കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ റാപ്പര്‍ വേടനെതിരെ (ഹിരണ്‍ദാസ് മുരളി) കുറ്റപത്രം സമര്‍പ്പിച്ചു. കാക്കനാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. വനിതാ ഡോക്ടറുടെ പരാതിയിലാണ് നടപടി. വേടനെതിരെ വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനത്തിന് തെളിവുണ്ടെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്.

To advertise here,

വേടന്റെ മൊഴിയിലും യുവതിയുമായുള്ള ബന്ധം നിഷേധിച്ചിട്ടില്ല. എന്നാല്‍ വിവാഹ വാഗ്ദാനം നല്‍കിയിട്ടില്ല എന്നാണ് വേടന്റെ വാദം. ഇതും കുറ്റപത്രത്തിനൊപ്പം വേടന്റെ മൊഴിയായി ചേര്‍ത്തിട്ടുണ്ട്. വേടന്റെ മൊഴി ഇങ്ങനെയാണെങ്കിലും ബലാത്സംഗക്കുറ്റം നിലനില്‍ക്കും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മുന്നോട്ടു പോകുന്നത്.

Also Read: 'പുതിയപാട്ട് നാളെ ഇറങ്ങും, എല്ലാവരും കേട്ട് അഭിപ്രായം പറയണേ'; തെളിവെടുപ്പിനിടെ വേടൻ | വീഡിയോ

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരമാണ് കേസ്. 2023 മുതല്‍ 25 വരെയുള്ള കാലയളവില്‍ പീഡനം നടന്നുവെന്നാണ് പരാതി. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനമാണ് നടന്നതെന്ന പരാതിക്കാരിയുടെ ഉറച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ കുറ്റപത്രം. വേടനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ എല്ലാ തെളിവുകളും ഉണ്ട് എന്നാണ് പോലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇനി കോടതി ഇത് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കൈമാറും. കഴിഞ്ഞ ദിവസം കഞ്ചാവ് കേസിലും വേടനെതിരെ തൃപ്പൂണിത്തുറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.