നാൽപത് വർഷങ്ങൾക്കുശേഷം തിയേറ്ററിലെത്തി ആരാധകർക്കൊപ്പം സിനിമ കണ്ട് രജനീകാന്ത്. നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ 2’ കാണാനാണ് രജനീകാന്ത് തിയേറ്ററിൽ നേരിട്ടെത്തിയത്. ചെന്നൈയിലെ ഫീനിക്സ് മാളിലായിരുന്നു താരമെത്തിയത്. ഈ സംഭവത്തിന്റെ വീഡിയോ ജയിലർ2 നിർമാതാക്കളായ സൺ പിക്ചേഴ്സ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

To advertise here,

സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയില്ലാതെയായിരുന്നു തന്റെ പുതിയ ചിത്രം ആരാധകർക്കൊപ്പമിരുന്ന് ആസ്വദിക്കാൻ രജനീകാന്ത് എത്തിയത്. സംഗീത സംവിധായകൻ അനിരുദ്ധ്, കൊച്ചു മക്കളായ ലിംഗ, യാത്ര എന്നിവരും ഷോ കാണാൻ രജനിക്കൊപ്പമുണ്ടായിരുന്നു. സിനിമ കാണാനെത്തുന്ന രജനീകാന്തിനെ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. റിലീസ് ചെയ്ത് ഒമ്പതാം ദിനത്തിൽ ഇന്ത്യയിൽ നിന്ന് 14.50 കോടി രൂപ നെറ്റ് കളക്ഷൻ നേടിയതോടെ ചിത്രം 350 കോടി ക്ലബ്ബിനോട് അടുത്തിരിക്കുകയാണ്. ഒമ്പത് ദിവസങ്ങൾ കൊണ്ട് ചിത്രം ഇന്ത്യയിൽ ആകെ 348.85 കോടി രൂപ നെറ്റ് കളക്ഷൻ നേടി. ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ആകെ കളക്ഷൻ 628.05 കോടി രൂപയിലെത്തി നിൽക്കുന്നു.

ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിച്ചിരിക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രജനികാന്തിനൊപ്പം രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ, ഋത്വിക് റോഷൻ എന്നിവരും എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, സുരാജ് വെഞ്ഞാറമൂട്, വിദ്യ ബാലൻ തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്രോഫ് എന്നിവർ അതിഥി വേഷങ്ങളിൽ വീണ്ടും എത്തുന്നുണ്ട്.