടപ്പെട്ട ഒരു കാര്യം. അതിനുശേഷം തുടരും ചെയ്തു, ഇപ്പോൾ അതിമനോഹരം ചെയ്തുകൊണ്ടിരിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ഓപ്പറേഷൻ ജാവാ 2 പ്രഖ്യാപിക്കുകയും ചെയ്തു. വളരെ അപൂർവമായേ ഞാനൊരു സംവിധായകന്റെ കഴിവ് തിരിച്ചറിഞ്ഞ് അദ്ദേഹത്തോട് സംസാരിക്കാറുള്ളൂ. അവർ വളരുമ്പോൾ സന്തോഷം തോന്നാറുണ്ട്.
Content Highlights: In an exclusive chat during the Kerala promotions of his highly anticipated sequel Gatta Kusthi: Second Round, Tamil star Vishnu Vishal declared that actress Aishwarya Lekshmi is the true 'hero' of the film. The actor also opened up about his transition into a on-screen 'house husband', how his real-life wife Jwala Gutta's traits inspired the script, and his strong desire to work with Malayalam icons like Basil Joseph and Fahadh Faasil.
Published: 02 Jul 2026, 04:51 pm IST
ABOUT THE AUTHOR

അഞ്ജയ് ദാസ്. എന്.ടി
anjaydas@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented