
തിരുവനന്തപുരം: അയ്യങ്കാളി തലപ്പാവ് അണിയിക്കാന്‍ ശ്രമിച്ച സംഘാടകരെ സ്‌നേപൂര്‍വ്വം വിലക്കി ഹിരണ്‍ദാസ് മുരളിയെന്ന റാപ്പര്‍ വേടന്‍. അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ബുധനാഴ്ച തിരുവനന്തപുരത്ത് കെപിഎംഎസ് നടത്തിയ സ്മൃതിസംഗമത്തിലായിരുന്നു ഇത്. തലപ്പാവ് തലയില്‍ അണിയിക്കാനുള്ള സംഘാടകരുടെ ശ്രമം വേണ്ടെന്ന് പറഞ്ഞ വേടന്‍ അങ്ങനെ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വേടന്‍ തലപ്പാവ് കൈയില്‍ സ്വീകരിച്ചു. പ്രതീകാത്മകമായി വേടന് വാളും സംഘാടകര്‍ സമ്മാനിച്ചിരുന്നു.
അയ്യങ്കാളിയുടെ ചരമവാര്‍ഷിക ദിനാചരണത്തിന് കെപിഎംഎസ് ഒരുക്കിയ നവോത്ഥാന സ്മൃതിസംഗമത്തില്‍ മുഖ്യാതിഥിയായാണ് വേടന്‍ എത്തിയത്. ദളിതരായ, പട്ടികജാതിക്കാരായ നമ്മളിപ്പോഴും സനാതനത്തിന്റെ അടിമകളാണെന്ന് വേടന്‍ പിന്നീട് ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. മഹാവീര അയ്യങ്കാളിയെയും ബാബാ സാഹിബ് അംബേദ്കറെയും പൊതുസമൂഹം ആഘോഷിക്കുന്ന കാലം വരും. അതിനായി കാത്തിരിക്കാമെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു. വേടന്റെ വാക്കുകള്‍ ആര്‍പ്പുവിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സ്വീകരണത്തിനു നന്ദിപറഞ്ഞ് പ്രവര്‍ത്തകരെ ഇളക്കിമറിച്ച് വേടന്‍ ആഘോഷം അവിസ്മരണീയമാക്കി.
കേരളത്തിലെ ജാതിസമൂഹം അയ്യങ്കാളിയെയും അംബേദ്കറെയും ജാതിവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായി വേടൻ കുറ്റപ്പെടുത്തി. അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെ സഞ്ചരിക്കുക മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. സനാതനസമൂഹത്തിന്റെ ഇടയിലൂടെയുള്ള ആ വഴിയിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും ഇനിയും മുന്നോട്ടുപോകും. അടുത്ത പ്രാവശ്യം ഇതേ ദിവസം പതിനായിരക്കണക്കിനു പേർ ഒത്തുകൂടുന്ന വേദിയിൽ അംബേദ്കറെയും അയ്യങ്കാളിയെയും ആഘോഷിക്കേണ്ട അവസ്ഥയിൽ സാമൂഹികമായി നമ്മൾ വളരണം. ഇന്ത്യയിലെ, കേരളത്തിലെ കക്ഷിരാഷ്ട്രീയ സംവിധാനങ്ങളെ ചോദ്യംചെയ്യാൻ കഴിയുന്ന സംഘടിതസ്ഥിതിയിലേക്ക് നമ്മൾ വളരാൻ ഇനിയും ഒരുപാടുകാലമെടുക്കുമെന്നു തോന്നുന്നു. കാരണം നമ്മൾതന്നെ വിഭജിച്ചു വിഭജിച്ചു പോവുകയാണ്. ‘പുലയരെല്ലാംകൂടി ചേരമനായാലെന്താ.....’ എന്ന പൊയ്കയിൽ അപ്പച്ചന്റെ കവിത ഈ കാലഘട്ടത്തിലും പാടേണ്ട അവസ്ഥയിലാണ് നമ്മൾ -വേടൻ പറഞ്ഞു.
മഹാത്മാവ് എന്നതിനു പകരം അയ്യൻകാളിയെ മഹാവീരനെന്നേ വിളിക്കൂ എന്ന് സാധുജന പരിപാലനസംഘം(എസ്ജെപിഎസ്) വെങ്ങാനൂരിൽ നടത്തിയ ചടങ്ങിൽ വേടൻ പറഞ്ഞു. അടിച്ചമർത്തപ്പെട്ട പട്ടികജാതി-പട്ടികവർഗ-ആദിവാസി സമൂഹം ഒന്നിക്കുന്നില്ല. എന്നാൽ, നമ്മളെല്ലാം ഒന്നിച്ച് ഒരു വലിയ രാഷ്ട്രീയശക്തിയാകുന്ന ഒരു കാലമെത്തും. അതിനാൽ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കണമെന്ന് വേടൻ ആവശ്യപ്പെട്ടു. പ്രഥമ വില്ലുവണ്ടി പുരസ്കാരം ചടങ്ങിൽ വേടൻ ഏറ്റുവാങ്ങി.
