ദിലീപിനെയും തമന്ന ഭാട്ടിയയെയും കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം ചെയ്ത 'ബാന്ദ്ര' ഒ.ടി.ടി. റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ എത്തി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ്ങിന് എത്തുന്നത്. നവംബർ 13-ന് സീ5 ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

To advertise here,

2023 നവംബർ 10-നായിരുന്നു 'ബാന്ദ്ര' തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ദിലീപിന്റെ 147-ാമത് ചിത്രമാണിത്. ബോളിവുഡ് താരം തമന്ന ഭാട്ടിയ ആദ്യമായി അഭിനയിച്ച മലയാള ചിത്രം കൂടിയാണിത്.

അലൻ അലക്‌സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രമായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. തൊണ്ണൂറുകളിലെ ബോളിവുഡ് നടിയായ താരാ ജാനകിയുടെ വേഷമാണ് തമന്ന കൈകാര്യം ചെയ്തത്. അണ്ടർവേൾഡ് മാഫിയയും 90-കളിലെ ഹിന്ദി സിനിമാ ലോകവും പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്.

ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിതാണ് നിർമിച്ചത്. ഡിനോ മോറിയ, മംമ്ത മോഹൻദാസ്, ശരത് കുമാർ, കലാഭവൻ ഷാജോൺ, ലെന, ഈശ്വരി റാവു, കെ.ബി. ഗണേഷ് കുമാർ, സിദ്ദീഖ്, വി.ടി.വി. ഗണേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാം സി.എസ്. സംഗീതവും ഷാജികുമാർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചു.