താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് തമിഴ് താരം വിജയ് സേതുപതി. മോഹന്‍ലാലിന്റെ ഓട്ടോഗ്രാഫ് ഓഫീസില്‍ ഫ്രെയിംചെയ്തുവെച്ചിട്ടുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു. ജിയോഹോട്ട്‌സ്റ്റാറിന്റെ സൗത്ത് അണ്‍ബൗണ്ട് വേദിയില്‍ നാഗാര്‍ജുനെ സാക്ഷിയാക്കിയാണ് വിജയ് സേതുപതിയുടെ വാക്കുകള്‍.

To advertise here,

ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ വേദിയില്‍ ആദരിച്ചു. മോഹന്‍ലാലിനെ വിജയ് സേതുപതിയും നാഗാര്‍ജുനയും പൊന്നാടയണിയിച്ചു. നാഗാര്‍ജുനയും മോഹന്‍ലാലിനെ പ്രശംസിച്ചു സംസാരിച്ചു.

ഏറ്റവും അഭിമാനകരമായ ഫാല്‍ക്കെ പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹനായ നടന്‍ എന്ന് നാഗാര്‍ജുന മോഹന്‍ലാലിനെ വിശേഷിപ്പിച്ചു. 'ഇന്ത്യന്‍ സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഏറ്റവും അര്‍ഹതയുള്ള മനുഷ്യനിലേക്കാണ് പുരസ്‌കാരമെത്തിയത്. ഈ മനുഷ്യന് എന്തും അനായാസം ചെയ്യാന്‍ സാധിക്കും. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന വ്യക്തിയെ അഭിനന്ദിക്കാനുള്ള വലിയ അവസരമാണിത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് തെന്നിന്ത്യന്‍ ഭാഷകളിലായി 12,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ജിയോഹോട്ട്‌സ്റ്റാര്‍ ചടങ്ങില്‍ അറിയിച്ചു. മലയാളമടക്കം നാലുഭാഷകളിലായി 25 ടൈറ്റിലുകള്‍ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഇതില്‍ റിയാലിറ്റി ഷോകളും വെബ് സീരീസുകളും ഡോക്യുമെന്ററികളും ഉള്‍പ്പെടും. 'കേരള ക്രൈം ഫയല്‍സ് സീസണ്‍ 3', '1000 ബേബീസ് സീസണ്‍ 2', നിവിന്‍ പോളി നായകനായ 'ഫാര്‍മ' ഉള്‍പ്പെടെയാണിത്.