വിശാൽ നായകനായി അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് മകുടം. ഈട്ടി, ഐങ്കരൻ എന്നീ ചിത്രങ്ങൾക്കുശേഷം രവി അരസ് സംവിധാനം ചെയ്യാനിരുന്ന സിനിമയുമായി ബന്ധപ്പെട്ട് വലിയൊരു വഴിത്തിരിവ് സംഭവിച്ചിരിക്കുകയാണ്. മകുടം എന്ന ചിത്രം ഇനി സംവിധാനം ചെയ്യുന്നത് നായകനായ വിശാൽ ആയിരിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.

To advertise here,

സംവിധായകനായ രവി അരസും വിശാലും തമ്മിൽ സർഗ്ഗാത്മകമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് വിവരം. പ്രോജക്റ്റ് തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും നിർമ്മാണം തന്റെ കാഴ്ചപ്പാടിന് അനുസൃതമാണെന്ന് ഉറപ്പാക്കാനുമാണ് വിശാലിന്റെ ഈ തീരുമാനമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആർ.ബി. ചൗധരിയുടെ നേതൃത്വത്തിലുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 99-ാമത്തെ നിർമ്മാണമാണ് ഈ ചിത്രം.

ദുഷാര വിജയൻ, അഞ്ജലി, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. ചിത്രത്തിന്റെ നിർമ്മാണത്തിലെ ഒരു നിർണ്ണായക ഘട്ടത്തിലാണ് വിശാൽ സംവിധായകനായി ചുമതലയേൽക്കുന്നു എന്ന പ്രഖ്യാപനം വരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സംവിധായകൻ രവി അരസിന്റെ ഭാഗത്തുനിന്നും പ്രതികരണം വന്നിട്ടില്ല.

നേരത്തെ, 'തുപ്പറിവാളൻ 2' എന്ന ചിത്രം വിശാൽ സംവിധാനം ചെയ്യേണ്ടതായിരുന്നു. മിഷ്കിൻ സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രം അദ്ദേഹത്തിൽനിന്ന് വിശാൽ സംവിധായകനായി ഏറ്റെടുത്തെങ്കിലും സിനിമ ഇതുവരെ പൂർത്തിയായിട്ടില്ല.