ആരവമായി ‘വേടൻ, വേടൻ, വേടൻ....’‘കടലമ്മ’ പാടി മടക്കം
തിരുവനന്തപുരം: പോലീസ് വലയത്തിൽ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിലേക്ക് റാപ്പർ വേടൻ വന്നിറങ്ങുമ്പോൾ അവിടൊത്തുകൂടിയവർ ഒരേസ്വരത്തിൽ ആരവമുയർത്തി സ്വീകരിച്ചു. അംബേദ്കറും അയ്യങ്കാളിയും തുറന്നിട്ട വഴികളിലൂടെയുള്ള സഞ്ചാരം തുടരുമെന്ന വേടന്റെ പ്രഖ്യാപനം അവിടെക്കൂടിയവരെ ആവേശത്തിലാക്കി. ഇത്രയും വലിയ മനുഷ്യനെ ഓർക്കേണ്ടതിന്റെ ആഘോഷം കുടുസുമുറിയിലാക്കിയതിൽ സങ്കടമുണ്ട്.
'അടുത്ത പ്രാവശ്യം ഇതേദിവസം പതിനായിരക്കണക്കിനുപേർ ഒത്തുകൂടുന്ന വേദിയിൽ ആഘോഷിക്കണം', പലതവണ വേടൻ ആവർത്തിച്ചു. പ്രവർത്തകരുടെ ആവശ്യപ്രകാരം പൊയ്കയിൽ അപ്പച്ചന്റെ കവിതയിലെ ഏതാനും വരികൾ ആലപിച്ചു, സദസ്സിലുള്ളവരെ കൂടെപ്പാടിച്ചു. ‘കടലമ്മ’ കൂടി പാടിയാണ് മടങ്ങിയത്. അതിഥിയായല്ല, കുടുംബാംഗത്തെപ്പോലെയായിരുന്നു അവരെല്ലാം വേടനെ കണ്ടതും.
ദളിത്-ആദിവാസി വിഭാഗങ്ങൾ ഒത്തൊരുമിച്ച്നിന്ന് രാഷ്ട്രീയശക്തിയാവണം -വേടൻ
കോവളം: സാഹോദര്യമില്ലായ്മയാണ് ദളിത്-ആദിവാസി സമൂഹം ഇന്നു നേരിടുന്ന ദുരവസ്ഥയ്ക്കു കാരണമെന്നും എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് വലിയൊരു രാഷ്ട്രീയശക്തിയാവുന്ന കാലം വരുമെന്ന പ്രതീക്ഷയിലാണ് താനെന്നും റാപ്പർ വേടൻ.
വെങ്ങാനൂരിലെ പാഞ്ചജന്യം സ്മൃതിമണ്ഡപത്തിൽ സാധുജനപരിപാലനസംഘം നടത്തിയ അയ്യങ്കാളി അനുസ്മരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വേടൻ. ‘ബാബാ സാഹിബ് അംബേദ്കറെയും അയ്യങ്കാളിയെയും പോലുള്ള നവോത്ഥാന നായകർ വെട്ടിത്തെളിച്ച പാതിയിലൂടെയാണ് ഞാനുൾപ്പെടെയുള്ളവർ നടക്കുന്നത്. നമുക്കിടയിലെ സാഹോദര്യമില്ലായ്മ ഇവിടെയുള്ള സനാതനധർമ്മവാദികൾ നമുക്കെതിരേ വടിയായി ഉപയോഗിക്കുന്നുണ്ട്.
വിപ്ലവകാരിയായ അയ്യങ്കാളിയെ മഹാത്മാവ് എന്ന സംസ്കൃതപദംകൊണ്ട് അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അയ്യങ്കാളിയെ മഹാവീരൻ എന്നു വിളിക്കാനാണ് ആഗ്രഹിക്കുന്നത്’- വേടൻ പറഞ്ഞു.
Content Highlights: Vedan, at Ayyankali death anniversary, refused to wear a 'Thalappavu' offered by organizers
Published: 19 Jun 2025, 11:05 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented