കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്സ്റ്റാർ മിഡിൽ ഈസ്റ്റിലേക്കും നോർത്ത് ആഫ്രിക്കയിലേക്കും (MENA) സേവനം വ്യാപിപ്പിച്ചു. യുകെ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് കൂടുതൽ വിദേശ വിപണികളിലേക്ക് ജിയോഹോട്സ്റ്റാർ എത്തുന്നത്.

To advertise here,

ഈ മേഖലയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാർസ്പ്ലേയുമായി സഹകരിച്ചാണ് ജിയോഹോട്സ്റ്റാർ സേവനം ലഭ്യമാക്കുന്നത്. സ്റ്റാർസ്പ്ലേ ആപ്പിലും വെബ്സൈറ്റിലും ജിയോഹോട്സ്റ്റാറിനായി പ്രത്യേക വിഭാഗം ഉണ്ടായിരിക്കും.

ഇന്ത്യയിലെ റിലീസിനൊപ്പം ജിയോഹോട്സ്റ്റാർ ഒറിജിനലുകളും

ജിയോഹോട്സ്റ്റാർ ഒറിജിനലുകൾ ഇന്ത്യയിലെ റിലീസിനൊപ്പം തന്നെ പത്ത് ഭാഷകളിലെ ഓഡിയോ ട്രാക്കുകളോടെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലും ലഭ്യമാകും. ജിയോസ്റ്റാർ ടിവി ചാനലുകളിലെ ജനപ്രിയ പരിപാടികളും സൂപ്പർഹിറ്റ് സിനിമകളും ഇതിലൂടെ പ്രേക്ഷകർക്ക് ലഭിക്കും.

ആറ് ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്, വരാനിരിക്കുന്ന കോഫി വിത്ത് കരൺ തുടങ്ങിയ റിയാലിറ്റി ഷോകളും ജിയോഹോട്സ്റ്റാറിലൂടെ ലഭ്യമാകും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിലെ വിവിധ പരിപാടികളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ വലിയൊരു വിഭാഗം വരുന്ന മലയാളി പ്രേക്ഷകരെ കണക്കിലെടുത്ത് വിപുലമായ മലയാളം കണ്ടന്റും ജിയോഹോട്സ്റ്റാർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജിയോഹോട്സ്റ്റാർ കാണാൻ എത്രയാണ് നിരക്ക്?

  • പ്രതിമാസം 34.99 ദിർഹം നിരക്കിലുള്ള സ്റ്റാർസ്പ്ലേയുടെ പ്ലസ് പ്ലാനിലൂടെ വിവിധ ഭാഷകളിലെ മുഴുവൻ വിനോദ പരിപാടികളും ആസ്വദിക്കാം.
  • പ്രതിമാസം 49.99 ദിർഹം നിരക്കിലുള്ള മാക്‌സ് പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ജിയോഹോട്സ്റ്റാറിലെ വിനോദ പരിപാടികൾക്കൊപ്പം ക്രിക്കറ്റ് ഉൾപ്പെടെയുള്ള സ്റ്റാർസ്പ്ലേയുടെ സ്പോർട്സ് പാക്കേജും ലഭിക്കും.

 

ബുർജ് ഖലീഫയിൽ ജിയോഹോട്സ്റ്റാറിന്റെ പ്രഖ്യാപനം

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്കുള്ള ജിയോഹോട്സ്റ്റാറിന്റെ പ്രവേശനം പ്രഖ്യാപിച്ച് ദുബായിലെ ബുർജ് ഖലീഫയിൽ ഗംഭീര പ്രകാശവിന്യാസം സംഘടിപ്പിച്ചു. ജിയോഹോട്സ്റ്റാറും സ്റ്റാർസ്പ്ലേയും കൈകോർക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു ഈ വർണ്ണവിസ്മയം.

ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാൻ കഴിയുന്ന രീതിയിലാണ് ദൃശ്യവിരുന്ന് ഒരുക്കിയത്.

എഐ അടിസ്ഥാനമാക്കിയുള്ള വ്യക്തിഗത അനുഭവം

എഐ അടിസ്ഥാനമാക്കിയുള്ള പേഴ്‌സണലൈസേഷൻ, ഇന്ററാക്ടീവ് എന്റർടൈൻമെന്റ്, ഇൻ-ആപ്പ് കൊമേഴ്‌സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളോടെയാണ് ജിയോഹോട്സ്റ്റാർ പ്രവർത്തിക്കുന്നത്.

യുകെ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലഭിച്ച മികച്ച പ്രതികരണം, ഇന്ത്യൻ വിനോദ പരിപാടികൾക്ക് ആഗോളതലത്തിൽ ലഭിക്കുന്ന സ്വീകാര്യതയാണ് വ്യക്തമാക്കുന്നതെന്ന് ജിയോസ്റ്റാർ ഇന്റർനാഷണൽ ബിസിനസ് മേധാവി അമിത് മൽഹോത്ര പറഞ്ഞു.

വലിയൊരു വിഭാഗം ദക്ഷിണേഷ്യൻ പ്രവാസികൾ വസിക്കുന്ന മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയാണ് തങ്ങളുടെ അടുത്ത സുപ്രധാന വിപണിയെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ ബ്രാൻഡുകളെ ഒരുമിപ്പിച്ച് പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്റ്റാർസ്പ്ലേ സിഇഒ മാസ് ഷെയ്ഖ് പറഞ്ഞു. ക്രിക്കറ്റിലൂടെ ദക്ഷിണേഷ്യൻ പ്രേക്ഷകരുമായി സ്റ്റാർസ്പ്ലേയ്ക്ക് മികച്ച ബന്ധമുണ്ടെന്നും ജിയോഹോട്സ്റ്റാറിന്റെ വരവോടെ ഈ ബന്ധം വിനോദ മേഖലയിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.