പനജി: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ‘അമരൻ’ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു. ഇന്ത്യൻ ആർമിയുടെ രജപുത് റെജിമെന്റിലെ കമ്മിഷൻ ഓഫീസറായ മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രമാണിത്. ജമ്മുവിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിൽ ഡെപ്യൂട്ടേഷനിലായിരിക്കെ ഭീകരവിരുദ്ധ ഓപ്പറേഷനിടെ കൊല്ലപ്പെട്ട മുകുന്ദിന്റെ ധീരതയ്ക്ക് മരണാനന്തരം രാജ്യം അശോക് ചക്ര നൽകി ആദരിച്ചിരുന്നു. നിർമാതാവ് കമൽഹാസനും നടൻ ശിവകാർത്തികേയനും നടി സായി പല്ലവിയും പ്രദർശനത്തിനെത്തിയിരുന്നു.

To advertise here,

അനുപം ഖേർ സംവിധാനംചെയ്ത ‘തൻവി ദി ഗ്രേറ്റ്’ മേളയിൽ പ്രദർശിപ്പിച്ചു. ബുസാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത സാങ് ലൂവിന്റെ ‘ഗ്ലോമിങ് ഇൻ ലുവോമു’ ഫ്രം ദി ഫെസ്റ്റിവൽസ് വിഭാഗത്തിൽ പ്രദർശിപ്പിച്ചു.

പാനൽ ചർച്ചയിൽ ‘രണ്ടുകാലഘട്ടങ്ങളിൽനിന്നുള്ള പ്രതിഫലനം’ എന്ന വിഷത്തിൽ മുസാഫർ അലി, ഷാദ് അലി എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ വാലെന്റീന ബെർട്ടാണി ആൻഡ് നിക്കോൾ ബെർട്ടാണി എന്നിവർ സംവിധാനംചെയ്ത ഫ്രഞ്ച് ചിത്രം ‘മാസ്‌കിട്ടോസ്’, ചീ ഹായകാവ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ‘റെനോയർ’ എന്നിവ ശനിയാഴ്ച പ്രദർശനത്തിനെത്തും. ഇന്ത്യൻ പനോരമയിൽ തേജസ് പ്രഭ വിജയ് സംവിധാനംചെയ്ത ഹിന്ദിചിത്രം ‘ഗ്രൗണ്ട് സീറോ, ‘മാലിപുട് മെലഡീസ്’ തുടങ്ങിയ ചിത്രങ്ങളും പ്രദർശിപ്പിക്കും.