മുംബൈ: ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര (89) അന്തരിച്ചു. വാർത്താ ഏജൻസി ഐഎഎൻഎസിനെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ധർമേന്ദ്രയുടെ മരണവിവരം സംവിധായകനും നിർമാതാവുമായ കർൺ ജോഹറും സ്ഥിരീകരിച്ചിട്ടുണ്ട്.

To advertise here,

ശ്വാസതടസ്സത്തെത്തുടർന്ന് ഒക്ടോബർ അവസാനം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ, ആശുപത്രി വിട്ട് 12 ദിവസത്തിന് ശേഷമാണ് അന്തരിച്ചത്. 89 വയസ്സായിരുന്നു. ഈ വരുന്ന  ഡിസംബർ എട്ടിനായിരുന്നു തൊണ്ണൂറാം പിറന്നാൾ.

 ഏതാനും ആഴ്ചകൾക്കുമുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ അദ്ദേഹം അന്തരിച്ചെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം കുടുംബം അന്നുതന്നെ തള്ളിക്കളഞ്ഞിരുന്നു.

1960-ൽ 'ദിൽ ഭി തേരാ ഹം ഭി തേരേ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധർമ്മേന്ദ്ര, 1960-കളിൽ 'അൻപഥ്', 'ബന്ദിനി', 'അനുപമ', 'ആയാ സാവൻ ഝൂം കേ' തുടങ്ങിയ സിനിമകളിൽ സാധാരണക്കാരന്റെ വേഷങ്ങൾ ചെയ്തുകൊണ്ടാണ് തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

പിന്നീട് അദ്ദേഹം 'ഷോലെ', 'ധരം വീർ', 'ചുപ്‌കെ ചുപ്‌കെ', 'മേരാ ഗാവ് മേരാ ദേശ്', 'ഡ്രീം ഗേൾ' തുടങ്ങിയ ചിത്രങ്ങളിൽ നായക വേഷങ്ങൾ ചെയ്തു.

ഷാഹിദ് കപൂറും കൃതി സനോനും അഭിനയിച്ച 'തേരി ബാതോം മേം ഐസ ഉൾഝാ ജിയ' എന്ന ചിത്രത്തിലാണ് ധർമ്മേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ നായകനാകുന്ന 'ഇക്കീസ്' ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം. ചിത്രം ഡിസംബർ 25-ന് പുറത്തിറങ്ങും.