പനാജി: 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം ദിനത്തിൽ ശ്രദ്ധനേടി മലയാളി സംവിധായകനും നടനുമായ ബേസിൽ ജോസഫ്. 'ഇൻ- കോൺവർസേഷൻ' വിഭാഗത്തിൽ 'മിത്തോളജി, സൂപ്പർഹീറോസ് ആൻഡ് ന്യൂ വേൾഡ്‌സ്' എന്ന വിഷയത്തിലാണ് ബേസിൽ ജോസഫ് സംസാരിച്ചത്. ബോളിവുഡ് സംവിധായകൻ അയാൻ മുഖർജിയും ബേസിലിനൊപ്പം സംവാദത്തിൽ പങ്കെടുത്തു.

To advertise here,

'മിന്നൽ മുരളി'യെക്കുറിച്ചും ഇന്ത്യൻ പശ്ചാത്തലത്തിൽ സൂപ്പർഹീറോ ലോകം സൃഷ്ടിച്ചതിനെക്കുറിച്ചും ബേസിൽ വിശദമായി സംസാരിച്ചു. പ്രാദേശിക കഥകൾക്ക് തനിമ നഷ്ടപ്പെടാതെ തന്നെ ആഗോള നിലവാരത്തിലേക്ക് ചേർത്തുവെക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച.

'ബ്രഹ്‌മാസ്ത്ര' ഒരുക്കിയതിന്റെ അനുഭവങ്ങളും പുരാണങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ സിനിമാറ്റിക് യൂണിവേഴ്‌സ് നിർമിക്കുന്നതിനെക്കുറിച്ചും അയാൻ മുഖർജിയും മനസുതുറന്നു. ഇരുവരുടെയും മറുപടികൾ, നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കലാ അക്കാദമിയിലെ നിറഞ്ഞ സദസിലായിരുന്നു പരിപാടി.

അഖിൽ സത്യൻ സംവിധാനം ചെയ്ത മലയാള ചിത്രം 'സർവ്വം മായ' കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചു. സംവിധായകനായ അഖിൽ സത്യൻ, നായിക റിയ ഷിബു, സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ തുടങ്ങിയവർ പ്രദർശനത്തിനെത്തി.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ സുസാൻ ആൻഡ്രൂസ് കൊറിയ സംവിധാനം ചെയ്ത മെക്‌സിക്കൻ ചിത്രം 'ദി ഹണ്ട്രസ്', ലോറൻസോ ഫെറോയും ലൂക്കാസ് വിഗ്‌നാലെയും ചേർന്നൊരുക്കിയ അർജന്റീനിയൻ ചിത്രം 'ദി റിവർ ട്രെയിൻ' എന്നിവയാണ് കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയത്. ഇന്ത്യൻ പനോരമയിൽ നോൺ-ഫീച്ചർ വിഭാഗത്തിൽ സന്ദീപ് ഫ്രാൻസിസ് സംവിധാനം ചെയ്ത മലയാള ചിത്രം 'സ്വിച്ച് ഓഫ്' ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഇന്ന് പ്രദർശനത്തിനെത്തും.