
വിനായകന്‍| Photo: Youtube / Mammootty Kampany
കളങ്കാവല്‍ എന്ന ചിത്രത്തില്‍ സംവിധായകന്‍ ജിതിന്‍ കെ. ജോസ് തന്റെ കയ്യും കാലും പിടിച്ചുകെട്ടിയാണ് അഭിനയിപ്പിച്ചതെന്ന് നടന്‍ വിനായകന്‍. ചിത്രത്തില്‍ മമ്മുട്ടിക്കൊപ്പം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനായകനാണ്. വിനായകന്റെ പതിവ് ശൈലിയിലുള്ള ലൗഡ് ആയ കഥാപാത്രം തന്നെയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എനിക്ക് ലൗഡ് ആയി അഭിനയിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അത് പിടിച്ചുവെച്ച് അഭിനയിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. ചേട്ടന്‍ ഒന്നും ചെയ്യേണ്ട. ഞങ്ങള്‍ പറയുന്ന പോലെ ചെയ്താല്‍ മതി എന്ന് പറഞ്ഞ് ജിതിന്‍ തന്റെ കയ്യും കാലും പിടിച്ചുകെട്ടി അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് തോന്നിയതെന്ന് വിനായകന്‍ പറഞ്ഞു. ജിതിന്‍ ഈ പടത്തില്‍ തനിക്ക് നിര്‍ദേശങ്ങള്‍ തന്ന് നിര്‍ത്തിയിട്ടുണ്ടായിരുന്നു. സംവിധായകന്റെ ആ രീതി തനിക്കിഷ്ടമായെന്നും വിനായകന്‍ പറയുന്നു.
തനിക്കും മമ്മൂക്കയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തിലുള്ളതെന്ന് വിനായകന്‍ വ്യക്തമാക്കി. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളാണവയെന്നും അദ്ദേഹം പറഞ്ഞു.
മമ്മുക്കായുടെ ഓപ്പോസിറ്റ് നിന്ന് ഇത്രയും വലിയൊരു പടമൊക്കെ ചെയ്യുകയെന്നത് സിനിമയിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്. ചിത്രത്തിലേക്ക് മമ്മൂക്ക തന്നെ എന്റെ പേര് നിര്‍ദേശിക്കുകയെന്നത് ജന്മത്തിലെ ഭാഗ്യമാണ്. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ ഭയങ്കര ഈസിയാണ്. സംഭാഷണങ്ങളുടെ കാര്യത്തില്‍ അദ്ദേഹം കുറേ സഹായിച്ചു. അതിന് അദ്ദേഹത്തോട് നന്ദി പറയുന്നു- വിനായകന്‍ പറഞ്ഞു.
ഡാന്‍സറായി സിനിമയിലെത്തിയ ആളെ എന്താണ് ഡാന്‍സറായി വേദിയില്‍ കാണാത്തതെന്ന അവതാരകയുടെ ചോദ്യത്തിന് ആളുകളുമായുള്ള ഐ കോണ്‍ടാക്ട് കൈകാര്യം ചെയ്യാന്‍ തനിക്ക് പ്രയാസമാണെന്ന് വിനായകന്‍ പറയുന്നു. തന്നെ ഒരു സെലിബ്രിറ്റിയായിട്ട് ഇന്നും സ്വയം കണ്ടിട്ടില്ലെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമകളിലല്ലാതെ പൊതുവേദികളില്‍ എന്തുകൊണ്ട് കാണുന്നില്ല എന്ന ചോദ്യത്തിന് സിനിമയും അതിന്റെ കച്ചവടവുമാണ് താന്‍ നോക്കാറുള്ളതെന്നും പൊതുവേദികള്‍ തനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ലെന്നും വിനായകന്‍ പറഞ്ഞു.
'പൊതുവേദിയില്‍ സംസാരിക്കാന്‍ എനിക്കറിയില്ല. താത്പര്യമുണ്ടെങ്കിലും പറ്റുന്നില്ല. പത്തുപേരില്‍ രണ്ടു പേര്‍ തന്നെ തോണ്ടും എന്റെ സ്വഭാവം അനുസരിച്ച് ഞാന്‍ എന്തെങ്കിലും പറയും പ്രശ്‌നമാവും. അപ്പോള്‍ നല്ലത് വീട്ടിനകത്ത് ഇരിക്കുകയാണ്.' -വിനായകന്‍ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവല്‍. നേരത്തെ നവംബര്‍ 27 ന് ചിത്രം പുറത്തിറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇത് പിന്നീട് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം വേഫെയറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്ന് തിരക്കഥ രചിച്ച 'കളങ്കാവല്‍' മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
Content Highlights: Vinayakan reveals director Jithin K. Jose had to 'tie down' his acting style in Kalankaval; expresses gratitude to Mammootty for recommending him for the lead role.
Published: 28 Nov 2025, 09:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented